1. ആരംഭം
എങ്ങനെ തുടങ്ങണം എന്നറിയില്ല. 1969 ഡിസംബര്‍ 4 ന് സാക്ഷാല്‍ ഗുരുവായൂരപ്പന്‍റെ നടയില്‍ വെച്ച് എന്‍റെ ജീവിത സഖി ആയി മാറിയ എന്‍റെ ഞങ്ങളുടെ എല്ലാം എല്ലാമായിരുന്ന മാലതി (ശാന്തമ്മ) എന്നറിയപ്പെട്ട അവള്‍ ഓര്‍മ്മയായിട്ട് മൂന്നു വര്‍ഷം കഴിയുന്നു. അയാള്‍ ഞങ്ങളോടൊപ്പമില്ല എന്ന സത്യം പൂറ്ണമായും ഉള്‍ക്കൊള്ളാന്‍ മനസ്സ് ഇപ്പോഴും ഒരുങ്ങിയിട്ടില്ല ഈ സത്യം ഉള്‍ക്കൊക്കൊ ള്ളാന്‍ ഇനിയും സമയം എടുക്കും. എന്നാലും
ഞാന്‍ അയാളെപ്പറ്റി എഴുതുന്നതിനു ശ്രമിക്കുന്നു. ഏതായാലും അസുഖം കൂടുന്നതിനു മുമ്പ് ഏതാനും ആഴ്ചകള്‍ മുമ്പു വരെ ഞാന്‍ എന്തെഴുതിയാലും അത് ആദ്യം വായിച്ച് വിമര്‍ശിച്ച് തെറ്റ് കണ്ടെത്തിയിരുന്ന അയാള്‍ എഎനിക്ക് മാപ്പു തരുമെന്ന് ഉറപ്പുണ്ട്. മറ്റുള്ളവര്‍ക്ക് അനൌചിത്യം ആണെന്നു തോന്നുന്നുവെ ങ്കില്‍ ക്ഷമിക്കുക.
അയാള്‍ , ശാന്തമ്മ എന്ന് എല്ലാവരും നാട്ടില്‍ വിളിച്ചിരുന്ന മാലതിക്കുട്ടി എന്‍റെ ഒരു അകന്ന അമ്മാവന്‍റെ മകള്‍ ആയിരുന്നു. ഞങ്ങളുടെ കുട്ടനാട്ടിലെ നായര്‍ തറവാടുകളില്‍ മുറപ്പെണ്ണ് എന്നു പറയുന്നത് നേരിട്ടുള്ള അമ്മാവന്‍റെ മകളെ ആയിരുന്നു. ഏതായാലും എന്‍റെ നേരിട്ടുള്ള അമ്മാവന് എന്‍റെ പ്രായത്തിനുചേരുന്ന അങ്ങനെ ഒരു പെണ്‍കുട്ടി ഇല്ലാതിരുന്നത് ഭാഗ്യമായി. അല്ലെങ്കിലും മുറപ്പെണ്ണുമായുള്ള വിവാഹം പല കാരണങ്ങള്‍ കൊണ്ടും ഇപ്പോള്‍ കുറഞ്ഞു വന്നു കൊണ്ടുമിരിക്കുന്നു. ആധുനിക മെഡിക്കല്‍ സയന്സുകാര്‍ നേരിട്ട് രക്തബന്ധമുള്ള ആള്‍ക്കാര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ ജനിതക സംബന്ധമായ അപാകതകള്‍കുട്ടികളില്‍ കൂടുതലാവാന്‍ സാദ്ധ്യതയുണ്ടെന്നും പറയുന്നു.
ഞങ്ങള്‍ മങ്കൊമ്പ് തെക്കെക്കരയില്‍ നിന്ന് സ്കൂളില്‍ പോകുന്നത് കടത്തുവള്ളം കയറി വടക്കേക്കരയില്‍ എത്തി ആയിരുന്നു. ഈ അമ്മാവന്‍റെ വീട് ആറിന്‍റെ അരുകില്‍ കടത്തുകടവിനു തൊട്ടടുത്തായിരുന്നു എങ്കിലും അപൂര്‍വമായേ അവരുടെ വീട്ടില്‍ പോകുമായിരുന്നുള്ളു. ഞങ്ങളുടെ കുടുംബക്ഷേത്രമായ പുല്ലമ്പിലാ ഭഗവതീ ക്ഷേത്രത്തില്‍ പോകുമ്പൊഴൊ മറ്റോ എന്‍റെ പില്‍ക്കാല ശ്രീമതിയെ യാദൃശ്ചികമായി കണ്ടിട്ടുണ്ടാവാം എന്നു മാത്രം. അന്നൊക്കെ ഞങ്ങളുടെയൊക്കെ തറവാടുകളിലെ മുതിര്‍ന്ന പെണ്‍കുട്ടികള്‍ ആണ്കുട്ടികളുമായി മാത്രമല്ല സ്വന്തം സഹോദരന്‍മാരോട് പോലും തനിച്ച് സംസാരിക്കാന്‍ അനുവദിക്കാറില്ല.മരുമക്കത്തായം നിലവിലിരുന്ന അക്കാലത്ത് സ്വത്തവകാശം പെണ്ണുങ്ങള്‍ക്കായിരുന്നു എങ്കിലും തറവാട്ടിലെ ഭരണം വഹിച്ചിരുന്ന കാരണവരോട് (അമ്മാവന്‍) സ്വന്തം മൂത്തസഹോദരിപോലും നേരേ നിന്ന് സംസാരിക്കുമായിരുന്നില്ല. നിയമപരമായി സ്വത്തവകാശം സ്ത്രീകള്‍ക്കായിരുന്നു എങ്കിലും വസ്തുവകകള്‍ നോക്കി നടത്തുന്നത് പുരുഷന്മാര്‍ തന്നെ ആയിരുന്നു.
ശ്രീമതിയുടെ വീട്ടിലെ ഭരണം മുഴുവന്‍ അവരുടെ അച്ഛന്‍റെ അമ്മ , അമ്മുമ്മയുടെ നിയന്ത്രണത്തില്‍ ആയിരുന്നു. അപ്പുപ്പന്‍ മങ്കൊമ്പ് ക്ഷേത്രത്തിലെ പൂജാരി ആയിരുന്ന നമ്പൂതിരിയും. അദ്ദേഹം സ്വന്തം ജാതിയില്‍ നിന്നു വിവാഹം കഴിക്കാതെ (വേളി) അമ്മുമ്മയെ മാത്രമേ വിവാഹം കഴിച്ചിരുന്നുള്ളു. ആ അമ്മുമ്മയായിരുന്നു ശ്രീമതിയെ ഒരു വീട്ടമ്മയാകാന്‍ ഉള്ള ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്തിരുന്നത്. അമ്മാവന് കൃഷിയും സ്കൂളിലെ ജോലിയും ആയി എപ്പോഴും തിരക്ക്, അമ്മായി ദൂരെ കാവാലം ചെറുകരയിലെ ഒരു സ്കൂളില്‍ അദ്ധ്യാപികയും ആയിരുന്നതു കൊണ്ട് വീട്ടുകാര്യങ്ങളില്‍ അധികം ശ്രദ്ധിക്കാനും സമയം ഉണ്ടായിരുന്നില്ല.
അമ്മാവന്‍ വീട്ടിലെ പശുവിന്‍റെ തൊഴുത്ത് വൃത്തിയാക്കലില്‍ തുടങ്ങി പശുവിന് പുല്ലു ചെത്തി കഴുകി വെക്കുക വരെ എല്ലാം കഴിഞ്ഞ് 930 നു വീട്ടില്‍ നിന്നിറങ്ങി 10 മണിക്കു മുമ്പ് സ്കൂളില്‍ എത്തും. 4 മണിക്ക് സ്കൂളില്‍ നിന്നു വരുന്ന വഴി പാടത്ത് പണിയുന്ന പണിക്കാരെയും മറ്റും ശ്രദ്ധിച്ചതിനുശേഷം വീട്ടില്‍ എത്തുമായിരുന്നു. അമ്മാവി രാവിലെ 7 മണിയുടെ കോട്ടയം ബോട്ടില്‍ സ്കൂളിലേക്ക് പുറപ്പെടും. സ്കൂള്‍ കഴിഞ്ഞു തിരിച്ചെത്തുമ്പോഴും രാത്രി 7 മണികഴിയും. ഏതായാലും അമ്മുമ്മയുടെ ശിക്ഷണത്തിന്‍റെ ഗുണം എനിക്കും എന്‍റെ കുഞ്ഞുങ്ങള്‍ക്കും പില്‍ക്കാലത്ത് വളരെ പ്രയോജനപ്പെട്ടു.
എനിക്ക് അമ്മുമ്മയുമായി നേരിട്ട് ഇടപെട്ട ഒരു ഓര്‍മ്മ സ്കൂളില്‍ നിന്നു വരുന്ന വഴി അവരുടെ വീട്ടിന്‍റെ പുറകിലെ മാവില്‍ നിന്നു വീഴുന്ന മാമ്പഴം വേലിക്ക് ഇടയുണ്ടാക്കി കടന്ന് എടുക്കാന്‍ ഒരു ദിവസം ശ്രമിച്ചപ്പോള്‍ അമ്മുമ്മ പിടിച്ചു നിര്‍ത്തി ശകാരിച്ചുകൊണ്ട് ചോദിച്ചു “ ചെക്കാ നീ എവിടത്തെയാടാ“ ഞാന്‍ പറഞ്ഞു പാട്ടത്തിലെ മീനാക്ഷിയുടെ മകന്‍ ആണ്” , “ ശരി എങ്കില്‍ പൊക്കോ, ഇനി വേലി പൊളിച്ച് കേറരുത്” എന്നു പറഞ്ഞു അമ്മയോടുള്ള സ്നേഹ ബഹുമാനം മുതലാക്കി തല്‍ക്കാലം രക്ഷപെട്ടത് മാത്രമാണ്.
Comments
Post a Comment