9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്
റീജിയണല്‍
എഞ്ചിനീയറിങ്ങ് കോളേജ് പ്രവര്‍ത്തനം
തുടങ്ങിയ ചാത്തമംഗലം പല കാരണങ്ങള്‍
കൊണ്ടും ഒരു ചത്ത
മംഗലം ആയിരുന്നു. ക്യാമ്പസിനു പുറത്ത്
താമസിക്കാന്‍ കൊള്ളാവുന്ന വീടുകള്‍
കുറവായിരുന്നു. പല വീടുകളിലും
വെള്ളം ഉണ്ടെങ്കില്‍ കക്കൂസും
മറ്റു സൌകര്യങ്ങളും
പരിമിതമായിരുന്നു. അതുകൊണ്ട് നവ വധുവിനെയും
കൊണ്ട് പരിചയമില്ലാത്ത സ്ഥലത്ത്
പുറത്തു താമസിക്കാന്‍
ബുദ്ധിമുട്ടായിരുന്നു.
ആര്‍.ഈ.സി. 1961 ല്‍ പ്രവര്‍ത്തനം
തുടങ്ങിയെങ്കിലും 1969 ലും അദ്ധ്യാപകര്‍ മിക്കവരും ചെറുപ്പക്കാരും അവിവാഹിതരും
ആയിരുന്നു. അന്നുണ്ടായിരുന്ന പല ക്വാര്‍ട്ടെര്‍സുകളിലും അവിവാഹിതരായ
അദ്ധ്യാപകര്‍ മൂന്നും നാലും പേര്‍ പങ്കുവെച്ചു
താമസിക്കുകയായിരുന്നു. അടുത്തകാലത്തു
വിവാഹിതരായ ചിലര്‍ ഗര്‍ഭിണികളായ
ഭാര്യയെ വീട്ടിലേക്ക് അയക്കുമ്പോള്‍
അവരുടെ ക്വാര്‍ട്ടെര്‍സ്
ഏതാനും മാസത്തേക്ക് കിട്ടാന്‍ സാദ്ധ്യത
ഉണ്ടാവുമെന്ന് ആരോ പറഞ്ഞു.
അങ്ങനെ ആരെങ്കിലും ഉണ്ടോ
എന്നന്വേഷിച്ചു. ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്‍റില്‍ ആരുമില്ലായിരുന്നു. മെക്കാനിക്കല്‍ ഡിപ്പാര്‍ട്ടുമെന്‍റിലെ കെ.പി.സാം
എന്ന അദ്ധ്യാപകന്‍റെ ഭാര്യ അധികം
താമസിക്കാതെ പ്രസവത്തിനു പോകുമെന്ന്
അറിഞ്ഞു. അദ്ദേഹത്തിനു താമസിക്കാന്‍ ഒരു മുറി
എങ്ങനെയോ ഒപ്പിച്ചു കൊടുത്തു.
അദ്ദേഹം സ്നേഹപൂര്‍വം ഞങ്ങള്‍ക്ക് ക്വാര്‍ട്ടെര്‍സ് വിട്ടു തന്നു.
അദ്ദേഹത്തിന്‍റെ വീട്ടു സാമാനങ്ങള്‍
ഒരു മുറിയിലാക്കി വേറേയുള്ള കിടപ്പുമുറിയും അടുക്കളയും സ്വീകരണമുറിയും
ഞങ്ങള്‍ക്ക് വിട്ടു തന്നു. ചെറുതെങ്കിലും
നല്ല ക്വാര്‍ട്ടെര്‍സ് ആയിരുന്നു
അതു. F ടൈപ്പ്
ഇരട്ട ക്വാര്‍ട്ടേര്‍സ് ആയിരുന്നു
അത്.
അത്യാവശ്യമായ ഫര്‍ണിചര്‍, ഒരു കട്ടില്‍ ,
നാലുപ്ലാസ്റ്റിക് ചെയറും
ടീപ്പോയിയും നഗരത്തില്‍ പോയി വാങ്ങി. ഭക്ഷണം
പാചകം ചെയ്യാനുള്ള പാത്രങ്ങള്‍ മണ്ണെണ്ണ സ്റ്റവ്വ് എന്നിവ ഗസ്റ്റ് ഹൌസ് സ്റ്റാഫ് ആയിരുന്ന
ഗോവിന്ദമാരാരെയും കൂട്ടി വാങ്ങി
ഔപചാരികമായി ഗൃഹസ്ഥാശ്രമ
ജീവിതം തുടങ്ങി. തൊട്ടടുത്ത ക്വാര്‍ട്ടെര്‍സില്‍ താമസമായിരുന്ന ഇലക്റ്റ്രിക്കല്‍ എഞ്ചിനീയര്‍ പത്മനാഭന്‍റെ
ഭാര്യ ഉഷ നമ്മുടെ
ശ്രീമതിക്കു ആവശ്യമായ കാര്യങ്ങള്‍
പറഞ്ഞു കൊടുക്കാന്‍ സദാ
സന്നദ്ധയായിരുന്നു. സാം സാറിന്‍റെ ഭാര്യ പ്രസവം കഴിഞ്ഞ് തിരിച്ചു വരുമ്പോഴത്തേക്ക് മദ്ധ്യവേനല്‍
അവധിയാകുമല്ലോ എന്നു കണക്കാക്കി നീണ്ട
അവധി കിട്ടുന്നതു വരെ പിടിച്ചു
നിന്നു.
Comments
Post a Comment