10. മധുവിധുകാലവും കുടുംബവഴിയും
എനിക്ക് ആര്‍.ഈ.സി.യില്‍ ആദ്യം തന്നെ പഠിപ്പിക്കാന്‍ കിട്ടിയ ചില വിഷയങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളവയായിരുന്നു. ടി.കെ.എമ്മില്‍ ഒരു വര്‍ഷം പഠിപ്പിച്ചിരുന്ന മുന്‍ പരിചയം കണക്കാക്കിയായിരുന്നു എന്നു തോന്നുന്നു. എന്‍റെ കൂടെ ജോലിയില്‍ പ്രവേശിച്ച മറ്റുള്ളവര്‍ക്ക് മിക്കവര്‍ക്കും ലബൊറട്ടറി ക്ലാസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ലെക്ചര്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല.
ഞാന്‍ വിവാഹം കഴിച്ചു ശ്രീമതിയുമായി ക്യാമ്പസ്സില്‍ വന്ന ആദ്യ നാളുകളില്‍ ഞാന്‍
പഠിപ്പിച്ചു കൊണ്ടിരുന്നത് മെക്കാനിക്കല്‍ ബ്രാഞ്ചിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള
ഒരു ഇലക്ടീവ് വിഷയം ആയിരുന്നു, ഇന്സ്ട്രമെന്റ്റേഷന്‍ & സെര്‍വോമെക്കാനിസം എന്ന പേരില്‍. കുട്ടികള്‍ കുറച്ചു പേരെ
ഉണ്ടായിരുന്നുള്ളൂ എങ്കിലും വിഷയം ഞാന്‍ പഠിച്ചതായിരുന്നില്ല. കണ്ട്രോള്‍ സിസ്റ്റം
തന്നെ കഷ്ടിച്ചു പഠിച്ചു എന്നെ പറയാനാവൂ. ബി.എസ്.സി,എഞ്ചിനീയറിങ്ങിന്
അവസാന വര്‍ഷം ഇന്ഡസ്ത്രിയല്‍
ഇല്കട്രോണിക്സ് & കണ്ട്രോള്‍ സിസ്റ്റം എന്ന് ഒരു വിഷയം
ഉണ്ടായിരുന്നു. പക്ഷെ ടി.കെ.എമ്മില്‍ ആ വിഷയം ഞങ്ങളെ പഠിപ്പിച്ചത് ബംഗാളില്‍
നിന്നു വന്ന ഒരു മുഖര്‍ജി ആയിരുന്നു. അദ്ദേഹം ഇലക്ട്രോണിക്സ്ഭാഗം മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ. തനിയെ പഠിക്കാന്‍
വളരെ വിഷമമുള്ള ഗണിത ശാസ്ത്രവുമായി വളരെയധികം
ബന്ധപ്പെട്ടിരിക്കുന്ന കണ്ട്റോള്‍ സിസ്റ്റം ഞങ്ങള്‍ വളരെ ബുദ്ധിമുട്ടി കഷ്ടിച്ച് അവസാന വര്‍ഷപരീക്ഷക്ക് എങ്ങനെയെങ്കിലും ഒഴിവാക്കാന്‍
പറ്റാത്ത രണ്ടു ചോദ്യത്തിനെങ്കിലും ഉത്തരം എഴുതാന്‍ മാത്രമേ പഠിച്ചിരുന്നുള്ളൂ.
അതുകൊണ്ടു കുട്ടികളെ ഈ വിഷയം പഠിപ്പിക്കാന്‍ ഓരോ ദിവസവും ഒരു മണിക്കൂര്‍
ക്ലാസെടുക്കാന്‍ മൂന്നു മണിക്കൂര്‍ വരെ രാത്രിയില്‍ തയ്യാറെടുപ്പും
നോട്ടെഴുതലുമൊക്കെ വേണ്ടി വന്നു.
ലൈബ്രറിയില്‍ നിന്നെടുത്ത അഞ്ചും ആറും പുസ്തകങ്ങള്‍ ഒരോന്നായി
വായിച്ചു സ്വന്തമായി നോട്ടെഴുതുക ശ്രമകരമായിരുന്നു. എന്നാലും പുതിയ വിഷയം
പഠിക്കാനുള്ള ആഗ്രഹത്തില്‍ അത് ചെയ്തു വന്നു. പോരാഞ്ഞു എന്റെ അദ്ധ്യാപന
ജീവിതത്തില്‍ ക്ലാസെടുക്കുന്നുതിനു മുമ്പ് വിശദമായ നോട്ടെഴുതി വക്കുക എന്നത് ആദ്യം
മുതലേ ഉള്ള ശീലമായിരുന്നു. ഒരു കോര്‍സിനു ഞാന്‍ തയാറാക്കിയ നോട്ടുകള്‍ 200 പേജുള്ള രണ്ടോ
മൂന്നോ ബുക്കുകള്‍ വരെ ഉണ്ടാകും. ആദ്യമാദ്യം ചിലസമയത്തു ക്ലാസ്സില്‍ വച്ച് ഈ
നോട്ടുകള്‍ വായിക്കുകയോ നോക്കുകയോ ചെയ്യുമായിരുന്നു. പിന്നെ പിന്നെ ഈ ബുക്കുകള്‍
മാജിക്കുകാരന്റെ മാന്ത്രികവടി പോലെ മേശപ്പുറത്തിരിക്കും അത്യാവശ്യം വന്നാല്‍
മാത്രം തുറന്നു നോക്കും എന്ന് മാത്രം. ഇതേ വിഷയം പിന്നീട് കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ ഈ
നോട്ടുകള്‍ അടിസ്ഥാനമാക്കി കൂടുതല്‍
വിവരങ്ങള്‍ മാര്‍ജിനില്‍ മറ്റും
എഴുതി ചേര്‍ക്കുമായിരുന്നു. ദോഷം
പറയരുത്, ഈ ശീലം എനിക്ക് അടുത്തൂണ്‍ പറ്റുന്നതു വരെ
ഉണ്ടായിരുന്നു. ടെക്സ്റ്റു പുസ്തകവുമായി അല്ലെങ്കില്‍ കയ്യും വീശി ഞാന്‍ ക്ലാസില്‍
ഒരിക്കലും പോകാറില്ലായിരുന്നു. ചില ശീലങ്ങള്‍ മാറ്റാന്‍ വിഷമമാണല്ലോ. ഇപ്പോഴും
പത്തു മിനുട്ട് ഒരു ഉദ്ഘാടനപ്രസംഗം ആണെങ്കിലും പറയാനുള്ളത് ഒന്നെഴുതി വച്ചത് എന്റെ
പോക്കറ്റില്‍ ഉണ്ടാവും. അത് ആത്മവിശ്വാസത്തിനു ആവശ്യമായി തീര്‍ന്നിരിക്കുന്നു.
ഇങ്ങനെ ഞാന്‍ എഴുതി വച്ച നോട്ടുബുക്കുകള്‍ നേരെ ചൊവ്വേ എഡിറ്റു ചെയ്‌താല്‍ പല
വിഷയത്തിനും പുസ്തകങ്ങള്‍ ആക്കാമായിരുന്നു.ചുരുക്കത്തില്‍ മധുവിധു ആഘോഷിക്കാന്‍
കൂടെ വന്ന നവവധു കൂര്‍ക്കം വലിച്ചു നല്ല രണ്ടുറക്കം
കഴിയുമ്പോഴായിരുന്നു ഞാന്‍ ക്ലാസിനുള്ള
തയാറടുപ്പും കഴിഞ്ഞ് ഉറങ്ങാന്‍
കിടന്നിരുന്നത്..
കുടുംബവഴിയിലേക്ക്
ക്യാമ്പസ്സില്‍
താമസസൌകര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു
എങ്കിലും മറ്റുകാര്യങ്ങള്‍ മുറപോലെ
തന്നെ നടക്കുന്നുണ്ടായിരുന്നു. ശ്രീമതി
അധികം താമസിയാതെ തന്നെ
അടുത്തഘട്ടത്തിലേക്ക് കടന്നു. മനം
പുരട്ടലും തല ചുറ്റലുമൊക്കെ ആയി. അന്ന്
ഞങ്ങളുടെ ഏറ്റവും അടുത്തുള്ള
ആശുപത്രി നിര്‍മ്മലാ ആശുപത്രി ആയിരുന്നു.
അവിടെ ഉണ്ടായിരുന്ന
സ്ത്രീരോഗവിദഗ്ദ്ധ ഒരു ഇറ്റാലിയന്‍ സിസ്റ്റര്‍ ( ഡോ. മറിയ
ആല്‍ബെറോണീ ) ആയിരുന്നു അയാളെ പരിശോധിച്ചത്. കുഴപ്പമൊന്നുമില്ല. ജാര്‍ഡിയ എന്ന ഒരു വിരശല്യം ഉണ്ട്
എന്നു മാത്രം പറഞ്ഞു. ഈ സാധനം എവിടെ
നിന്നു കിട്ടി എന്നറിയാന്‍
കഴിഞ്ഞില്ലെങ്കിലും മരുന്നു
കൊടുത്തു. പിന്നെ സാധാരണ ഗര്‍ഭകാല
ടോണിക്കും ഇരുമ്പ് ഗുളികയും മാത്രം
കൊടുക്കാന്‍ പറഞ്ഞു. ഇരുമ്പ് ഗുളിക
ശ്രീമതിക്ക് അത്ര സ്വീകാര്യം
അല്ലായിരുന്നു എങ്കിലും
മനസ്സില്ലാമനസ്സോടെ എങ്കിലും ഗര്‍ഭത്തില്‍
ഉള്ള കുഞ്ഞിനെ ഓര്‍ത്ത്
അതെല്ലാം കഴിച്ചു. പക്ഷേ ച്ഛര്‍ദ്ദിയും മറ്റു ബുദ്ധിമുട്ടുകളും കൊണ്ട്
കക്ഷി നല്ലതുപോലെ
ക്ഷീണിച്ചിരുന്നു. മദ്ധ്യവേനല്‍ അവധി
ആയപ്പൊള്‍ വീട്ടിലേക്കു പോന്നു. ഞാന്‍
അദ്ധ്യയന വര്‍ഷം പകുതി
ആയ സെപ്റ്റംബറില്‍ മാത്രം
ജോലിക്ക് ചേര്‍ന്നതു കൊണ്ട് എല്ലാവര്‍ക്കും
ഉള്ള രണ്ടു മാസം വെക്കേഷനില്‍ ഒരു മാസം
മാത്രമേ എനിക്ക് അര്‍ഹമായിരുന്നുള്ളു. ഒരു മാസം
അവധി വീട്ടില്‍ കഴിഞ്ഞു. ബാക്കി
സമയം തിങ്കള്‍ മുതല്‍
വെള്ളി വരെ കോളേജിലും വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക്
തിരിക്കും. ഞായറാഴ്ച രാത്രി ആലപ്പുഴയില്‍
നിന്നും അപൂര്‍വം കണ്ണൂര്‍ ഡീലക്സിലും അതു കിട്ടിയില്ലെങ്കില്‍ ഫാസ്റ്റ്
പാസഞ്ചര്‍ ബസ്സിലും രാവിലെ കോളേജില്‍
എത്തിയിരുന്നു.
മദ്ധ്യവേനല്‍ അവധിക്കു ശ്രീമതിയെ വീട്ടിലാക്കിയെങ്കിലും ജുണില്‍ പുതിയ
അദ്ധ്യയനവര്‍ഷം ആരംഭിച്ചപ്പോള്‍ തിരിച്ചു ക്യാമ്പസ്സില്‍
എങ്ങനെ വരും എന്നായി. സാം സാറിന്റെ പത്നി തിരിച്ചുവരുമ്പോള്‍ വീടൊഴിഞ്ഞു കൊടുക്കണമല്ലോ എന്നു ചിന്തിച്ച് എങ്ങനെയെങ്കിലും ആഗസ്റ്റ് വരെ
കഴിയാന്‍ അടുത്തയിടം അന്വേഷിച്ചു തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് ഏതാനും F ടൈപ്പ് ക്വാറ്ട്ടറുകള്‍ ഒഴിവു വന്നത്. അതിലൊന്നു ഭാഗ്യവശാല്‍ ഞങ്ങള്‍ക്കും
കിട്ടി. സാം സാറിന്റെ ക്വാര്‍ട്ടേര്‍സിനടുത്തു തന്നെ. ഞങ്ങളുടെ സ്റ്റാഫ് നര്‍സായിരുന്ന
ശ്രീമതി ഗൌരി പൊതുവാളിന്റെ തൊട്ടടുത്ത
വീട് തന്നെ. അങ്ങനെ ആര്‍.ഈ.സി ക്യാമ്പസ്സില്‍ സ്വന്തമായി ഒരു താമസസ്ഥലം കിട്ടി.
ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടു അത്യാവശ്യം വേണ്ട ബാക്കി ഫര്‍ണിച്ചറും മറ്റും വാങ്ങി താമസം
ഉറപ്പിച്ചു..
Comments
Post a Comment