11 . ആദ്യത്തെ കണ്മണി
ശ്രീമതിയുടെ പ്രസവം നാട്ടില്‍ തന്നെ ആവണം എന്നാണു മുതിര്‍ന്നവരുടെയെല്ലാം അഭിപ്രായം. എട്ടും പൊട്ടും തിരിയാത്ത പയ്യനായ(?) എന്നെ ഏല്‍പ്പിക്കാന് വയ്യ. പക്ഷെ ഞങ്ങളുടെ നാട്ടില്‍ അന്ന് വാഹനസൗകര്യം കുറവാണ്, അടിയന്തിരമായി ഒരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വിഷമമാണ്. നല്ല ആശുപത്രികള്‍ കോട്ടയത്തോ ആലപ്പുഴയിലോ മാത്രമേ ഉള്ളൂ. ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ ആലപ്പുഴയ്ക്ക് പോകുമ്പോള്‍ നെടുമുടിയിലും പള്ളാത്തുരുത്തിയിലും രണ്ടു കടത്തു കടക്കണം. ചങ്ങനാശ്ശേരിക്കു കിടങ്ങറയിലെ ഒരു കടത്തു കയറിയാല്‍ മതി. കൂടുതല്‍ സൗകര്യം കോട്ടയം ആയി തോന്നി. ശ്രീമതി കുറച്ചുനാള്‍ റബര്‍ ബോര്‍ഡില്‍ ജോലി ചെയ്തതും കോട്ടയത്തു തന്നെ. അന്ന് കോട്ടയത്ത് താമസമായിരുന്ന ഞങ്ങളുടെ പില്‍ക്കാല ജാമാതാവിന്‍റെ മാതാപിതാക്കള്‍ രണ്ടു പേരുടെയും ( എന്റെ ഒരു കസിനും ഭര്‍ത്താവും ) സഹായ സഹകരണങ്ങളും ലഭ്യമായിരുന്നു. കോട്ടയത്ത് അറിയപ്പെടുന്ന രണ്ടു പ്രായമായ സ്ത്രീരോഗ വിദഗ്ദ്ധകള്‍ ( ഡോ ആനി ജോസെഫും സുഹൃത്തും) നടത്തുന്ന ഒരു നര്‍സിംഗ് ഹോം ഉണ്ട് എന്നറിഞ്ഞു. കോട്ടയം നഗരത്തിന്റെ മദ്ധ്യത്തില്‍ തന്നെ പഴയ രാജ് മഹല്‍ സിനിമ കൊട്ടകയ്ക്ക് നേരെ എതിര്‍വശം ആയിരുന്നു ആ ആശുപത്രി. പഴയ നാലുകെട്ടു പോലെ ഒരു കെട്ടിടം. ( ഇന്ന് നിലവിലില്ല) വലിയ സൌകര്യങ്ങള്‍ ഒന്നുമില്ല, എന്നാലും ഡോക്ടര്‍മാര്‍ നല്ല കൈപ്പുണ്യം ഉള്ളവര്‍. അവധി സമയത്ത് ഒരു ദിവസം അവരെ കാണാന്‍ പോയിരുന്നു . സമയം ആകുമ്പോള്‍ വന്നു കൊള്ളൂ എന്ന് പറഞ്ഞു വിട്ടു.
അങ്ങനെ സെപ്തംബര്‍ മാസം പകുതിയായപ്പോള്‍ കോഴിക്കോട്ടു
നിന്ന് കോട്ടയത്തു ട്രെയിനില്‍ ഇറങ്ങി ഡോക്ടറെ കാണാന്‍ ചെന്നു. പരിശോധിച്ച ശേഷം
വീട്ടില്‍ പോയി എത്രയും വേഗം അത്യാവശ്യസാധനങ്ങള്‍ എടുത്തു കൊണ്ടു പോരെ എന്ന്
പറഞ്ഞു. കോട്ടയത്ത് നിന്ന് ബോട്ടില്‍ മങ്കൊമ്പില്‍ എത്തി അടുത്ത ദിവസം സെപ്തംബര്‍ 20 നോ മറ്റോ ആശുപത്രിയില്‍ അഡ്മിറ്റ്
ആയി. ഞാന്‍ ഒന്ന് രണ്ടു ദിവസം അവധി എടുത്തു, പക്ഷെ മൂന്നു നാലുദിവസം ആയിട്ടും
ഒന്നും സംഭവിക്കുന്നില്ല. ശ്രീമതിയെ സഹായിക്കാന്‍ കൂടെയുള്ള ഒരു സ്ത്രീയും പുറത്തു
ഞാനും. എനിക്ക് അവധി കുറവായത് കൊണ്ടു ഞാന്‍ തിരിച്ചു കോഴിക്കോട്ടേക്ക് പോരാന്‍
തുടങ്ങി, ശ്രീമതിയുടെ അച്ഛനും അമ്മയും അദ്ധ്യാപകരായതു കൊണ്ടു
എന്റെ അച്ഛനെ ചുമതല ഏല്‍പ്പിച്ചു ഞാന്‍ കോഴിക്കോട്ടേക്ക് പോന്നു.
നാലഞ്ചു ദിവസം കഴിഞ്ഞു ഏതോ ഒരു കേന്ദ്രമന്ത്രി മരിച്ച
അവധി കിട്ടിയപ്പോള്‍ കോട്ടയത്തേക്ക് പുറപ്പെട്ടു. രാവിലെ നാലര മണിക്ക് മലബാര്‍
എക്സ്പ്രെസ്സില്‍ കോട്ടയത്തെത്തി. നേരെ ആശുപത്രിയിലെത്തി. അവിടെ ചെന്നപ്പോള്‍
എന്റെ അച്ഛന്‍ രാവിലെ കുളിയൊക്കെ കഴിഞ്ഞു തിരുനക്കര ക്ഷേത്രത്തില്‍ തൊഴുതു വന്ന
ശേഷം എനിക്ക് കമ്പിയടിക്കാന്‍ പോസ്റ്റ് ആഫീസിലേക്ക് പോകാന്‍ തുടങ്ങുന്നു.
സെപ്തംബര്‍ 29 രാത്രിയില്‍
ശ്രീമതി ഒരു പെണ്‍ കുഞ്ഞിനു ജന്മം നല്കി. പ്രസവവേദന നീണ്ടു പോയിരുന്നു, ഗര്‍ഭാശയ
ദ്രവം (amniotic
fluid) നഷ്ടപ്പെട്ട ശേഷം കുട്ടിക്ക് തലച്ചോറിനു ക്ഷതം പറ്റാതെ കുട്ടിയെ
പുറത്തെടുക്കാന്‍ മാര്‍ഗം അന്വേഷിക്കുകയായിരുന്നു. അന്ന് ഇന്നത്തെപ്പോലെ സീസറിന്റെ
ശസ്ത്രക്രിയ ഇല്ലാതിരുന്നതുകൊണ്ട് കുട്ടിയെ എടുക്കാന്‍ ചവണ (forceps) വെള്ളത്തിലിട്ടു തിളപ്പിച്ചു ശരിയാക്കി വന്നപ്പോള്‍
കുഞ്ഞുമോള്‍ കൂടുതല്‍ കാത്തിരിപ്പിക്കാതെ പുറത്തേക്കു പോന്നു. ഞാന്‍ കണ്ടപ്പോള്‍
രാവിലെ പൊന്നും തേനും അരച്ചതു കുടിച്ചു സുഖമായി ഉറങ്ങുകയായിരുന്നു കക്ഷി.
കുഞ്ഞിന്റെ ഉറക്കത്തില്‍ മുകളിലത്തെ ചിറി അകത്തോട്ടു വലിച്ചുകൊണ്ടുള്ള നുണയല്‍
ഇപ്പോഴും ഓര്‍ക്കുന്നു. നാലാം ദിവസം തന്നെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കു
പോന്നു. 28ആം ദിവസം അവള്‍ക്ക്
മിനിയെന്നു പേരും ഇട്ടു. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ കണ്മണി ഭൂജാതയായി.
.
.
Comments
Post a Comment