15. കുഞ്ഞുമോളുമായി ക്യാമ്പസ്സിലെ ജീവിതം
ശ്രീമതിയുടെ പ്രസവ ശുശ്രൂഷയും മറ്റും കഴിഞ്ഞ ഒരു ലക്കത്തില്‍ പറഞ്ഞുവല്ലോ. ആദ്യത്തെ കണ്മണിയും ശ്രീമതിയുമായി ആര്‍.ഈ.സി.ക്യാമ്പസ്സില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും കൂടാതെ കഴിഞ്ഞു പോയി. കുഞ്ഞു തികച്ചും ഒരു അമുല്‍ ബേബി ആയിരുന്നു, കാരണം അമുലിന്റെ പാല്‍പ്പൊടി തന്നെ അയാളുടെ പ്രധാന ആഹാരം. നല്ല ഫോട്ടോജെനിക് ആയ മുഖം. തന്റെ ഉണ്ടവയറും താങ്ങി ഉള്ള പല്ലു മുഴുവന്‍ പുറത്തിട്ടു ആരെക്കണ്ടാലും ചിരിക്കും. പിന്നെ എന്റെ കൂടെ ചിലപ്പോള്‍ ക്ലബ്ബില്‍ കൊണ്ടുപോകുന്നതു കൊണ്ടു പലര്‍ക്കും അവളെ പരിചയമായി അവരില്‍ പലരും അവളെ ഓമനിക്കാനും തുടങ്ങി.
ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റില്‍ ഞങ്ങളുടെ അടുത്ത വര്‍ഷം
ജോലിയില്‍ ചേര്‍ന്ന ടി.എല്‍. ജോസ്, എ.രാമലിംഗം, എം.എസ്.ഐസക്,
കെ.എ.ജോസഫ് എന്നിവരെല്ലാവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു.
രാമലിംഗം അയാളുടെ സ്വന്തം ക്യാമെറായില്‍ മോളുടെ കുറെ ഫോട്ടോ എടുത്തു തന്നു,
അമ്മയുടെയും എന്റെയും ഉള്‍പ്പെടെ. അന്നത്തെ ബ്ലാക്ക് & വൈറ്റ് ഫോട്ടോകള്‍ ചിലതിപ്പോഴും അത്ര മോശമാകാതെ ഉണ്ട്. അവയില്‍ ചിലത്
സ്കാന്‍ ചെയ്തത് ഇതോടോപ്പം കൊടുക്കുന്നു. ഇവരില്‍ രാമലിംഗം എയര്‍ ഇന്ത്യയില്‍
ഗ്രൌണ്ട് എഞ്ചിനീയര്‍ ആയി പോയി. ഐസക് , ജോസഫ് എന്നിവര്‍
ഇലക്ട്രിസിറ്റി ബോര്‍ഡിലും ജുനിയര്‍ എഞ്ചിനീയര്‍മാരായി ചേര്‍ന്നു. ടി.എല്‍. ജോസ് ദീര്‍ഘകാലം
ആര്‍.ഈ.സി.യില്‍ തന്നെ ജോലി
ചെയ്ത് എന്നെപ്പൊലെ റിട്ടയര്‍
ആയി തൊടുപുഴയില്‍ കഴിയുന്നു.
F ടൈപ് ക്വാര്‍ട്ടേര്‍സിലെ താമസത്തിനിടയ്ക്ക്
അയല്‍ വാസികള്‍ ആയിരുന്നു ഞങ്ങളുടെ തന്നെ ഡിപ്പാര്‍ട്ടുമെന്റിലെ രഘുരാമിറെഡ്ഡിയും
മെക്കാനിക്കലിലെ ഈ.എം. സോമശേഖരന്‍ നായര്‍, ജോര്‍ജ് വര്‍ഗീസ് , മാത്ത്സിലെ ഒ
ടി ജോര്‍ജ്, സുലൈമാന്‍ സാര്‍ എന്നിവര്‍. സുലൈമാന്‍ സാര്‍
ടികെ എമ്മില്‍ നിന്ന് വന്നതായിരുന്നു. അവിടെ വച്ച് എനിക്കു ക്ലാസ് എടുത്തിട്ടില്ല
എങ്കിലും ഞാന്‍ അദ്ദേഹത്തെ ഗുരുതുല്യനായി തന്നെ കണക്കാക്കിയിരുന്നു. റെഡ്ഡിയുടെ
ഭാര്യ രേവതി ശ്രീമതിക്ക് നല്ല കൂട്ടായിരുന്നു, അവരുടെ ക്വാര്‍ട്ടറിനു
തൊട്ടു പുറകില്‍ താമസിച്ചിരുന്ന നര്‍സമ്മയ്ക്ക് തെലുങ്കുഭാഷ കുറേശ്ശെ
അറിയാമായിരുന്നു. തെലുങ്കു അറിയാന്‍ വയ്യെങ്കിലും ശ്രീമതിയും ഇവരുടെ കൂടെ കൂടും.
മദ്ധ്യ വേനല്‍ അവധി വരെ അടിച്ചു പൊളിച്ചു ജീവിച്ചു. കോതമംഗലത്തു നിന്നു വന്ന ഒരു ഫിസിക്കല്‍ എഡ്യുക്കേഷന്‍ അദ്ധ്യാപകന്‍ ജോണ്
ഫിലിപ്പും അന്ന് ഞങ്ങളുടെ അയല്വാസിയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ മോളുടെ അതെ
പ്രായം ആയിരുന്നു. ആരോഗ്യത്തില്‍ അല്‍പ്പം പിന്നോക്കം ആയിരുന്നു ആ കുട്ടി.
ഏപ്രില്‍ മേയ് ആയപ്പോള്‍ പതിവ് പോലെ അമ്മയെയും മോളെയും വീട്ടിലാക്കി
വീണ്ടും സമ്മര്‍ സ്കൂളിനു മദിരാശിയിലേക്ക് പുറപ്പെട്ടു. മൂന്നു സമ്മര്‍ സ്കൂളില്‍
അവസാനത്തെതായിരുന്നു.
മൂന്നാമത്തെ സമ്മര്‍ സ്കൂള്‍ പരീക്ഷകൂടി കഴിഞ്ഞാല്‍ മാത്രമേ എം ടെക്കിനു
ഒരു വര്‍ഷം ലാഭിക്കാന്‍ കഴിയുമോ എന്നറിയൂ. അങ്ങനെ 5000 മീറ്റര്‍ ഓട്ടത്തിന്റെ അവസാന
ലാപ്പ് ഓടുന്നതു പോലെ പരീക്ഷകള്‍ എല്ലാം ഒരു വിധം നന്നായി എഴുതി. അത്ര മോശമല്ലാത്ത
ഗ്രെയ്ഡും കിട്ടി. ഏതായാലും മൂന്നു സമ്മര്‍ ക്ലാസ്സുകളിലെയും പരീക്ഷകളെല്ലാം
വിജയകരമായി പൂര്‍ത്തിയാക്കിയ ആര്‍.ഈ.സി യില്‍ നിന്നും വന്ന ഞങ്ങള്‍ രണ്ടാള്‍ക്കും വെങ്കടരമണിക്കും എനിക്കും നേരിട്ട് രണ്ടാം വര്‍ഷത്തേക്ക്
സെലക്ഷന്‍ കിട്ടി. വെങ്കടരമണി ഇല്കട്രോണിക്സും ഞാന്‍ കണ്ട്രോള്‍ സിസ്റ്റവും
ആയിരുന്നു പ്രത്യേക വിഷയങ്ങളായി തിരഞ്ഞെടുത്തിരുന്നത്. വൈവി എന്ന് ഞങ്ങള്‍ വിളിക്കുന്ന വെങ്കടരമണി ഐ.ഐ.ടി
മദ്രാസില്‍ നിന്ന് തന്നെ ബി.ടെക് കഴിഞ്ഞയാളായിരുന്നു. എനിക്ക് ഡിപ്പാര്‍ട്ടുമെന്റില്‍
വളരെയധികം സഹായിയുമായിരുന്നു അദ്ദേഹം . തമിഴ് നാട്ടുകാരനായിരുന്നു എങ്കിലും എജീസ്
ഓഫീസില്‍ ഉദ്യോഗസ്ഥനായ അച്ഛന്റെ കൂടെ ആറോ ഏഴോ സംസ്ഥാനങ്ങളില്‍ താമസിച്ച
ആളായിരുന്നു. ഞങ്ങള്‍ രണ്ടു പേരും ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി ശമ്പളം ഇല്ലാത്ത
അവധിക്കു അപേക്ഷ കൊടുത്തു. പക്ഷെ എന്റെ അപെക്ഷ ഞാന്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയില്ല
എന്ന കാരണം പറഞ്ഞു നിരസിച്ചു. വൈവിക്കു മാത്രം അവധി അനുവദിച്ചു.
സമ്മര്‍ സ്കൂള്‍ കഴിഞ്ഞു വീണ്ടും ഭാര്യയും മകളുമായി
ക്യാമ്പസില്‍ എത്തി. അതിനിടയില്‍ ശ്രീമതിയുടെ നല്ല സുഹൃത്തായിരുന്ന റെഡ്ഡിയുടെ
ഭാര്യ രേവതി നാട്ടില്‍ വച്ച് ഒരപകടത്തില്‍ (തീപ്പോള്ളലേറ്റ് ) മരണമടഞ്ഞു
എന്നറിഞ്ഞു. അതിനു ശേഷം റെഡ്ഡിയും ജോലി രാജിവെച്ച് തിരുപ്പതി ശ്രീ വെങ്കടേശ്വര
എഞ്ചിനീയറിംഗ് കോളേജില്‍ അദ്ധ്യാപകനായി പോയി. അവിടെ നിന്ന് അദ്ദേഹം ഐ.ഐ.ടി
മദ്രാസില്‍ പി എച് ഡി ക്കു പോകുകയും വേറെ വിവാഹം കഴിച്ചു കുട്ടികളുമായി സുഖമായി
കഴിയുന്നു എന്നും കേട്ടു.


ഞങ്ങളുടെ റീജ്യണല്‍ എഞ്ചിനീയറിങ്ങ് കോളേജ്
ക്യാമ്പസ്സില്‍ ഒരു ചെറിയ സ്റ്റാഫ് ക്ലബ് ഉണ്ടായിരുന്നു. ഞങ്ങള്‍ ജോലിയില്‍
പ്രവേശിച്ച കാലത്ത് ഇത് കോളേജ് കെട്ടിടത്തിലെ ഒരു ക്ലാസ് മുറിയിലായിരുന്നു. അന്നൊക്കെ
ഡിപ്പാര്‍ട്ടുമെന്‍റില്‍ ഞങ്ങള്‍ പുതുതായി വന്നവര്‍ക്ക് ഇരിക്കാന്‍
സൌകര്യം കുറവായിരുന്നതു കൊണ്ട് ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്‍റിനു ഏറ്റവും
അടുത്ത ഒരു ക്ലാസ് റൂമില്‍
ആയിരുന്ന സ്റ്റാഫ് ക്ലബ്ബില്‍ ഞങ്ങളില്‍ ചിലര്‍ പത്രം
മാസിക ഒക്കെ വായിക്കാന്‍ കയറുമായിരുന്നു. ചിലരൊക്കെ ചെസ്സ്
പോലെയുള്ള കളിയും മറ്റും
തുടങ്ങി. ഒരിക്കല്‍ ഞങ്ങളില്‍
ചിലര്‍ വേറൊരു വകുപ്പിലെ രണ്ട്
പേര്‍ ചെസ്സ് കളിക്കുന്നത് നോക്കിയിരിക്കുന്നു എന്നു ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്‍റ് തലവനോട്
പറഞ്ഞു അദ്ദേഹം ഞങ്ങളെ വിളിച്ച് താക്കീത് നല്‍കുകയും ചെയ്തു. സത്യത്തില്‍
കളിച്ചുകൊണ്ടിരുന്നത് പരാതി പറഞ്ഞ അദ്ധ്യാപകന്‍റെ വകുപ്പിലെ
തന്നെ രണ്ടദ്ധ്യാപകര്‍ ആയിരുന്നു, ശകാരം
കേട്ടത് ഞങ്ങളും.
ഏതായാലും അധികം താമസിയാതെ ക്ലബ്
അദ്ധ്യാപകര്‍ താമസിക്കുന്ന വീടുകള്‍ക്കിടയില്‍ ഉള്ള ഒരു പഴയ കെട്ടിടത്തിലേക്ക്
മാറ്റി. ക്യാമ്പസ്സിലെ ചെറിയ കുട്ടികള്‍ക്കുവേണ്ടി ഒരു നര്‍സറി സ്കൂള്‍ ഈ കെട്ടിടത്തിലായിരുന്നു. തുടക്കത്തില്‍
എല്‍.കെ.ജി, യു.കെ.ജി എന്നീ രണ്ടു ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രമേണ
പ്രൈമറി ക്ലാസുകളും തുടങ്ങി, പിന്നീട് അത് അദ്ധ്യാപകരും
കുട്ടികളുടെ രക്ഷിതാക്കളും കൂടി നടത്തുന്ന ഒരു സ്കൂളായി മാറി, സ്പ്രിംഗ് വാലി സ്ക്കൂള്‍ എന്ന പേരില്‍ സി.ബി.എസ്.സി സിലബസ് അനുസരിച്ചുള്ള
സ്കൂള്‍. പകല്‍ സമയത്ത്
സ്കൂള്‍ നടക്കുന്ന കെട്ടിടം
അഞ്ചു മണി കഴിഞ്ഞാല്‍ ഞങ്ങളുടെ
സ്റ്റാഫ് ക്ലബ്ബായി മാറി. സ്റ്റാഫ് ക്ലബ് അന്നും ഇന്നും
വൈകുന്നേരങ്ങളില്‍ ആള്‍ക്കാര്‍ക്ക് കൂട്ടം കൂടാനും സമയം ചിലവാക്കാനും ഒരു
കേന്ദ്രമായി മാറി.
ആദ്യകാലത്ത് പ്രധാനമായും ചീട്ടു, ചെസ്സ്, ക്യാരംസ്
എന്നിവ കളിക്കാനും മാസികകള് വായിക്കാനും ഉള്ള സൌകര്യമാണ് ഉണ്ടായിരുന്നത്. എനിക്ക് ചീട്ടുകളിയില്‍ വലിയ താല്‍പ്പര്യം ഇല്ലായിരുന്നു. വൈകുന്നേരം
കുറച്ചുനേരം ഞാനും ക്ലബ്ബില്‍ പോയിരിക്കു മായിരുന്നു. മാസികകള്‍ മറിച്ചു നോക്കുക, ആരെങ്കിലും കളിക്കുന്നത് നോക്കിയിരിക്കുക
എന്നിവയായിരുന്നു പതിവ്. വൈകുന്നേരം 7 മണിക്കുള്ളില്‍ ഞാന്‍ വീട്ടിലെത്തും. ചില ദിവസം അമ്മ കുഞ്ഞുമോളെ
കുളിപ്പിച്ച് കണ്ണും മറ്റും എഴുതി
സുന്ദരിക്കുട്ടിയാക്കി എന്നെ ഏല്‍പിക്കും. അയാളെയും തോളത്തു വച്ചാണ് അങ്ങനെ ചിലപ്പോള്‍ ക്ലബ്ബില്‍ പോകുക. അവിടെ
ചെല്ലുമ്പോള്‍ അവളെ കളിപ്പിക്കാന്‍ ആള്‍ക്കാര്‍ കൂടും. ചെറുപ്പത്തില്‍ അവള്‍ നല്ല സ്വീറ്റ്
ആയിരുന്നത് കൊണ്ടു എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ജിയോളജിയിലെ ഒരേ ഒരു
അദ്ധ്യാപകനായിരുന്ന ആലപ്പുഴക്കാരന്‍ കൃഷ്ണസ്വാമി സാര്‍ ( കെ.വി.കെ.സാര്‍ ) മോളുടെ
ഇഷ്ടക്കാരനായിരുന്നു. അവള്‍ എന്റെ കയ്യില്‍ ഇരിക്കുമ്പോള്‍ കെവികെ സാര്‍ അവളുടെ
തലയ്ക്കു പുറകില്‍ ചെറുതായി ചൊറിഞ്ഞു കൊടുക്കും. ചൊറിഞ്ഞു കൊടുക്കുന്നതില്‍ സുഖം
പിടിച്ചു മോള്‍ തല സാറിന്റെ വശത്തേക്ക് പ്രെസ്സ് ചെയ്തു കൊടുക്കും. ഇത് സാറിനെ
നല്ല വണ്ണം രസിപ്പിച്ചു. മോള് വഴക്കു കൂട്ടാതെയിരിക്കാന്‍ എനിക്കും സൌകര്യമായി.
സാധാരണ മോളെ കൂട്ടി പോകുമ്പോള്‍ ഞാന്‍ കളിയില്‍ പങ്കെടുക്കാറില്ല, എന്തെങ്കിലും വായിക്കുകയോ മറ്റുള്ളവര്‍ കളിക്കുന്നത് കണ്ടിരിക്കുകയോ
ചെയ്യും, അത്ര തന്നെ. എപ്പോഴാണ് കക്ഷി വീട്ടില്‍ പോകാന്‍
അമ്മയെ കാണാന്‍ വഴക്കുണ്ടാക്കുന്നതെന്നറിയില്ലല്ലോ, അതുകൊണ്ടു.
മോളുകൂടെ ഉണ്ടെങ്കില്‍ ഞാന്‍ വേഗം തിരിച്ചു വരുമല്ലോ എന്നുള്ളത് കൊണ്ടു മിക്കവാറും
മോളെ ശ്രീമതി എന്റെ കൂട്ടത്തില്‍ അയക്കും വൈകുന്നേരം അവര്‍ സ്ത്രീകള്‍ക്കും ചെറിയ
തോതില്‍ കൂട്ടം കൂടാനും സൌഹൃദ സംഭാഷണത്തില്‍
പങ്കെടുക്കാനും അവസരം കിട്ടുമല്ലോ എന്നെനിക്കും തോന്നി. .
ഏതായാലും എംടെക്കിനു ഉടനെ പോകാന്‍ കഴിയുമെന്ന സ്വപ്നം തല്ക്കാലം പൊളിഞ്ഞു.
അടുത്ത വര്‍ഷമെങ്കിലും അവസരം കിട്ടുമോ എന്ന് നോക്കാം.ഇതിനിടയില്‍ ആര്‍ ഈ സി, ഐ.ഐ.ടി പോലെയുള്ള
ദേശീയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അദ്ധ്യാപകരുടെ കുറഞ്ഞ യോഗ്യത മാസ്റ്റര്‍ ബിരുദം
ആക്കാന്‍ പോകുന്നു എന്നുകേട്ടു. സാങ്കേതിക സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ ഗുണനിലവാരം
ഉയര്‍ത്താനുള്ള ഒരു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അന്നു തുടങ്ങിയിരുന്നു. ക്വാളിറ്റി
ഇമ്പ്രൂവ്മെന്റ്റ്പ്രോഗ്രാം ( QIP) എന്നറിയപ്പെട്ട ഈ
പദ്ധതിയില്‍ സാങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അദ്ധ്യാപകരായിട്ടുള്ള സീനിയര്‍
അദ്ധ്യാപകര്‍ക്ക് ഉയര്‍ന്ന ബിരുദം നേടാന്‍
ഐ.ഐ.ടി.കള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍
പോയി പഠിക്കാന്‍ മുഴുവന്‍ ശമ്പളത്തോടെയുള്ള അവധിയും കൂടാതെ ചെറിയ ഒരു അലവന്‍സും കൊടുക്കാനായിരുന്നു
പദ്ധതി. പുസ്തകങ്ങള്‍ക്കും മറ്റു ചിലവുകള്‍ക്കും ഒരു ചെറിയ തുക ഗ്രാന്റായും
കിട്ടുമായിരുന്നു. കോഴിക്കോട് ആര്‍.ഈ.സി യില്‍ ഈ പദ്ധതി പി.എച്.ഡി.ക്കു പോകുന്നവര്‍ക്കു
മാത്രമേ കിട്ടുകയുള്ളൂ എന്നാണു ഞങ്ങളുടെ ഭരണ സമിതി തീരുമാനിച്ചത്. എം.ടെക്കിനു
പോകുന്നവര്‍ സ്വന്തം ചിലവില്‍ പഠിക്കണം എന്നായിരുന്നു തീരുമാനം. എന്നെക്കാള്‍
സീനിയറായിരുന്ന ഒന്നുരണ്ടദ്ധ്യാപകര്‍
എന്നോടു പറയുകയും ചെയ്തു “ എന്തിനാ മോഹന്‍ ദാസെ, കിട്ടുന്ന ശമ്പളം കളഞ്ഞു പഠിക്കാന്‍
പോകുന്നത്, ഇന്നല്ലെങ്കില്‍ നാളെ അവര്‍ എം.ടെക്കും ഈ പദ്ധതിയില്‍
പെടുത്തും. അപ്പോള്‍ മാത്രമേ ഞങ്ങള്‍ പോകുന്നുള്ളൂ “ എന്നും അവര്‍ പറഞ്ഞു. ഇതില്‍
ഡാനിയല്‍ ഉമ്മന്‍ എന്ന കക്ഷിയായിരുന്നു പ്രമുഖന്‍. പക്ഷെ ഞാനും വെങ്കടരമണിയും
എന്തും വരട്ടെ എന്ന് തീരുമാനിച്ചു ശമ്പളമില്ലാത്ത അവധിയില്‍ രണ്ടാം വര്‍ഷം എം
ടെക്കിനു ചേരാന്‍ തീരുമാനിച്ചു. 1971 ല്‍ വെങ്കടരമണി പോയി, എനിക്ക് 1972 അദ്ധ്യയന വര്‍ഷം ആദ്യം പോകാം എന്ന പ്രതീക്ഷയും ആയി.
ഏതായാലും എം ടെക്കിനു പോകാന്‍
കഴിഞ്ഞില്ലെങ്കിലും സൃഷ്ടിപരമായ മറ്റു ചില പരിപാടികള്‍ തുടര്‍ന്നു കൊണ്ടിരുന്നു. അങ്ങനെ ശ്രീമതി വീണ്ടും ഗര്‍ഭിണിയായി. അയാള്‍ കുഞ്ഞുമോളെ
നോക്കലും വീട്ടുജോലിയും ഒക്കെ ആയി നല്ല വണ്ണം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
എന്നാലും എന്റെ ഏഴു മണി വരെയുള്ള ക്ലബ്ബില്‍ പോക്ക് മുടങ്ങിയിരുന്നില്ല.
ശാരീരികമായ വയ്യാഴ്ക കൊണ്ടു ചില ദിവസങ്ങളില്‍ സങ്കടവും പിണക്കവും ഒക്കെ
സ്വാഭാവികമായിരുന്നു. ഏപ്രില്‍ മാസം ആദ്യമായിരുന്നു പ്രസവതീയതി. അതുകൊണ്ടു മാര്‍ച്ച്
31 നു കോളേജ്
അടക്കുമ്പോള്‍ വീട്ടില്‍ പോയാല്‍ മതിയല്ലോ എന്ന് വിചാരിച്ചു . സാമ്പത്തികം നോക്കി
ശമ്പളം കിട്ടിയിട്ടാവാം യാത്ര എന്ന് കരുതി അല്പം വൈകി. ഏപ്രില്‍ മൂന്നാം തീയതിയാണ്
കോഴിക്കോട്ടു നിന്ന് പുറപ്പെടാന്‍ കഴിഞ്ഞത്. പിറ്റേ ദിവസം രാവിലെ പോയ വഴി തന്നെ
കോട്ടയത്ത് ഇറങ്ങി നമ്മുടെ മകളുടെ പ്രസവം നടന്ന ആശുപത്രിയില്‍ പോയി . ഡോക്ടര്‍ പരിശോധിച്ചപ്പോള്‍
"അല്‍പ്പം വൈകിപ്പോയല്ലോ നിങ്ങള്‍
ട്രെയിനില്‍ വച്ച് പ്രസവിക്കാഞ്ഞതു ഭാഗ്യം" എന്നു പറഞ്ഞു ദ്വേഷ്യപ്പെട്ടു. ശ്രീമതിയെ
ആശുപത്രിയില്‍ തന്നെ നിര്‍ത്തി വീട്ടില്‍ പോയി ആരെയെങ്കിലും കൂട്ടി വന്നോളൂ എന്ന്
പറഞ്ഞു വിട്ടു.. ഞാന്‍ വീട്ടില്‍ പോയി കുഞ്ഞുമോളെ അമ്മുമ്മയുടെ കൂടെ വീട്ടിലാക്കി.
അത്യാവശ്യം തുണികളും മറ്റും എടുത്തു സഹായിയായി ഒരു സ്ത്രീയെയും കൂട്ടി അന്നു തന്നെ
വൈകുന്നേരം ആശുപത്രിയില്‍ എത്തി. രണ്ടു ദിവസം കഴിഞ്ഞു ഏപ്രില്‍ ആറിനു മകള്‍ക്ക് ഒരു
കുഞ്ഞനിയന്‍ പിറന്നു. മെലിഞ്ഞു തലയില്‍ തീരെ മുടിയില്ലാത്ത ഒരു കുട്ടന്‍.
ചേച്ചിയെപ്പോലെ ജാടയൊന്നുമില്ലാത്ത ഒരു പാവം കുഞ്ഞ്. അമ്മയെ തീരെ വിഷമിപ്പിക്കാതെ
പ്രസവവേദന തുടങ്ങി ഒരു മണിക്കൂറിനകം പ്രസവം നടന്നു. എന്നും അമ്മയുടെ
ഇള്ളക്കുട്ടിയായ ഞങ്ങളുടെ മകനും അങ്ങനെ ഭൂജാതനായി. മദ്ധ്യവേനല്‍ അവധിയായിരുന്നതു കൊണ്ടു കുഞ്ഞുങ്ങളുമായി വീട്ടില്‍ കഴിയാന്‍
സാധിച്ചു. അവധി കഴിഞ്ഞു കോളേജില്‍ വന്നു ജൂണ്‍ മാസാവസാനം മദിരാശി ഐ.ഐ.ടി.യിലേക്ക്
പോകാന്‍ ശമ്പളമില്ലാത്ത അവധി കിട്ടി. അങ്ങനെ ജൂലൈ ആദ്യം ഞാന്‍ ബിരുദാനന്തര ബിരുദത്തിനു
പഠിക്കാന്‍ മദിരാശി ഐ ഐ ടി യില്‍ ചേര്‍ന്നു .അമ്മയെയും മക്കളെയും
മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും
കൂടെയാക്കി .








Comments
Post a Comment