19 വീണ്ടും ക്യാമ്പസ്സില്‍ സുഹൃത്തുക്കളുടെ കാരുണ്യത്തില്‍
അങ്ങനെ വളരെ വിഷമിച്ചു എട്ടുമാസത്തോളം പഞ്ചായത്തില്‍ ഗുരുവായൂരപ്പന്‍ പിള്ളയുടെ വാടകവീട്ടില്‍ താമസിച്ചു. അവിവാഹിതരായവര്‍ക്കു താമസിക്കാന്‍ ഉണ്ടാക്കിയ ഫാക്കല്റ്റി ഹൌസ് പണി പൂര്‍ത്തിയായി. ആദ്യത്തെ അലോട്ട്മെന്റില്‍ തന്നെ എനിക്ക് ഒരു മുറി കിട്ടി. താഴത്തെ നിലയില്‍ നാലാമത്തെ മുറി. സാമാന്യം എല്ലാ സൌകര്യങ്ങളും ഉള്ള ഒരു ഇരട്ട മുറി. ഒരു ഇരട്ടക്കട്ടില്‍ മെത്ത മേശ കസേര എന്നിവയുണ്ട്. കുളിമുറിയും അതോടൊപ്പം ഉണ്ട്. താഴ്വാരത്തെക്ക് മുഖമായി ഒരു വരാന്തയും ഉണ്ടായിരുന്നു. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അതിനും സൌകര്യം ഉള്ള മുറി. ഇതോടൊപ്പം തന്നെ റോഡരുകില്‍ കുറച്ചു D ടൈപ്പ് ക്വാര്‍ട്ടറുകളും തയ്യാറായി. എന്നെക്കാള്‍ വളരെ സീനിയര്‍ ആയ ചിലര്‍ക്ക് അത് അലോട്ട് ചെയ്തു കിട്ടി. വിവാഹം ആദ്യം കഴിഞ്ഞവര്‍ക്കല്ല, ക്യാമ്പസ്സില്‍ ആദ്യം വന്നവര്‍ക്കായിരുന്നു താമസ സൌകര്യത്തിനു മുന്ഗണന. അത് കൊണ്ടു എന്റെ സീനിയറായിരുന്നു എങ്കിലും അടുത്തു മാത്രം കല്യാണം കഴിച്ച പലര്‍ക്കും ക്വാര്‍ട്ടെര്സ് കിട്ടി.
അന്ന് എന്റെ ഡിപ്പാര്ട്ടുമെന്റില്‍
ഉണ്ടായിരുന്ന പ്രൊഫ.എച്.ഗണേഷ് ആയിരുന്നു എന്റെ ആക്രമണത്തിന് ആദ്യത്തെ ഇര. അദ്ദേഹം
തിരുവനന്തപുരത്തുകാരനായിരുന്നു. അമേരിക്കയില്‍ എം.എസ് ചെയ്ത ശേഷം എന്തോ
കുടുംബപ്രശ്നം കാരണം പി.എച്.ഡി പൂര്‍ത്തിയാക്കാനാവാതെ തിരിച്ചു വന്നതാണ്. കുറെ
നാള്‍ അദ്ദേഹവും അമ്മയും മാത്രമായിരുന്നു ക്വാര്‍ട്ടേറ്സില്‍ താമസം. അത് കഴിഞ്ഞു
വിവാഹം കഴിഞ്ഞു, ഭാര്യയും അമ്മയുമായി താമസം തുടര്‍ന്നു.
അദ്ദേഹം ഒരിക്കല്‍ അമ്മയെ തനിച്ചു
തിരുവനന്തപുരത്തേക്ക് യാത്രയാക്കിയ കഥ കേട്ടത് ഇതാ. അമ്മയ്ക്ക് ബസ്സില്‍ യാത്ര
ചെയ്യാന്‍ വിഷമം ഒന്നുമില്ല. അത് കൊണ്ടു രാത്രിയില്‍ ഉള്ള കണ്ണൂര്‍ തിരുവനന്തപുരം
ഡീലക്സ് ബസ്സില്‍ സീറ്റ് റിസര്‍വ് ചെയ്തു.
അമ്മയെ സീറ്റില്‍ ഇരുത്തി മകന്‍ പറഞ്ഞു “അമ്മാ ഞാന്‍ അമ്മക്ക് വേണ്ട
എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്, ഒരു
കാര്യം ഒഴിച്ച് . അത് ഉങ്കള്‍ എപ്പടിയും
മാനേജ് പണ്ണണം “ . കാര്യം ഇതാണ്. നമ്മുടെ K S R
T C ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കണം
എങ്കില്‍ അന്നും ഇന്നും വളരെ വിഷമമാണല്ലോ. അമ്മ പറഞ്ഞു : “ മോനെ നീ
കവലപ്പെട വേണ്ട , ഞാന്‍ കാലെയിലിരുന്തു ഇപ്പോള്‍ വരെ
പോലും ഒരു തുള്ളി വെള്ളം പോലും കുടിക്കലെ “ . അങ്ങനെ
തിരുവനന്തപുരത്തു എത്തുന്നത് വരെ മൂത്ര ശങ്ക ഉണ്ടാവാതിരിക്കാന്‍ പാവം ആ അമ്മ 24 മണിക്കൂര്‍ വെള്ളം കുടിക്കാതെ ഇരുന്നുവത്രേ. ഗണേഷ് സാറിന്റെ ശ്രീമതി ഗര്‍ഭിണിയായി.
വീട്ടില്‍ പോകേണ്ട സമയമായി. ഞാന്‍ എന്റെ ഫാക്കല്റ്റി ഹൌസിലെ റൂമുമായി സാറിനെ
സമീപിച്ചു. സാര്‍ യാതൊരു മടിയും കൂടാതെ എനിക്ക് വീട് വിട്ടു തന്നു. അദ്ദേഹത്തിന്റെ
സാധനങ്ങള്‍ രണ്ടു കിടപ്പ് മുറിയിലൊന്നില്‍ ഒതുക്കി വച്ചുതന്നു. കുട്ടികള്‍
ഉള്ളതൊന്നും അദ്ദേഹത്തിന് പ്രശ്നമായിരുന്നില്ല. ( ചിലര്‍ കുട്ടികള്‍
ഉള്ളവര്‍ക്ക് ഇങ്ങനെ വീട് കൊടുക്കുകയില്ല , വീട് വൃത്തികേടാക്കും എന്നുള്ളതു കൊണ്ടാവും എന്നു തോന്നുന്നു.
സാറിന്റെ ക്വാര്‍ട്ടറ് ആര്‍.ഈ.സി കാന്റീന്റെ നേരെ എതിര്‍ വശത്തുള്ളതായിരുന്നു. കോഴിക്കോട് മുക്കം
റോഡിന്റെ വശത്തു തന്നെ. കുട്ടികള്‍ക്ക് ബസ്സും കാറും എല്ലാം തലങ്ങും വിലങ്ങും
പോകുന്നത് കാണാം. ബസ് സ്റ്റോപ്പ് തൊട്ടടുത്തുതന്നെ. സഹകരണ സ്റ്റോര്‍ , റേഷന്‍ കട, പോസ്റ്റോഫീസ്, സ്റ്റെയിറ്റ്
ബാങ്കിന്റെ പേ ഓഫീസ് ( അന്ന് ബ്രാഞ്ചായിട്ടില്ല ) ഇവയെല്ലാം അടുത്തു തന്നെ. വളരെ
സൗകര്യം. വീട്ടു ജോലിക്ക് ആള്‍ക്കാരെ കിട്ടാനും വിഷമമില്ല. ന്യായമായ ശമ്പളത്തിന് നല്ല
രീതിയില്‍ ജോലി ചെയ്യുന്നവര്‍. അയല്വ്ക്കവും നല്ലത് തന്നെ.
പക്ഷെ , വീണ്ടും പ്രശ്നങ്ങള്‍ തന്നെ. ശ്രീമതിക്ക് ഒരു മാറാത്ത പനി. അതോടൊപ്പം
കുറേശ്ശെ വയറ്റില്‍ നിന്ന് പോക്കും. അന്ന് ഞങ്ങളുടെ ക്യാമ്പസ് ഡോക്ടര്‍
മാവേലിക്കരക്കാരനായ ഡോ പി സി ജോര്‍ജ്ജ് ആയിരുന്നു. കേരള ഹെല്‍ത്ത് സര്‍വീസില്‍ നിന്നും ഡി.എം.ഒ ആയി പിരിഞ്ഞ ശേഷം ആര്‍.ഈ.സിയില്‍
വന്നയാള്‍. അദ്ദേഹം പറഞ്ഞു “ ഇത് ടൈഫോയ്ഡിന്റെ ഒരു വക
ഭേദമാണ്. അല്ലെങ്കിലും ആറൊ ഏഴോ ദിവസത്തില്‍ കൂടുതല്‍ പനി മാറാതെ നിന്നാല്‍ ഞങ്ങള്‍
ടൈഫോയ്ഡായി തന്നെ ആണ് ചികിത്സിക്കുക. തനിക്കു വേണമെങ്കില്‍ മെഡിക്കല്‍ കോളെജിലോ മറ്റോ
കൊണ്ടു പോകാം, പക്ഷെ അതിന്റെ ആവശ്യമൊന്നുമില്ല.
ഞാന്‍ രാവിലെയും വൈകുന്നേരവും ഇവിടെ വന്നു നോക്കാം. തനിക്കു വിശ്വാസമുണ്ടെങ്കില്‍” എന്ന് പറഞ്ഞു. ഞാന്‍ രണ്ടു പൊടിക്കുഞ്ഞുങ്ങളെയും
കൊണ്ടു എന്ത് ചെയ്യുമെന്ന് വിഷമിച്ചിരിക്കുമ്പോഴാണ് ദൈവവചനം പോലെ ഡോ ജോര്‍ജിന്റെ ആശ്വാസ
വാക്കുകള്‍. ഞാന്‍ അദ്ദേഹത്തില്‍ പൂര്‍ണമായി വിശ്വസിച്ചു. കുഞ്ഞുങ്ങളെയും
ശ്രീമതിയെയും നോക്കി വീട്ടില്‍ ഇരുന്നു. പതിനഞ്ചു ദിവസം., ശ്രീമതിയുടെ അസുഖം മാറുന്നത് വരെ. (ഡോ.പി.സി.ജോര്‍ജ് ഡോക്ടരെപ്പറ്റി വിശദമായി പിന്നീട്).
Comments
Post a Comment