20. ഞങ്ങളുടെ പ്രിയപ്പെട്ട ക്യാമ്പസ് ഡോക്ടറിന്‍റെ ഓര്‍മ്മകള്‍
ഞങ്ങളുടെ ആര്‍.ഈ.സി ക്യാമ്പസില്‍ അന്ന് ഏകദേശം അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ടായിരുന്നു. അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ കുറഞ്ഞതു രണ്ടായിരത്തിലധികം ആള്‍ക്കാര്‍ അന്നു തന്നെ ഉണ്ടായിരുന്നു. അത്യാവശ്യം ചികിത്സക്കു വേണ്ടി ഒരു ചെറിയ ആശുപത്രി ഞങ്ങള്‍ക്ക് ഉണ്ടു. രണ്ടു ഡോക്ടര്‍മാരും രണ്ടു നഴ്സു നഴ്സുമാരും ഒരു ഫാര്‍മസിസ്റ്റും സഹായിയും, അഞ്ചു കിടക്കകളും . സാധാരണ അസുഖങ്ങള്‍ക്ക് കൊടുക്കാനുള്ള മരുന്നുകളും ഉണ്ടു. ഒരു ഡോക്ടറ് ക്യാമ്പസില്‍ തന്നെ താമസിക്കുന്നു. ആര്‍.എം.ഓ. എന്നു വിളിക്കുന്നു. മറ്റൊരാള്‍ ദിവസേന വന്നു പോകുന്നു. പലപ്പോഴും ഇവിടെ സ്ഥിരമായി ജോലി നോക്കാനായി ആളെ കിട്ടാന് വിഷമമാണു, ശമ്പളം. കുറവായതു കൊണ്ടാകാം. ആദ്യകാലത്തു ഇവിടേക്ക് വരാന് സംസ്ഥാന മെഡിക്കല്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞവര്‍ താല്പര്യം കാണിച്ചിരുന്നു. പിരിയുന്നതിനു മുമ്പു ഡി.എം.ഓ.മാരെപ്പോലെ ചികിത്സാരംഗവുമായി കുറെ നാള്‍ വിട്ടു നിന്നവരായിരിക്കും പലരും. കിട്ടുന്ന ശമ്പളത്തെക്കാള്‍ കൂടുതല്‍ ഒരു പകുതി വിശ്രമജീവിതം നയിക്കാനായി വരുന്നവര്‍. പിന്നെ പൊതുവേ വിദ്യാഭ്യാസ സ്ഥാപനമായതു കൊണ്ടു വലിയ ബുദ്ധിമുട്ടില്ലാതെ പണി ചെയ്യുകയും ആവാമല്ലോ. അങ്ങനെയാണു ഞങ്ങള്‍ക്ക് ഒരു ഡോക്ടര്‍ ദമ്പതിമാരെ ക്യാമ്പസ്സില്‍ കിട്ടിയതു.
ഞങ്ങളുടെ ഡോക്ടറ് ഡി.എം.ഓ ആയി പിരിഞ്ഞ ആള്.
ഭാര്യ സ്ത്രീരോഗവിദഗ്ദ്ധ. കുട്ടികള്‍ സ്വന്തം ആയി ഒരു പുത്രിമാത്രം. ശ്രീമതി
ഡോക്ക്ടറ് അടുത്തുള്ള ആശുപത്രിയില് ജോലി ചെയ്തു തുടങ്ങി. ശ്രീമാന് ഞങ്ങളുടെ ആറ്.എം.ഓ
യും. മദിരാശി ഐ ഐ.ടി പ്രൊഫസറും പിന്നീട് ഡയരക്ടരുമായിരുന്ന പി സി വര്‍ഗീസിന്റെയും
ഇന്ത്യയിലെ ധവള വിപ്ലവത്തിന് നാന്ദി കുറിച്ച വര്‍ഗീസ് കുര്യന്‍റെയും (അമുല്‍) കുടുംബമായിരുന്നു
എന്ന് തോന്നുന്നു. നല്ല പുഷ്ടിയുള്ള ശരീരം ഉയരം കഷ്ടിച്ചു അഞ്ചടി മാത്രം. സാധാരണ
വേഷം ജുബ്ബയും മുണ്ടും. നടന്നു വരുമ്പോള് ഒരു കുട്ടിയാന നടന്നു വരുന്നതു പോലെ
തോന്നും. എന്നാല് തങ്കപ്പെട്ട മനുഷ്യന്. സാധാരണ ആള്‍ക്കാരോടു സ്നേഹപൂര്‍വം മാത്രമേ
ഇടപെടൂ. കുട്ടികളധികം ഇല്ലെങ്കിലും കുട്ടികളോടു വലിയ സ്നേഹം. ആ തടിയും വച്ചു
കൊണ്ടു കുട്ടികളുടെ കൂടെ കളി ക്കാന് പോലും തയ്യാറ്. വൈകുന്നേരം നടക്കാന് പോയാല്
റോഡരികിലുള്ള എതെങ്കിലും കലുങ്കിന്റെ മുകളില് ഞങ്ങള് ആരെയെങ്കിലും കൂട്ടിനു
കിട്ടിയാല് രാത്രി എട്ടൊമ്പതു മണി വരെ എങ്കിലും പല കാര്യങ്ങളും സംസാരിച്ചിരിക്കും.
സ്വന്തം അനുഭവങ്ങളില്‍ നിന്നുള്ള
ചെറുതെങ്കിലും വലിയ കഥകള്‍ കേട്ടു ഞങ്ങളും
ഇരിക്കും.
അദ്ദേഹം ഒരു ഡോക്ടര്‍ എന്നതിലുപരി എന്റെ
കുടുംബത്തിലെ ഒരംഗം പോലെ വലിയ സഹായമായിരുന്നു. പല കാര്യങ്ങളും പറഞ്ഞ കൂട്ടത്തില്‍ ഒരു ദിവസം “ എന്തിനാടൊ
താനൊക്കെ ഇങ്ങനെ അന്യനാട്ടില് വന്നു പണി എടുക്കുന്നേ, പത്തു നാല്‍പ്പതു കൊല്ലം അന്യ
നാട്ടില് വന്നു പണി എടുത്തു കഴിയുമ്പോള് മൂന്നു നാലു പിള്ളെരും നാലഞ്ച് പൊട്ടിയ
കസേരയും മാത്രം മിച്ചമുണ്ടാകും, കുട്ടനാട്ടിലെങ്ങാനും ചെറിയ
ജോലിയാണെങ്കിലും നല്ല അരിയുടെ കഞ്ഞി വെള്ളം കുടിച്ചു കിടക്കാം , കിട്ടുന്ന കാശ് വല്ലതിനും ഉപയോഗിക്കാനും കഴിയും” എന്നു.
ഇവിടെ ആണെങ്കില് കിട്ടുന്ന കാശു റേഷന് വാങ്ങാനും ഗ്യാസുകത്തിക്കാനും മാത്രമേ തികയൂ.
കാര്യം ശരിയാണു. വീട്ടില് നിന്നു എട്ടു മണിക്കൂറ് ദൂരേ ജോലി ചെയ്യുന്ന എന്നെ സംബന്ധിച്ചു
ഇതു ശരിയാണെങ്കില്‍ മൂന്നും നാലും ദിവസം
യാത്ര ചെയ്തു ഡല്‍ഹിയിലും ആസാമിലും ജോലി ചെയ്യുന്ന സഹോദരീ സഹോദരന്മാരുടെ കഥ
എന്താണു?
ആ വന്ദ്യവയോധികനായ ഡോക്ടരുമായി ഉള്ള ഞങ്ങളുടെ
ഒരനുഭവം ഞാന് മുമ്പു എഴുതി. മറ്റു ചിലത് കൂടി എഴുതാതെ ഈ ഓര്‍മ്മകള്‍ പൂര്‍ണമാവുകയില്ല.
അതിരാവിലെ നമ്മുടെ വീടുകളിൽ എല്ലാം തിരക്കാണല്ലോ.
അച്ഛനു ആപ്പീസിൽ പോകണം, കുട്ടികള്‍ക്ക് സ്കൂളിൽ പോകണം, എങ്ങും
പോകുന്നില്ലെങ്കിലും ഏറ്റവും തിരക്കു അമ്മമാർക്കു തന്നെ, എല്ലാവരുടെയും
ആവശ്യങ്ങൾ സാധിച്ചു കൊടുക്കണം, ഓരോരുത്തരുടെ ഇഷ്ടത്തിനു
പ്രാതലും ഉച്ചഭക്ഷണ പാറ്സലും ശരിയാക്കണം. ആകെ ക്കൂടെ ഒരു ഉത്സവത്തിന്റെ ബഹളം
ആയിരിക്കും, പ്രത്യേകിച്ചും ഭാര്യയും ഭറ്ത്താവും ജോലിക്കു
പോകുന്നുണ്ടെങ്കിൽ പറയുകയും വേണ്ട. എന്നെ പോലെ മടിയനായ അച്ഛനും കൂടി ആകുമ്പോൾ
അമ്മയുടെ കാര്യം പറയേണ്ടല്ലോ.
അങ്ങനെ ഒരു ദിവസം പുലർന്നു. കുട്ടികൾ രണ്ടു
പേരും ചെറുതു. ഒരാളിനു നാലു വയസ്, മറ്റെയാളിനു രണ്ടു വയസ്സു.
രണ്ടു പേരും നേരത്തെ തന്നെ എഴുനേല്‍ക്കും, ചിലപ്പോൾ
അമ്മയെക്കാൾ മുൻപേ തന്നെ. ആ ദിവസം അമ്മ അടുക്കളയിൽ തകൃതി ആയി പണി, ഞാൻ എഴുനേറ്റു പല്ലു തേക്കുന്നു. മകനും മകളും പുറത്തേക്കുള്ള വാതിലിന്റെ
അകത്തും പുറത്തും നിന്നു കളിക്കുകയാണു. മകന്റെ പതിവു കളിയാണ് വാതില്‍ ശക്തി ആയി
വലിച്ചടിച്ചു കളിക്കുന്നത്. ശബ്ദം കേള്‍ക്കുന്നതിന്റെ രസം. അല്ലാതെ മറ്റൊന്നുമല്ല.
പത്രക്കാർ വന്നാൽ ആദ്യം ആരാണു പത്രം എടുത്തു അച്ഛനു കൊടുക്കുന്നതു എന്നുള്ള
മത്സരത്തിനു മുൻപായി. പെട്ടെന്നു ഒരു കരച്ചിൽ കേട്ടു, മോളുടെതാണു,
“അമ്മേ
എന്റെ കയ്യ് പോയി”. ഞങ്ങൾ
നോക്കിയപ്പോൾ മകളുടെ ചെറുവിരൽ വാതിലിന്റെ വിടവിൽ കുടുങ്ങിയിരിക്കുകയാണു, നേരം പുലർന്നു വരുന്നേ ഉള്ളു. അമ്മയുടെയും മകളുടെയും കരച്ചിൽ കൂട്ടാക്കാതെ
ഞാൻ മെല്ലെ വാതിൽ തുറന്നു, കാര്യം ശരിയാണു.മകളുടെ ചെറുവിരൽ
മുക്കാൽ ഭാഗവും ചതഞ്ഞു വാതിലിനോടു ചേർന്നിരിക്കുന്നു, ശ്രദ്ധിച്ചു
കൈ വേർപെടുത്തി എടുത്തു. രക്തം ശക്തിയായി ഒഴുകുന്നു, വിരലിന്റെ
സിംഹഭാഗവും തൂങ്ങി കിടക്കുകയാണു. ഭാഗ്യത്തിനു ഞങ്ങളുടെ കാമ്പസ്സിലെ ഡോക്ടറ് ജോര്‍ജ്
ഡോക്ടര്‍ സ്ഥലത്തുണ്ടു. നല്ല മനുഷ്യൻ, ഞങ്ങളോടെല്ലാം,
പ്രത്യേകിച്ചു അദ്ധ്യാപകരോടു, ഒരു
പിതാവിനെപ്പോലെ സ്നേഹമുള്ള ആൾ. ഞാൻ മകളെ വാരി എടുത്തു കൊണ്ടു ഡോക്ടറുടെ
വീട്ടിലെക്കു ഓടി, വാതിലിൽ അല്പം ശക്തി ആയിത്തന്നെ മുട്ടി,
“ ആരാടോ കുഞ്ഞു വെളുപ്പാൻ കാലത്തു ശല്യപ്പെടുത്താൻ വന്നിരിക്കുന്നതു?” എന്നു
ചോദിച്ചുകൊണ്ടു ഡോക്ടർ തന്നെ വാതിൽ തുറന്നു, കാര്യം
പറഞ്ഞപ്പോൾ ദ്വേഷ്യം എല്ലാം പോയി, നഴ്സും മറ്റും വരുമ്പോൾ
ഒൻപതു മണി ആകും, അതുകൊണ്ടു ഡോക്ടർ തന്നെ താക്കോൽ കൂട്ടവും
എടുത്തു ആശുപത്രിയിലേക്കു വന്നു, തനിയെ മുറി എല്ലാം തുറന്നു,
മുറിവു ഡ്രസ് ചെയ്യാൻ നോക്കുമ്പോഴാണു, വിവരം
മനസ്സിലാവുന്നതു, വിരൽ ചേർത്തു വച്ചു രണ്ടു സ്റ്റിച് ഇട്ടു,
മൂന്നാമത്തെതു ഇട്ടപ്പോൾ മുറിഞ്ഞു തൂങ്ങി നിന്ന വിരലിന്റെ ഭാഗം നീല
നിറം ആകുന്നു, രക്തം ആ ഭാഗത്തേക്കു തടസ്സപ്പെടുന്നു എന്നു
സാരം. “അല്ലാ, തന്റെ മോൾക്കു ഒൻപതു വിരൽ കൊണ്ടു ജീവിക്കേണ്ടി വരും എന്നാണു തോന്നുന്നതു,
ഞാൻ ഏതായാലും ഒരു പരീക്ഷണം നോക്കട്ടേ, ഭാഗ്യമുണ്ടെങ്കിൽ
ആ വിരൽ രക്ഷപെടും” എന്നു പറഞ്ഞു ഒരു കഷണം പ്ലാസ്റ്റര്‍ നനച്ചു പാഡു പോലെ
ആക്കി മുറിഞ്ഞ വിരലിന്റെ ഭാഗം മറ്റേ ഭാഗവുമായി ചേർത്തു വച്ചു ചെറിയ ഒരു ബൻഡേജിട്ടു, സ്റ്റിച്ച് ലൂസാക്കുകയും ചെയ്തു,“നമുക്കു 24 മണിക്കൂറ് നോക്കാം, രക്തമോടുന്നുണ്ടെങ്കിൽ വിരൽ
രക്ഷെപെടും ഇല്ലെങ്കിൽ നാളെത്തന്നെ മുറിച്ചു കളയേണ്ടി വരും “ എന്നു പറഞ്ഞു തൽകാലം പറഞ്ഞു വിട്ടു. ഞങ്ങളോടൊപ്പം
തിരിച്ചു വന്നു പ്രാഥമിക കാര്യങ്ങളിലേക്കു കടന്നു, നിശ്ശബ്ദമായി.
വീട്ടിലെത്തിയപ്പോള്‍ ചേച്ചിക്ക് എന്തോ കാര്യമായ അപകടം പിണഞ്ഞു എന്ന് മാത്രം
മനസിലായ അനുജന്‍ ആകെ തളര്‍ന്നു നില്ക്കുന്നു, അമ്മയുടെ
ശകാരവും കൂടി ആയപ്പോള്‍ കുഞ്ഞുമോന്‍ വല്ലാതെയായി. നമ്മുടെ നാട്ടിൽ ഒരു
പെൺകുട്ടിക്കു, വലതുകയ്യിലെ ഒരു പെരുവിരൽ നഷ്ടമായാൽ ഉള്ള
ഭവിഷ്യത്തുകളെ പറ്റി ഓറ്ത്തു വിഷമിച്ചു ഞങ്ങൾ 24 മണിക്കൂറ്
കഴിച്ചു. മകളുടെയൊ ഞങ്ങളുടെയോ ഭാഗ്യം കൊണ്ടോ ദൈവാനുഗ്രഹം കൊണ്ടോ അടുത്ത ദിവസം
കെട്ടഴിച്ചപ്പോൾ വിരലിനു നീല നിറം ഇല്ല, ഡോക്ടർ പറഞ്ഞു “ രക്ഷപ്പെട്ടെടോ, തന്റെ മോൾക്ക് എല്ലാ കൈവിരലും ഉണ്ടാവും, സ്ത്രീധനത്തിൽ
ഇതു വഴിയുള്ള ലാഭത്തിൽ പകുതി എനിക്കു അയച്ചു തന്നേക്കണം” . സ്വന്തമായി
കുട്ടികളൊന്നും ഇല്ലാത്ത സ്നേഹത്തിന്റെ നിറകുടമായ ആ ഡോക്ടറിന്റെ സമയോചിതമായ പ്രവൃത്തി
കൊണ്ടു ഞങ്ങളുടെ കുഞ്ഞിന്റെ ചെറുവിരലിൽ ഒരു ചെറിയ പാടുപോലും ശേഷിച്ചില്ല. ഒരു പക്ഷെ
മറ്റൊരു ഡോക്റ്റർ ആയിരുന്നെങ്കിൽ അന്നു മുതൽ ഞങ്ങളുടെ മോൾക്കു ഒമ്പത് വിരലുമായി
ജീവിക്കേണ്ടി വന്നേനേ. പക്ഷേ ഇന്നും അവൾ ആ വിരൽ കാണുമ്പോള്‍ അനുജനെ ഓര്‍ക്കുമെന്നു തീര്‍ച്ച. അവിചാരിതമായി
കിട്ടിയ ആ പുലര്‍കാല സമ്മാനവും.
മറ്റൊരിക്കല് ശ്രീമതിക്കും മോള്‍ക്കും ചിക്കന്‍
പോക്സ് വന്നപ്പോഴും അദ്ദേഹത്തിന്റെ സഹായം ഉണ്ടായി. എനിക്കു ചിക്കന് പോക്സ്
വന്നിരുന്നതു കൊണ്ടും അവധി അനുവദിച്ചു കിട്ടിയതു കൊണ്ടും അത്ര വിഷമമുണ്ടായില്ല
എന്നുമാത്രം. ‘ ചിക്കന്‍
പോക്സ് വന്നവര്‍ ചിക്കന്‍ കഴിക്കണം എന്ന് അദ്ദേഹം തമാശയായി പറയുമായിരുന്നു, പ്രത്യേകിച്ചും പനി മാറിക്കഴിഞ്ഞ്. ഞങ്ങളുടെ വീട്ടില് ജോലി ചെയ്തിരുന്ന
സ്ത്രീ പോലും ജോലി മുടങ്ങാതെ വന്നു ഞങ്ങളെ സഹായിച്ചു.
പക്ഷേ
ഞങ്ങളുടെ സഹപ്രവറ്ത്തകരില്‍ ചിലര്‍ക്ക് അദ്ദേഹത്തിനെ
കണ്ടു കൂടായിരുന്നു. പ്രത്യേകിച്ചും കള്ള മെഡിക്കല് സര്‍ട്ടിഫിക്കറ്റും വാങ്ങി
അവധി അപേക്ഷിക്കാനും, വാങ്ങാത്ത മരുന്നിനു മെഡിക്കല് റീയിംബര്‍സെമെന്‍റ്
ആയി പണം വാങ്ങാനും താല്പര്യമുള്ളവര്‍ക്ക്.
അങ്ങനെ ഉള്ള ഒരാളിന്റെ കുട്ടിക്കു പൊള്ളലിനു മരുന്നു കൊടുത്തു. വീട്ടില് വച്ചു
കുട്ടിയുടെ അമ്മ മറ്റെന്തോ നാട്ടു മരുന്നു മുറിവില് പുരട്ടി മുറിവ് സെപ്റ്റിക് ആയി
പഴുത്തു വിഷമം ആയി. ഞങ്ങളുടെ പ്രിയ ഡോക്ടരുടെ കുറ്റം ആണെന്നു എല്ലാവരും കൂടി
വരുത്തി തീറ്ത്തു സംഘടന ഇടപെട്ടു ആ നല്ല മനുഷ്യനെ ഞങ്ങളുടെ ക്യാമ്പസ്സില് നിന്നു
രായ്കു രാമാനം കെട്ടു കെട്ടിച്ചു. “നീ പോടാ , എനിക്കു നിന്റെ ഒന്നേ മുക്കാല് ചക്രം വേണ്ട “ എന്നു
പറഞ്ഞു അദ്ദേഹം പോകുകയും ചെയ്തു. അതിനു ശേഷവും അദ്ദേഹവും ഭാര്യയും വളരെ വര്‍ഷം
സ്വന്തം നാട്ടില് പ്രാക്ടീസു ചെയ്തതായി കേട്ടിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞു നല്ല
ഒരു ഡോക്ടറെ കിട്ടാന്‍ ഞങ്ങള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.
Comments
Post a Comment