4.  ഡി മെസ്സിലെ മസാല ദോശയും വിവാഹ നിശ്ചയവും

 

നമ്മുടെ നാട്ടില്‍ എല്ലാ ചെറുപ്പക്കാര്ക്കും പഠനം കഴിഞ്ഞു ജോലി കിട്ടി കഴിഞ്ഞാല്‍ അടുത്ത പടി വിവാഹം ആണല്ലോ. കൊല്ലത്തു ടി കെ എം എഞ്ചി നീയറിംഗ് കോളേജില്‍ ആദ്യം ജോലി കിട്ടി, ഏകദേശം ഒരു വര്ഷം കഴിഞ്ഞു ആര്‍ ഈ സി യിലേക്ക് മാറി. പതിവ് പോലെ എനിക്കും വീട്ടില്‍ വിവാഹാലോചന തുടങ്ങിയെങ്കിലും എനിക്ക് ഉടനെ വിവാഹം കഴിക്കാന്‍ തീരെ താല്പര്യം ഇല്ല എന്ന് ജ്യേഷ്ടനോടും അച്ഛനോടും ഉറപ്പായി പറഞ്ഞി രുന്നു. കാള കളിച്ചു നടക്കാനുള്ള താല്പര്യത്തെ ക്കാള്‍ വിവാഹം ഉപരിപഠനം കഴിഞ്ഞു മതി , പെണ്ണും പ്രാരബ്ധവും ഒക്കെ അതിനു പ്രതിബന്ധ മാവും എന്നുള്ള ഭയം ആയിരുന്നു പ്രധാന കാരണം.

 

എന്റെജ്യേഷ്ടന്‍(പ്രൊഫ.ശശിധരന്‍   https://en.wikipedia.org/wiki/K._P._Sasidharan)   എഴുതിയ ഒരു ചെറുകഥ ഓര്മ്മയില്‍ വരുന്നു: ഒരു ട്രെയിന്‍ യാത്രയില്‍ ഒരു അരഭ്രാന്തനെ കണ്ടു മുട്ടി . അയാള്‍ ഘോര ഘോരം പ്രസംഗിക്കുക യാണ്. ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറിയത്രേ ! ഫൂ അയാളൊന്നും കയറിയില്ല. സഹായാത്രികരിലൊരാള്‍ പ്രോത്സാഹിപ്പിച്ചു : എന്തെ അങ്ങനെ, കാരണം പറയാമോ ? . അയാള്‍; നിങ്ങള്‍ കേട്ടിട്ടില്ലേ ? സര്‍വജ്ഞപീഠം കയറാന്‍ പല വിദ്വാന്മാരോടും വാദപ്രതി വാദത്തില്‍ ജയിച്ചു അവസാനം ശങ്കരന്‍ ഒരു വിദുഷിയുടെ അടുത്തെ ത്തി. അവര്‍ ചോദിച്ചു നിങ്ങള്‍ എല്ലാം അറിഞ്ഞു എന്നല്ലേ പറയുന്നത് , നിങ്ങള്‍ യോനീ സുഖം അറിഞ്ഞിട്ടുണ്ടോ ? . നിത്യ ബ്രഹ്മചാരിയായ ശങ്കരന്‍ സ്ത്രീ വിഷയത്തില്‍ തികഞ്ഞ അജ്ഞന്‍ ആണെന്ന് പറയേണ്ടല്ലോ. ശങ്കരന്‍ പറഞ്ഞു : ഇല്ല , അത് മാത്രം എനിക്കറിയില്ല, വിദുഷി : എന്നാല്‍ നിങ്ങള്‍ അതറിഞ്ഞു വരൂ . പാവം ശങ്കരന്‍ സ്ത്രീ സുഖം എന്തെന്നറിയാന്‍ ഒരു വേശ്യയുടെ അടുത്ത് കൂടി. പിന്നെ നാലഞ്ചു വര്ഷം കഥയില്‍ വിരാമം, അഞ്ചാം വര്ഷം ശങ്കരന്‍ തന്റെ താളിയോല ഗ്രന്ഥങ്ങളില്‍ അവസാനത്തെതില്‍ ചിലത് കിട്ടിയ വിലയ്ക്ക് ചന്തയില്‍ വിറ്റു തന്റെ മൂന്നാമത്തെ കുട്ടിക്ക് കരപ്പനു മരുന്ന് വാങ്ങാന്‍ പോകുന്നതാണ് കണ്ടത് , അതാണ്‌ ഞാന്‍ പറഞ്ഞത് ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറിയിട്ടില്ല എന്നത്. സംസാരസാഗരത്തില്‍ ആടാനിറങ്ങിയവരെല്ലാം അവിടെ മുങ്ങി മരിച്ചിട്ടേ ഉള്ളൂ , ആരും അവിടെ നിന്ന് രക്ഷപെട്ടിട്ടില്ല" എന്ന്.

 

അങ്ങനെ വിവാഹം ഉടനെ വേണ്ട എന്നുറപ്പിച്ച അവസരത്തിലാണ് ഞങ്ങളുടെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്ന് ആലോചന വന്നത്. അകന്ന ഒരമ്മാവന്റെ മകള്‍ തന്നെ, പതിവ് മുറപ്പെണ്ണ്അല്ല എന്ന് മാത്രം. വളരെ അടുത്തറിയാവുന്ന മങ്കൊമ്പ് തെക്കെക്കരയില്‍ നിന്ന് തന്നെ. പല കാരണങ്ങളും കൊണ്ടു ജ്യേഷ്ടനും അച്ഛനും അല്പം താല്പര്യം കാണിച്ചു എങ്കിലും എന്റെ മുമ്പ് പറഞ്ഞ എതൃപ്പ് കാരണം എന്നോടു പറയാന്‍ അവര്‍ വൈമനസ്യം കാട്ടി. പെട്ടെന്നൊരു ദിവസം ഒരു ഞായറാഴ്ച ഈ പെങ്കു്ട്ടിയുടെ അച്ഛന്‍ (എന്റെ ഒരകന്ന അമ്മാ വന്‍) പുലര്ച്ചെ മലബാര്‍ എക്സ്പ്രെസ്സില്‍ ഞാന്‍ താമസിക്കുന്ന ആര്‍ ഈ സി യിലെ E ഹോസ്റ്റലില്‍ തിരഞ്ഞു പിടിച്ചെത്തി.(ഞാന്‍ അന്ന് E ഹോസ്റ്റലിലെ റെസിഡണ്ട് വാര്ഡവന്‍ ആയിരുന്നല്ലോ.) രാവിലെ കുളിയും മറ്റും കഴിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി D ഹോസ്റ്റലിലെ മെസ്സില്‍ പ്രാതല്‍ കഴിക്കാന്‍ എത്തി. അവിടെ ഞായറാഴ്ച മസാല ദോശയാണ് പ്രാതലിനു പലഹാരം. സ്വാഭാവികമായും ദോശ വരാന്‍ കുറച്ചു സമയം കൂടുതല്‍ എടുത്തു. ദോശക്കു വേണ്ടി കാത്തിരുന്ന സമയത്ത് അമ്മാവന്‍ വിവാഹകാര്യം എടുത്തിട്ടു. നിനക്ക് എന്റെ മകളെ ഇഷ്ടമാണോ? ഇതാണ് ആദ്യത്തെ ചോദ്യം. ചെറുപ്പം മുതല്‍ കാണുന്ന കുട്ടി, കാണാനും മോശമല്ല. നാടന്‍ ഭാഷയില്‍ അടക്കവും ഒതുക്കവും ഐശ്വര്യവും ഉള്ള കുട്ടി. പ്രായപൂര്‍ത്തിയായ ശെഷം ഒന്നു രണ്ട് പ്റാവശ്യം കണ്ടുമുട്ടിയപ്പോള്‍ ഉള്ളില്‍   കുരുത്ത ഒരു ചെറിയ  മോഹം കാരണവും  കൂടി  ആവാം സ്വാഭാവികമായും എന്റെ ഉത്തരം അതെ എന്ന് തന്നെ. പക്ഷെ അടുത്ത ചോദ്യം എന്നെ കുഴപ്പത്തിലാക്കി . എങ്കില്‍ അവളെ നിനക്ക് വിവാഹം കഴിച്ചു കൂടെ? . എന്നായി. എന്ത് കൊണ്ടു ഉടനെ വിവാഹം കഴിക്കാന്‍ ഞാന്‍ തയാറല്ല എന്നതിന് കാര്യകാരണങ്ങള്‍ പറഞ്ഞു ഞാന്‍ വാചാലനായി. അപ്പോള്‍ അമ്മാവന്‍ അടവ് മാറ്റി നിനക്ക് ഉന്നത വിദ്യാഭ്യാസത്തിനു പോകാന്‍ വിവാഹം കഴിഞ്ഞാലും ആയിക്കൂടെ, സാമ്പത്തികം ആണെങ്കില്‍ ഞാന്‍ വേണ്ടത് ചെയ്തു കൊള്ളാം?. "വിവാഹം കഴിക്കാം, എന്റെ പഠനം കഴിഞ്ഞു മതി എന്നൊക്കെ പറഞ്ഞു നോക്കി, പ്രായം തികഞ്ഞ പെണ്കുട്ടിയെ വീട്ടില്‍ നിര്ത്തുന്ന മാതാപിതാക്കളുടെ പരിദേവനം ആയി അപ്പോള്‍. ചുരുക്കത്തില്‍ അമ്മാവന്റെ പ്രലോഭനം കൊണ്ടോ മസാല ദോശ വരാന്‍ താമസിച്ചത് കൊണ്ടോ, മനസ്സില്‍ കുരുത്ത പ്രേമം കൊണ്ടോ കാരണം അറിയില്ല ഒരു ദുര്ബ്ബല നിമിഷത്തില്‍ ഞാന്‍ വിവാഹത്തിന് പകുതി സമ്മതം മൂളി എന്ന് തന്നെ പറയാം. വിജയ ശ്രീലാളിതനായി അമ്മാവന്‍ ഉടന്‍ തന്നെ ( ഞാന്‍ അഭിപ്രായം മാറുന്നതിനു മുമ്പ് തന്നെ) സ്ഥലം വിട്ടു.

 


Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?