5.ഗുരുവായൂരില്‍ വെച്ചു വിവാഹം

 അമ്മാവന്‍ മസാല ദോശയും കഴിച്ച് അടുത്ത വണ്ടിയില്‍  വീട്ടില്‍ എത്തിയതോടു കൂടി വിവാഹ  തയാറെടുപ്പുകള്‍ തകൃതിയായി  നടന്നു . അങ്ങനെയാണ് 1969 ഡിസംബര്‍  4 ആം തീയതി  ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വച്ചു നടന്നത്. കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ ജോലിക്ക് ചേര്‍ന്നത്  സെപ്റ്റംബറില്‍, ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. കാഷ്വല്‍ അവധി മാസത്തില്‍ ഒന്നര വച്ചു ബാക്കി ഉണ്ടായിരുന്നത്  ഒരു ദിവസം മാത്രം. ഉള്ള ഒരു ദിവസം അവധിയെടുത്ത് കോഴിക്കോട്ടു നിന്ന് ഞാന്‍ പാലക്കാട്ടെത്തി ജ്യേഷ്ഠനോടും കുടുംബത്തോടും ഒപ്പം രാവിലെ ഗുരുവായൂരെത്തി. മങ്കൊമ്പില്‍ നിന്ന് ശ്രീമതിയും ഞങ്ങളുടെ രണ്ടു കുടുംബങ്ങളിലെയും ബന്ധുക്കളും ആയി ഒരേ ബസ്സില്‍ പുലര്‍ച്ചെ തന്നെ അവിടെ എത്തിയിരുന്നു. കോഴിക്കോട്ടു നിന്ന് ഭരതന്‍ സാര്‍, വാസു, ജോസഫ്‌, ഐസക്, രഘുരാമി റെഡ്ഡി, കേശവകൈമള്‍, രാമലിംഗം, അവസാന വര്‍ഷവിദ്യാര്‍ത്ഥിയായിരുന്ന  സുധാകരമേനോന്‍, തുടങ്ങി പലരും വിവാഹത്തിന് വന്നു. എല്ലാവരും മുണ്ടുടുത്ത് നേര്യതു ചുറ്റി ക്ഷേത്രത്തിനുള്ളില്‍ കയറി ( അന്ന് വിവാഹം ക്ഷേത്ര മതിലിന്‍റെ ഉള്ളില്‍ ആനക്കൊട്ടിലില്‍ വച്ച് ആയിരുന്നു). അകത്തു കയറിയപ്പോള്‍ മാത്രം ജോസഫ്‌ കൃഷ്ണനും ഐസക് രാമനും ആയി എന്ന് മാത്രം. അറിയാതെ ശരിയായ പേര് വിളിച്ചാല്‍ ശുദ്ധികലശം കഴിക്കാന്‍ രൂപ അയ്യായിരം കരുതിക്കൊള്ളൂ എന്ന് നേരത്തെ അവരോടു പറഞ്ഞിരുന്നു. അന്നും ഇന്നും  ഗുരുവായൂരില്‍  അഹിന്ദുക്കളെ    അകത്തു   കയറ്റാറില്ലല്ലൊസാക്ഷാല്‍  യേശൂദാസ്  പോലും  ഇപ്പൊഴും  ഗുരുവായൂരപ്പനെ  നേരിട്ടു കാണാന്‍   കഴിയാതെ   നടക്കുകയല്ലേ. അത് കൊണ്ടു ആരും സാക്ഷാല്‍ പേര് വിളിച്ചില്ല. കൊല്ലത്തു നിന്ന് എന്റെ സുഹൃത്തുക്കളായ മാവേലിക്കര മുരളീധരനും പാലാക്കാരന്‍ മുരളീധരന്‍ പിള്ളയും വന്നിരുന്നു വിവാഹചടങ്ങില്‍ പങ്കു കൊള്ളാന്‍.

വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ജ്യെഷ്ടത്തിയോടും ജ്യെഷ്ടനോടും കൂടി ഒരു അമ്പാസഡര്‍ കാറില്‍ പാലക്കാട്ടേക്കു പുറപ്പെട്ടു. റോഡില്‍ കൂടിയുള്ള യാത്രയില്‍ അസുഖം ഉള്ള ശ്രീമതി പിന്സീറ്റില്‍ ജ്യേഷ്ടത്തിയോടൊപ്പം ഇരിക്കുകയായിരുന്നു എങ്കിലും നാണം മറന്നു എന്റെ തോളില്‍ കിടന്നു ഒരു വിധം പാലക്കാട്ടെത്തി. സുല്‍ത്താന്‍ പേട്ടയില്‍ ഉദയാ ബുക്ക് സ്റ്റാളിന്റെ പുറകില്‍ ഉള്ള വാടകവീട്ടില്‍ എത്തി. വിക്ടോറിയ കോളേജിലെയും പാലക്കാട്ടെയും ജ്യേഷ്ടന്റെ സുഹൃത്തുക്കള്‍ക്ക് ടീ പാര്‍ട്ടി നല്‍കിയത് ഈ വീട്ടില്‍ വച്ചായിരുന്നു.

വിവാഹം വെള്ളിയാഴ്ച, പാര്‍ട്ടി ശനിയാഴ്ച, ഞായറാഴ്ച ഒരു ദിവസം കഴിഞ്ഞു തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിക്ക് തന്നെ ആര്‍.ഈ.സി.യിലേക്ക് പുറപ്പെട്ടു. വഴിയില്‍ ബസ്സ് കേടായിപ്പോയത് കൊണ്ടു കോളേജില്‍ എത്തിയപ്പോള്‍ മണി പതിനൊന്നര. അര ദിവസം പോലും അവധി ഇല്ല, പിന്നെ തലവന്‍ ചാര്‍ലൂ സാറിന്റെ കാലു പിടിച്ചു, ശമ്പളം നഷ്ടപ്പെടുന്നത് പോരാഞ്ഞ്  ടി.കെ.എമ്മില്‍ നിന്ന് വിട്ടു ആര്‍.ഈ.സി.യില്‍ ചേര്‍ന്നപ്പോള്‍ ഒരു ദിവസം പോലും സര്‍വീസ്  ബ്രെയ്ക്കില്ലാത്ത എനിക്ക് സര്‍വീസ്  ബ്രെയ്ക്കൊഴിവാക്കാനായി അപേക്ഷിച്ചു. അദ്ദേഹം കനിവ് കാണിച്ചു ഹാജര്‍ ബുക്കില്‍ ഒപ്പിടുവാന്‍ സമ്മതിച്ചു.

അങ്ങനെ ഒരു കാഷ്വല്‍ ലീവില്‍ ഞാന്‍ ഒരു കല്യാണം കഴിച്ചു, സാക്ഷാല്‍ ഗുരുവായൂരപ്പന്‍റെ സന്നിധിയില്‍ വച്ച് എന്റെ സഹപ്രവവര്‍ത്തകരുടെയും  ബന്ധുക്കളുടെയും കാര്‍മ്മികത്വത്തില്‍, 1969 ഡിസംബര്‍ നാലിന്, എന്റെ 23 ആം വയസ്സില്‍ തന്നെ.

ആര്‍.ഈ.സി.യില്‍  നിന്നു  വിവാഹത്തിനു   വന്നവര്‍


    ഞങ്ങള്‍  അന്ന്  

Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?