6.പാലക്കാട്ടെ ഹണിമൂണ്‍ ദിനങ്ങളും ക്രിസ്തുമസ് അവധിയും
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അല്‍പ്പം നേരത്തെ പോകാന്‍ അനുവാദം വാങ്ങി പാലക്കാട്ടേക്കുള്ള ബസ്സില്‍ കയറി. അന്നു കോഴിക്കോടു നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ വഴി 4 മണിക്കൂര്‍ വരെ എടുക്കും ബസ്സില്‍ പാലക്കാട്ടെത്താന്‍ . രാത്രി 10 മണിയൊക്കെ ആവും വീട്ടില്‍ എത്താന്‍. ഉറക്കക്കാര്യത്തില്‍ അല്‍പ്പം ഭ്രാന്തിയായ ശ്രീമതി ഒരുറക്കം കഴിഞ്ഞിട്ടുണ്ടാവും. ഏതായാലും വിവാഹം കഴിഞ്ഞ് രണ്ട് ദിവസം ആയെങ്കിലും കാര്യമായി ഒന്നും സംസാരിച്ചു തുടങ്ങിയിട്ടും കൂടെ ഇല്ലായിരുന്നു. അയാളുടെ സ്വാഭാവികമായ നാണവും ജ്യേഷ്ടന്‍റെ ഭാര്യയുടെയും മക്കളുടെയും സാമീപ്യവും കൊണ്ട് സ്വകാര്യമായി കിട്ടുന്ന നിമിഷങ്ങള്‍ കുറവായിരുന്നു എന്നതും കാരണമായിരുന്നു. ശനിയും ഞായറും വൈകുന്നേരം ആകുമ്പോള്‍ പുറത്തിറങ്ങും. ഒരു ദിവസം ടിപ്പുവിന്‍റെ കോട്ടയില്‍ പോയി കുറെ നേരം അവിടെ ഇരുന്നു. ഇന്ത്യന്‍ കോഫീ ഹൌസില്‍ പോയി ഒരു കാപ്പിയും നെയ്റോസ്റ്റും വാങ്ങി കഴിച്ച് വീട്ടിലേക്ക് പോന്നു. ഞായറാഴ്ച ഒരു സിനിമാ കാണാം എന്നു കരുതി. കല്‍പ്പാത്തിയിലേക്ക് പോകുന്ന വഴിയുള്ള ഒരു ഓല തിയേറ്ററില്‍ ആണ് കയറിയത്. സിനിമാ കാണാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല വെറുതെ കുറെനേരം ഒരുമിച്ചിരിക്കാന്‍ മാത്രം. കയറിക്കഴിഞ്ഞാണ് മനസ്സിലായത് ചിത്രം “ ദി ബൈബിള്‍” . ആദാമും ഹവ്വായും പാമ്പും എല്ലാം വന്നു പോയി ചിലതൊക്കെ കണ്ടു , സായിപ്പന്മാര്‍ വര്‍ഷങ്ങള്‍ കൊണ്ട് ശ്രദ്ധിച്ച് ഗവേഷണം നടത്തി ഉണ്ടാക്കിയ സിനിമ. ഞങ്ങള്‍ കണ്ടുവോ ഓര്‍മ്മയില്ല. അങ്ങനെ ആദ്യത്തെ വാരാന്ത്യം കഴിഞ്ഞു. വീണ്ടും പുലര്‍ച്ചെ കോഴിക്കോട്ടേക്ക്. ഇത്തവണ 10 മണിക്ക് തന്നെ കൊളേജില്‍ എത്തി. തിങ്കളാഴ്ച തിയറി ക്ലാസ് ഇല്ലായിരുന്നു. ഉച്ചക്ക് ലാബറട്ടറി ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളു.
അടുത്ത ആഴ്ചയും
ഇതൊക്കെ തന്നെ, ഒരു ദിവസം ഉച്ച കഴിഞ്ഞ്
മലമ്പുഴ ഡാം കാണാന്‍ പോയി . അന്ന്
പൂന്തോട്ടം ശരിയായി വരുന്നേ
ഉണ്ടായിരുന്നുള്ളു. കാനായി കുഞ്ഞുരാമന്‍റെ
യക്ഷിയും മറ്റും വന്നിട്ടില്ല.
അക്വേറിയം ഉണ്ടായിരുന്നു എന്നാണോര്‍മ്മ. മൊബൈലും
ഫോട്ടൊയും ഒന്നും ഇല്ലായിരുന്ന
അക്കാലത്തെ ഓര്‍മ്മകളും മങ്ങിപ്പോയി. അടുത്ത
ദിവസം ന്യൂ തിയേറ്ററില്‍ ഒരു
തമിഴ് പടം ആയിരുന്നു. ജയലളിതയും എം ജി
ആറും അഭിനയിച്ച ‘കുമരിപ്പെണ്‍’ ആയിരുന്നു
എന്ന് തോന്നുന്നു. ജയലളിതയുടെ ഡാന്‍സും
മറ്റും കണ്ടു. ഈ ചിത്രം
കൊല്ലത്ത് കിളികൊല്ലൂര്‍ എസ്.വി
തിയേറ്ററില്‍ സെക്കന്‍ഡ് ഷോ
കണ്ടതുമായിരുന്നു. അക്കാര്യം മാത്രം ശ്രീമതിയോട്
പറഞ്ഞില്ല. തമിഴ് പടം ആയതുകൊണ്ട് ശ്രീമതിക്ക്ഡയലോഗ് ഒന്നും മനസ്സിലായിട്ടുണ്ടാവില്ല. അവിടെയും
സിനിമാ കാണാന്‍ അല്ലല്ലോ
കയറിയത് എന്ന് സമാധാനം . അന്നും
ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്നു ഇത്തവണ മസാല ദോശയും കാപ്പിയും കഴിച്ചു
രാത്രി വീട്ടില്‍ എത്തി.
കൃസ്തുമസ്
അവധിയും വിരുന്നിനു ഊരുചുറ്റലും
അങ്ങനെ കൃസ്തുമസ്
അവധി ആയി. ഒരുമിച്ചു കഴിയാന്‍ അവധി കിട്ടിയ
സമയം. വിവാഹം കഴിഞ്ഞ് ആദ്യമായി നാട്ടില്‍ എത്തിയതാണ്. ഞങ്ങളുടെ നാട്ടില്‍
അന്നും കുറെയൊക്കെ ഇന്നും വിവാഹം കഴിഞ്ഞാല്‍ ബന്ധുക്കളുടെ
എല്ലാം വീട്ടില്‍ വിരുന്നു പോകുക
എന്നൊരു ചടങ്ങുണ്ട്. ആകെ ഒരാഴ്ചയാണ് അവധിയുള്ളത്.
ഇന്നത്തെപ്പോലെ വാഹനസൌകര്യവുമില്ല. ടാക്സികാറുകള്‍ അന്നു
ഞങ്ങളുടെ ബഡ്ജറ്റിനു വളരെ
ഉയരത്തിലാണ്. എന്‍റെ അടുത്ത ബന്ധുക്കള്‍ കൂടുതലും നാട്ടില്‍
തന്നെ ആയിരുന്നതു കൊണ്ട് അവിടെ
പോകാന്‍ ബുദ്ധിമുട്ടുണ്ടായില്ല.
എന്നാല്‍ ശ്രീമതിയുടെ ബന്ധുക്കള്‍ പ്രത്യേകിച്ചും
അമ്മാവന്മാരില്‍ രണ്ടുപേരില്‍
ഒരാള്‍ ചങ്ങനാശ്ശേരിക്കടുത്ത് വാഴപ്പള്ളിയിലും മറ്റൊരാളും
കൊച്ചമ്മയും
മല്ലപ്പള്ളിക്കടുത്ത് ആനിക്കാട്
എന്ന സ്ഥലത്തും ആയിരുന്നു.
ആദ്യം
വാഴപ്പള്ളിയിലേക്ക് തന്നെ ആയിരുന്നു യാത്ര. അവിടെ ശ്രീമതിയുടെ ഇളയ അമ്മാവനും അമ്മയുടെ കൊച്ചമ്മയും
മറ്റും ആയിരുന്നു ഉണ്ടായിരുന്നത്. ഇളയ അമ്മാവന്‍റെ ഭാര്യയോട്, അമ്മാവിയൊട്,
ഞാന്‍ ജീവിതകാലം മുഴുവന്‍
കടപ്പെട്ടിരിക്കുന്നു. കാരണം
വിവാഹത്തിന് ഏതാനും ആഴ്ചകള്‍
മുമ്പ് ശ്രീമതിയെ മത്സ്യ മാംസങ്ങള്‍
പാചകം ചെയ്യാന്‍ ഒരാഴ്ചത്തെ ഇന്‍റെന്സീവ്
കോര്‍സ് വഴി പഠിപ്പിച്ചത് ഈ അമ്മാവി ആയിരുന്നു. ശ്രീമതിയുടെ
വീട്ടില്‍ എല്ലാവരും തന്നെ സസ്യാഹാരികള്‍
ആയിരുന്നു, പ്രത്യേകിച്ചും അമ്മാവനും മറ്റു മുതിര്‍ന്നവരും. അതുകൊണ്ട് അവിടെ മീന്‍ കറിയോ ഇറച്ചിക്കറിയോ ഉണ്ടാക്കാനൊ
അവസരം ഉണ്ടായിരുന്നില്ല.
ശ്രീമതിയുടെ ഗുരു അമ്മുമ്മ തികഞ്ഞ
സസ്യാഹാരിയും. പ്രതിശ്രുതവരന്‍
മത്സ്യ മാംസങ്ങള്‍ കഴിക്കുന്നയാള്‍ ആണെന്നറിഞ്ഞ് എനിക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനം ആയിരുന്നു
അമ്മാവി കൊടുത്തത്. അതുകൊണ്ട്
ഞങ്ങള്‍ കോഴിക്കോട് സകുടുംബം താമസം ആയപ്പോള്‍
അയാള്‍ക്കു കിട്ടിയ ഈ പ്രത്യേക പരിശീലനം പ്രയോജനപ്പെട്ടു. അയാള്‍ മത്സ്യക്കറി കഴിക്കുകയില്ലെങ്കിലും എനിക്കും
കുട്ടികള്‍ക്കും വേണ്ടി ഒന്നാം തരം
കുടമ്പുളിയിട്ട് മീന്‍കറി വെച്ചു തരുമായിരുന്നു. കോഴിക്കോട് നഗരത്തില്‍
കോളനിയില്‍ താമസം ആയപ്പൊള്‍ ഒരു മോപ്പഡില്‍ മത്സ്യം കൊണ്ടു വന്നിരുന്ന മുസ്തഫായുടെ പുറകെ
ഓടിയാണെങ്കിലും എനിക്കു വേണ്ടി
മത്സ്യം വാങ്ങി കറി
വെക്കുമായിരുന്നു. അതുപോലെ
വല്ലപ്പോഴും എങ്കിലും കോഴിക്കറിയും അയാള്‍ സ്വാദിഷ്ടമായി
ഉണ്ടാക്കിത്തരുമായിരുന്നു. അപ്പോള്‍
ആ അമ്മാവിയുടെയും അമ്മാവന്‍റെയും വീട്ടില്‍ ആണ് ആദ്യം പോയത്.
വാഴപ്പള്ളി ചക്കുളം ക്ഷേത്രത്തിനടുത്ത്
സ്കൂളിനടുത്തായിരുന്നു അവരുടെ വീട്. അവിടെ
ചെന്നു ക്യാമ്പ് ചെയ്തു.
ശ്രീമതിയുടെ അമ്മയുടെ കൊച്ചമ്മയുടെ
വീട്ടില്‍ പോയി, അവിടത്തെ അയാളുടെ ഒരു ജ്യേഷ്ടനെയും അനുജന്‍മാരെയും അനുജത്തിമാരെയും കാണുകയുണ്ടായി. പില്‍ക്കാലത്ത് അനുജന്മാരില്‍ ഒരാള്‍
കോഴിക്കോട് ഫെറോക്കിനടുത്ത് സ്കൂളില്‍
ജോലി ആയിവന്നു , ഒരനുജത്തി ആര്‍.ഈ.സി.യില്‍ കുറച്ചുനാള്‍
അദ്ധ്യാപികയും തുടര്‍ന്ന് വെള്ളൂര്‍ ന്യൂസ്പ്രിന്‍റ് ഫാക്ടറിയില്‍ എഞ്ചിനീയറായി സ്തുത്യര്‍ഹമായ
രീതിയില്‍ ജോലിചെയ്യുകയും ചെയ്തു. മറ്റൊരനുജന്‍ ബി.എച്.ഈ.എല്ല്ലിലും ലാര്‍സന്‍ &
ടൂബ്റൊയിലും ജോലി ചെയ്തു.
അടുത്ത വിരുന്നു പോകല്‍ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് ആയിരുന്നു. ഒരു വലിയമ്മാവനും ശ്രീമതിയുടെ അമ്മാവനും കൊച്ചമ്മയും
കുടുംബവും അവിടെ ആയിരുന്നു. അമ്മാവിയുടെ അമ്മാവനായ
വലിയമ്മാവന്‍ തനിച്ച് താമസിക്കുകയായിരുന്നത് കൊണ്ട് അവിടെ നിന്നു മാത്രം
സല്‍ക്കാരം ഏറ്റുവാങ്ങേണ്ടി
വന്നില്ല. മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം
കഴിക്കാതെ നിവൃത്തി ഇല്ലായിരുന്നു.. അമ്മാവിയുടെ അനുജത്തി, കൊച്ചമ്മയുമായി മാലതി
ആനിക്കാട് പുഴയില്‍ പതിവായി കുളിക്കാന്‍ പോയിരുന്നു. ഒരു ദിവസം
അവിടെ അടുത്തുള്ള ക്ഷേത്രത്തിലെ ആനയെ കുളിപ്പിക്കാന്‍ കൊണ്ടു
പോയ കഥ അയാള്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു.
ആ കഥ ഇതാ. “എല്ലാ
വൈകുന്നേരങ്ങളിലും ഞാനും ചെറിയമ്മയുമായിട്ടാണ് കുളിക്കാന്‍ പുഴയില്‍ പോകുന്നത്.
എനിക്ക് അന്ന് എട്ടു വയസ് പ്രായം. ക്ഷേത്രം വക ആനയെ കുളിപ്പിക്കുന്നതും ആ
കടവിലാണ്. ആന അല്പം പിശകാണ് താനും. അതിനാല്‍ കുളിക്കടവ് ഒഴിഞ്ഞ നേരമേ ആനയെ
ഇറക്കാറുള്ളൂ. ഒരു ദിവസം ഞങ്ങള്‍ തിരികെ പോകാന്‍ അല്പം വൈകി. നേരം ഇരുണ്ടു
തുടങ്ങി. വേഗം വേഗം നടക്കുകയാണ്. എതിരെ ആന വരുന്നതൊന്നും ഞങ്ങള്‍ കണ്ടതേ ഇല്ല. ആന
തൊട്ടു മുന്നിലെത്തിക്കഴിഞ്ഞു. ചെറിയമ്മയും കറുപ്പ്, ആനയും.
എപ്പോഴും ഭൂമിയില്‍ നോക്കി നടക്കുന്ന
ശീലമാണ് ചെറിയമ്മക്ക്. പെട്ടെന്നൊരു വെളിപാട് പോലെ കുറച്ചു പിന്നില്‍ ആയി നടന്ന
ഞാന്‍ വിളിച്ചുപറഞ്ഞു "ചെറിയമ്മേ ആന". അപ്പോഴാണ് കക്ഷി തല ഉയര്‍ത്തി
നോക്കിയത്. തൊട്ടുമുന്നില്‍ മരണം നേരില്‍ കണ്ട സമയം. വീട്ടില്‍ എത്തിക്കഴിഞ്ഞാണ്
ഒളിമ്പിക്സിലെ ഓട്ടം ഞങ്ങള്‍ നിര്‍ത്തിയത്.”
Comments
Post a Comment