30. ഭഗവന്‍ ദാസ് എന്ന വീട്ടുടമയും പാഗല്‍ കാ ഭാഷയും
ന്യു ഡല്‍ഹിയില്‍ ആദ്യത്തെ ഒന്നര വര്‍ഷത്തോളം താമസിച്ച ജിയാസരായി എന്ന ഗ്രാമത്തിലെ വീട്ടുടമയുടെ പേര്‍ ഭഗവാന്‍ ദാസ് എന്നായിരുന്നു. തനി ഹിന്ദിക്കാരന്‍. അന്നും ഇന്നും നമ്മള്‍ ദക്ഷിണേന്ത്യക്കാരെ വടക്കെ ഇന്ത്യക്കാര്‍ എങ്ങനെ കണക്കാക്കുന്നു എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആയിരുന്നു അയാളുടെ സ്വഭാവം.
പൊതുവേ വടക്കെ ഇന്ത്യയിലെ വീട്ടുടമകള്‍ക്ക് ദക്ഷിണേന്ത്യയില്‍
നിന്നും വരുന്ന വാടകക്കാരെ സ്വീകാര്യമാണ്. വിന്ധ്യ പര്‍വതത്തിനു തെക്കു നിന്ന് വരുന്ന
എല്ലാവരും ‘മദ്രാസി’ എന്ന ഓമനപ്പേരില്‍ ആണല്ലോ അറിയപ്പെടുന്നത്.
ആള്‍ക്കാര്‍ ആന്ധ്ര, തമിഴ്നാടു, കര്‍ണാടക, കേരളം ഇവയേതില്‍ നിന്നായാലും മദ്രാസിതന്നെ.
ഇവരെ വാടകക്കാരായി
അഭിമതരാക്കുന്നതിനു കാരണങ്ങള്‍ പലതാണ്, ഒന്ന് നമ്മുടെ ആള്‍ക്കാര്‍ വാടക കൃത്യമായി മാസാമാസം
കൊടുക്കും, രണ്ടു പൊതുവേ വീടുകള്‍
വൃത്തിയായി സൂക്ഷിക്കും, മൂന്നു മറ്റുള്ളവരുമായി വഴക്കിനു പോകുകയുമില്ല, വീട് ഒഴിഞ്ഞു കൊടുക്കാന്‍ പറഞ്ഞാല്‍ വലിയ എതൃപ്പു
കൂടാതെ വീടൊഴിഞ്ഞു കൊടുക്കും ഇതൊക്കെ തന്നെ. പത്രത്തിലെ പരസ്യത്തില്‍ തന്നെ കാണാം ‘തെക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന’ എന്ന്. നമ്മുടെ ഭഗവാന്‍ ദാസും ഇതുപോലെ തന്നെ.
അയാള്‍ ഞങ്ങള്‍ താമസക്കാരോടു വളരെ സ്നേഹമാണ് എന്ന് നടിക്കും, ഉള്ളില്‍ എന്ത് തോന്നിയാലും.
രാവിലെ പ്രാതലിനു ദോശ
ആണെങ്കില്‍ അതുണ്ടാക്കുന്നതിന്റെ വാസന കേള്‍ക്കുമ്പോള്‍ ചോദിക്കും “ക്യാ മോഹന്ജീ ആജ് ദോശാ ഹൈ?“. കൊതി കിട്ടാതിരിക്കാന്‍ വല്ലപ്പോഴും ഞങ്ങള്‍
ദോശയും ഇഡലിയും ഉണ്ടാക്കി കൊടുത്താല്‍ വളരെ സന്തോഷം. പക്ഷെ മറ്റുള്ളവര്‍ വീട്ടില്‍ മത്സ്യം
പൊരിക്കുന്നത് തീരെ നിരോധിച്ചിരിക്കുകയാണ്. അറിയാതെ ചെയ്താല്‍ അന്ന് അയാള്‍ വേണ്ടാത്ത
വഴക്കൊക്കെ പറയും. മാംസം കാണുന്നതുതന്നെ അയാള്‍ക്ക് വെറുപ്പായിരുന്നു. കേരളത്തില്‍ നിന്ന് ഒരു കൃസ്ത്യന്‍ കുടുംബം (
രണ്ടു നര്‍സന്മാരും
സഹോദരനും ഒരു അമ്മാമ്മയും) അതെ കെട്ടിടത്തില്‍ മുകളില്‍ ഒരു മുറിയില്‍ താമസം
ഉണ്ടായിരുന്നു. അന്നും ന്യുഡല്‍ഹിയില്‍ ബീഫ് കിട്ടാന്‍ വിഷമമായിരുന്നു.
ഐഐടിയില്‍ നിന്നു 12 കിലോമീറ്റര്‍ ദൂരത്തില്‍ ഉള്ള നിസാമുദ്ദീന്‍
റെയില്‍വേ സ്റ്റേഷന്റെ അടുത്തു എവിടെയോ
ആഴ്ചയിലൊരിക്കല്‍ ബീഫ് കിട്ടും. നമ്മുടെ കക്ഷികള്‍ ഞായറാഴ്ച അവിടെപ്പോയി ബീഫ് വാങ്ങി
വരും. അത് കറി വക്കുമ്പോള്‍
ഉള്ള പ്രത്യേക വാസന അയാള്‍ക്കറിയില്ല, അതുകൊണ്ടു വഴക്കിനു പോകാറില്ല. പക്ഷെ ഞങ്ങള്‍ക്കറിയാമായിരുന്നു.
ഞങ്ങള്‍ വല്ലപ്പോഴും
മത്സ്യം ഐഎന്‍എ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി കറിവെക്കും, കുട്ടികള്‍ക്ക് മത്സ്യം പൊരിച്ചതാണ് ഇഷ്ടം എങ്കിലും മത്സ്യം
പൊരിക്കുമ്പോള്‍ മണം വരുമെന്നുള്ളതു
കൊണ്ടു അതിനു തുനിയാറില്ല. മാംസം, പ്രത്യേകിച്ചും ആടിന്റെ മാംസം
നിഷിദ്ധമല്ലായിരുന്നു. ഇടയില്‍ പറയട്ടെ ആടിന്റെ മാംസം ആടിന്റെ കാലോ കയ്യോ ഏതു ഭാഗത്ത് നിന്ന്
വേണമെങ്കിലും കൃത്യമായി എല്ലില്ലാതെയോ അല്ലാതെയോ മുറിച്ചു വൃത്തിയാക്കി കിട്ടും ഡല്‍ഹിയില്‍.
കോഴിയിറച്ചിയും, ഇത് ഡല്‍ഹിയില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ.
നമ്മുടെ ശ്രീമതി ഇവിടത്തെ സ്ത്രീകളുമായി പെട്ടെന്ന്
പരിചയമായി. ആദ്യത്തെ ദിവസം തന്നെ ഞാന്‍ ഐഐടി യില്‍ നിന്ന് വൈകുന്നേരം
തിരിച്ചെത്തിയപ്പോള്‍ ഞങ്ങളുടെ അതെ കെട്ടിടത്തില്‍ താമസിക്കുന്ന ഒരു പഞ്ചാബി
അഗ്നിഹോത്രിയുടെ ഭാര്യയുമായി ശ്രീമതി യാതൊരു വിഷമവും കൂടാതെ മുക്കാലും ആംഗ്യഭാഷയില്‍
സംസാരിക്കുന്നു. ശ്രീമതി പത്താം ക്ലാസ് വരെ ഹിന്ദി പഠിച്ചിട്ടുണ്ട്, പക്ഷെ പഞ്ചാബിക്ക് ഹിന്ദി അത്ര പോര.
അതൊന്നും അവര്‍ക്ക്
പ്രശ്നമേ അല്ല. സ്ത്രീകള്‍ക്ക് വര്‍ത്തമാനം പറയാന്‍ ഭാഷ വേണ്ട എന്ന് എനിക്ക് ആദ്യം
മനസ്സിലായത് അന്നാണ്.
പക്ഷെ ഒരു ദിവസം നമ്മുടെ ഭഗവാന്റെ തനി നിറം എനിക്ക്
മനസ്സിലായി. ഞങ്ങളുടെ രണ്ടു കുട്ടികളുമായി കളിക്കാന്‍ അയാളുടെ മകന്റെ കുട്ടി
വരുമായിരുന്നു. ഒരു പെണ്കുട്ടി. നമ്മുടെ കുട്ടികളെപ്പോലെ വൃത്തിയൊന്നുമില്ല, എങ്കിലും കുഞ്ഞുങ്ങളെ ദൈവതുല്യരായി കണക്കാക്കണമല്ലോ ഒരു ദിവസം ഞങ്ങളുടെ മകള്‍ ഭഗവാന്റെ
പേരക്കുട്ടിയെ ചില മലയാളവാക്കുകള്‍ പഠിപ്പിക്കുന്നത് ഇയാള്‍ കണ്ടു, ആ കുട്ടി ആ വാക്കുകള്‍ പറയാന്‍ ശ്രമിക്കുന്നത്
അയാള്‍ ശ്രദ്ധിച്ചു. അയാള്‍ പെട്ടെന്ന് കലി തുള്ളി താഴെ വന്നു കുട്ടിയെ നല്ല വണ്ണം തല്ലിയിട്ട്
ചോദിച്ചു : “ക്യാം തും പാഗല്‍ കാ ഭാഷ ബോല്‍ത്താ ഹൈ ?” അപ്പോള്‍ നമ്മുടെ മദ്രാസിയെ താമസക്കാരായി കിട്ടിയാല്‍
നന്നു പക്ഷേ അവരുടെ ഭാഷ ‘പാഗല്‍ കാ ഭാഷ’ (ഭ്രാന്തന്റെ ഭാഷ ) ആണ്, എന്താ കൊള്ളാമോ? ഇത്തരം ആള്‍ക്കാരുടെ മനോഭാവം ഞങ്ങള്‍ക്ക് പലയിടങ്ങളിലും
അന്ന് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ബസ്സിലായാലും ചന്തയിലായാലും എല്ലാം .
മദ്രാസിയുടെ ദോശയുടെ
സ്വാദിഷ്ടം, വട അതിലും നന്ന്, പക്ഷെ ഭാഷ ഭ്രാന്തന്മാരുടെ ഭാഷ!!
അന്നും ഇന്നും കൊണാട്ട്
പ്ലെയ്സിലെ മദ്രാസ് കഫെയില്‍ കൂടുതലും വരുന്നവര്‍ വടക്കന്മാര്‍ തന്നെ.
ഒരു ദോശയ്ക്കു മൂന്നു
പ്രാവശ്യം സാമ്പാര്‍ വാങ്ങി കുടിക്കുന്നവര്‍. (സാമ്പാര്‍ ഫ്രീ ആണല്ലോ )
ഇതിനു ഞാന്‍ മനസ്സിലാക്കിയ കാരണങ്ങളില്‍ ഒന്ന്, ന്യു ഡല്‍ഹിയിലെ പ്രധാന ആഫീസുകളില്‍ എല്ലാം ഉയര്‍ന്ന
ആഫീസര്‍മാരായി ഇരിക്കുന്നവരില്‍ ഭൂരിഭാഗവും തെക്കേ ഇന്ത്യയില്‍ നിന്ന്
വന്നവരായിരിക്കും എന്നതാണ്. പൊതുവേ ജോലി ചെയ്യുന്നതില്‍ ശുഷ്കാന്തി
കാണിക്കുന്നവര്‍. വടക്കന്മാര്‍ 6 മണിക്കൂര്‍ കൊണ്ടു ചെയ്യുന്ന ജോലി രണ്ടു മണിക്കൂര്‍ കൊണ്ടു ചെയ്തു
മേലധികാരികളെ സന്തോഷിപ്പിക്കുന്നവര്‍. വടക്കന്മാര്‍ പാനും തിന്നു ചായയും കുടിച്ചു വായില്‍ നോക്കി
നടക്കുമ്പോള്‍ നമ്മുടെ ആള്‍ക്കാര്‍ ഉള്ള സമയം കൊണ്ടു ജോലി ചെയ്തു തീര്‍ക്കുന്നു.
ഞങ്ങളുടെ ഐഐടിയിലെ ക്ലാര്‍ക്കുമാരെ പ്പോലും സ്കോളര്‍ഷിപ്പ് തുക പാസാക്കാന്‍ ഒരു
മാസത്തേക്ക് ഒരു ചായ വാങ്ങി കൊടുത്താല്‍ മതി. ഒരു ചായയും ഒരു പ്ലെയ്റ്റ് സമോസയും വാങ്ങി
കൊടുത്താല്‍ ആറുമാസം സ്കോളര്‍ഷിപ്പു തടസ്സം കൂട്ടാതെ കിട്ടും. അതാണ് പാവങ്ങളുടെ നിലവാരം.
പൊതുവേ വിവരവും അറിവും
കുറവ്, അസൂയയ്ക്കും
കഷണ്ടിക്കും അന്നും ഇന്നും മരുന്നില്ലല്ലോ!
Comments
Post a Comment