31. ഐഐടിയിലെ ജീവിതം, ഡല്‍ഹിയിലെ തണുപ്പും ചൂടും
ഭൂമദ്ധ്യരേഖയ്ക്ക് അധികം ദൂരത്തല്ലാതെ ജീവിക്കുന്ന കേരളീയര്‍ക്ക് അധികം തണുപ്പും ചൂടും സഹിക്കേണ്ട ആവശ്യമില്ലല്ലോ. എന്നാല്‍ 18 ഡിഗ്രി തണുപ്പില്‍ താഴെയും 30 - 32 ഡിഗ്രി കൂടുതല്‍ ചൂടും അനുഭവിക്കാത്ത ഞങ്ങള്‍ നാലുപേരും ആദ്യമായായിരുന്നു ന്യുഡല്‍ഹി യിലെ കൂടിയ തണുപ്പും കൂടിയ ചൂടും അനുഭവിക്കുന്നത്. ഡല്‍ഹിയില്‍ വന്നത് ജൂലായ് മാസത്തിലായതു കൊണ്ടു ആദ്യം വലിയ പ്രയാസങ്ങള്‍ ഇല്ലായിരുന്നു. ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ ഏതാണ്ട് നമ്മുടെ കാലാവസ്ഥ തന്നെയാണല്ലോ ഡല്‍ഹി യിലും. എന്നാല്‍ ഡിസംബര്‍ മാസം അടുത്തതോടുകൂടി തണുപ്പ് കൂടിക്കൂടി വന്നു. ആദ്യമായാണ് ഇത്തരം തണുപ്പില്‍ ജീവിക്കുന്നത്. നമ്മുടെ നാട്ടില്‍ പരമാവധി ഡിസംബറിലെ പുതച്ചു മൂടി ഉറങ്ങാന്‍ സുഖമുള്ള ചെറിയ തണുപ്പു മാത്രമല്ലേ ഉള്ളൂ.
ഞങ്ങള്‍ താമസിച്ചിരുന്ന
മുറി താഴത്തെ നിലയില്‍ ആയിരുന്നതുകൊണ്ടു കാറ്റുകുറവായിരുന്നു. പക്ഷെ ശ്രീമതിക്ക് മുറിയില്‍ നിന്ന്
അടുക്കളയിലേക്ക് തണുപ്പത്തു തന്നെ നടന്നു പോകണം. അടുക്കള നമ്മുടെയൊക്കെ ഒരു കക്കൂസിന്റെ മാത്രം
വലിപ്പമുള്ള ചെറിയ ഒരു മുറി, കഷ്ടിച്ചു ഗ്യാസ് അടുപ്പും മറ്റും വെക്കാനുള്ള സൌകര്യമേ ഉണ്ടായിരു ന്നുള്ളൂ. . എല്ലാവര്‍ക്കും കമ്പിളിയില്‍ ഉള്ള സ്വെറ്ററും
മറ്റും വാങ്ങി. ശ്രീമതിക്ക് പുറമേ ചുറ്റാന്‍ ഒരു ഷാളും. ഇതൊക്കെയാണെങ്കിലും അവസരം കിട്ടിയാല്‍
എല്ലാവരും കൂടി രജായി എന്ന പഞ്ഞി മെത്തയുടെ സംരക്ഷണത്തിലേക്ക് ചുരുണ്ടു കൂടും, മിക്കപ്പോഴും അമ്മയും മക്കളും കൂടി
തള്ളക്കോഴിയും കുഞ്ഞുങ്ങളും പോലെ, പകല്‍ സമയത്തും. വൈദ്യുതി ചിലവാക്കാന്‍ നിയന്ത്രണം ഉള്ളതുകൊണ്ടു ഹീറ്റര്‍ ഇടാന്‍
നിവൃത്തിയില്ല. അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ ശ്രീമതിക്ക് ചൂട് കിട്ടും, പക്ഷെ പാകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ പെട്ടെന്ന്
തണുത്തു പോകുന്നു എന്നതായിരുന്നു അയാളുടെ പ്രശ്നം. കഴിക്കുന്നതിനു മുമ്പ് പലപ്പോഴും വീണ്ടും
ചൂടാക്കേണ്ടി വന്നു.മൈക്രോവേവ് ഓവന്‍ അന്നു (1978-81)
കേട്ടു കേഴ്വി പോലും
ഇല്ലാത്ത സാധനം ആയിരുന്നു.
കുട്ടികളുടെ
കാര്യമായിരുന്നു കഷ്ടം. ന്യു ഡല്‍ഹിയിലെ മിക്ക സ്കൂളുകളുടെയും പ്രവര്‍ത്തി സമയം രാവിലെ എട്ടു മണി
മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരുന്നു. എട്ടു മണിക്ക് സ്കൂളില്‍ എത്തണമെങ്കില്‍ ഏഴു
മണിക്കെങ്കിലും തയാറായി നില്ക്കണം. നേരം വെളുക്കുമ്പോള്‍ തന്നെ ഏഴു മണി കഴിയും.
സ്കൂളില്‍ കൊണ്ടു
പോകുന്ന വണ്ടി വരുമ്പോള്‍ താമസിച്ചാല്‍ വണ്ടിക്കാരന്‍ പോകും, അപ്പോള്‍ ഞാന്‍ തന്നെ കുട്ടികളെ സ്കൂളില്‍
കൊണ്ടാക്കേണ്ടി വരും. കുഞ്ഞുങ്ങള്‍ തണുപ്പിനുള്ള വസ്ത്രം എല്ലാം ധരിച്ചു മങ്കി ക്യാപ്പുമിട്ടു
കണ്ണുമാത്രം പുറത്തു കാണാം എന്ന രീതിയിലാണ് പുറത്തിറങ്ങുന്നത്.
കമ്പിളി നൂലില്‍ പര്‍ദ്ദപോലെ
ശരീരം മുഴുവന്‍ മറയ്ക്കുന്ന കുപ്പായം ഉണ്ടായിരുന്നെങ്കില്‍ അതായിരുന്നു ഏറ്റവും
നല്ലതെന്നു തോന്നിയിട്ടുണ്ട്. രാവിലെ ഇങ്ങനെ പോകുന്ന കുട്ടികള്‍ ഉച്ചയ്ക്ക്
വരുമ്പോള്‍ എല്ലാം അഴിച്ചു അരയില്‍ കെട്ടിയാണ് വരുക, ഉച്ചയ്ക്ക് സാമാന്യം ചൂട് ഉണ്ടാവും അപ്പോള്‍ എല്ലാം
അഴിച്ചു അരയിലോ മറ്റോ കെട്ടും. ഇതാണ് പതിവ്. രാവിലെ കുട്ടികള്‍ക്ക് കുളിക്കാനൊന്നും കഴിയാറില്ല.
അതൊക്കെ സ്കൂളില്‍
നിന്ന് വന്നിട്ടുമാത്രം.
തണുപ്പുതുടങ്ങിയപ്പോള്‍
മുതല്‍ കുട്ടികള്‍ക്ക് ചെറിയ തോതില്‍ വലിവിന്റെ (ആസ്ത്മ ) അസുഖം കണ്ടു തുടങ്ങി. ഞങ്ങളുടെ ക്യാമ്പസ്സില്‍ ഒരു 'രോഗികളുടെ ഉള്‍ക്കടല്‍ '(sick
bay) എന്ന ഓമനപ്പേരില്‍
അറിയപ്പെടുന്ന ആശുപത്രി ഉണ്ടായിരുന്നു. അവിടെ ഗവേഷണ വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളെ ചികിത്സിക്കാന്‍ കഴിയുമോ
എന്നറിയില്ലായിരുന്നു. അല്ലെങ്കിലും കുട്ടികള്‍ക്ക് ഹോമിയോ ചികിത്സയാണ് ഭേദം എന്ന് തോന്നി.
മുനീര്ക്കയില്‍ ഒരു
പ്രായമായ ഹോമിയോ വൈദ്യന്‍ ഉണ്ടായിരുന്നു. ഭക്ത എന്ന പേരുള്ള ഒരു ബംഗാളി ആയിരുന്നു.
വളരെ വിശദമായി ഏതൊക്കെ
ആഹാരമാണ് ഇഷ്ടം ( മധുരമോ പുളിയോ, എരിവോ, ചൂടോ തണുപ്പോ
എന്നിങ്ങനെ എല്ലാം ) ചോദിച്ചു മനസ്സിലാക്കി അദ്ദേഹം നല്ലവണ്ണം പ്രാര്‍ത്ഥിച്ച ശേഷമാണ് ആദ്യത്തെ
ഡോസ് മരുന്ന് സ്വന്തം കൈ കൊണ്ടു കൊടുക്കുന്നത്. രണ്ടാഴ്ചത്തെ മരുന്ന് ഒരുമിച്ചു തരും, കൂടിയാല്‍ പത്തു രൂപ മാത്രം വാങ്ങും .
പുതിയ കാലാവസ്ഥയില്‍
ആദ്യമായതു കൊണ്ടാണെന്ന് പറഞ്ഞു വിഷമം മാറും എന്ന് സമാധാനപ്പെടുത്തിയിരുന്നു, സാത്വികനായ അദ്ദേഹം. ഏതായാലും ആദ്യത്തെ തണുപ്പു കാലം മാത്രമേ വിഷമം
ഉണ്ടായുള്ളൂ. പിന്നത്തെ രണ്ടു തണുപ്പുകാലത്തും വിഷമം ഉണ്ടായില്ല.
പൊതുവേ തണുപ്പുകാലമാണ്
ജോലി ചെയ്യാനും ഭക്ഷണം കഴിക്കാനും നല്ലത്. ചൂട് കാലത്ത് ധാരാളം വെള്ളം കുടിക്കുന്നത് കൊണ്ടു
പൊതുവേ ഭക്ഷണം കുറച്ചേ കഴിക്കാനാവൂ. തണുപ്പിനു നല്ലതുപോലെ ഭക്ഷണം കഴിക്കാം, ക്ഷീണിക്കുകയുമില്ല. ഭക്ഷണ സാധനങ്ങളും ധാരാളം കിട്ടുന്നത് തണുപ്പുകാലത്തായിരുന്നു.
ക്യാബേജു, പട്ടാണി , കോളിഫ്ലവര്‍ കാരട്ട് മുള്ളങ്കി തക്കാളി എന്നിവ
നിസ്സാര വിലക്കുകിട്ടും, ഐഐടി യുടെ അടുത്തുള്ള മേഹ്രോളി ആഴ്ച ചന്തയില്‍ പോയാല്‍ നാലു വീട്ടുകാര്‍ക്ക് ഒരാഴ്ചത്തേക്ക് വേണ്ട വിഭവങ്ങള്‍ വെറും ഇരുപതു
രൂപയ്ക്ക് വാങ്ങാന്‍ കഴിയുമായിരുന്നു. അങ്ങനെ ഞങ്ങള്‍ മൂന്നോ നാലോ കുടുംബങ്ങള്‍ ചേര്‍ന്ന്
പച്ചക്കറി ചിലപ്പോള്‍ ചന്തയില്‍ നിന്ന് വാങ്ങും. ചന്തയില്‍ ഒരു പടിയില്‍ ( സുമാര്‍ 4 കിലോ) കുറച്ചു വില്ക്കാറില്ല. നമ്മുടെ വെള്ളരിക്കയും കുമ്പളങ്ങയും
മുരിങ്ങക്കായും ചേനയും ഒന്നും കിട്ടാത്തത് കൊണ്ടു അവിയലും സാമ്പാറും വീട്ടുകാര്‍ക്ക്
ഉണ്ടാക്കാന്‍ വിഷമമായിരിക്കും.
കാലാവസ്ഥയ്ക്കനുസരിച്ചു
കിട്ടുന്ന ഭക്ഷ്യ സാധനങ്ങള്‍ കഴിക്കാന്‍ നമുക്ക് മലയാളികള്‍ക്ക് ശീലമില്ലല്ലോ. തണുപ്പ് കാലത്ത് കോഴിക്കും കോഴിമുട്ടയ്ക്കും
ഒക്കെ നല്ല ഡിമാന്റാണ്. സാധാരണ നമ്മളൊക്കെ രണ്ടു മുട്ടയുടെ ഓംലെറ്റ് കഴിക്കുമ്പോള്‍ ചില സര്‍ദാര്‍ജിമാര്‍
എട്ടു മുട്ടയുടെ ഓംലെറ്റ് വാങ്ങി കഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
വേനല്‍ കാലം ആയാല്‍
കോഴിക്കും മുട്ടയ്ക്കും തീരെ ആവശ്യക്കാര്‍ ഇല്ല, അപ്പോഴും നമ്മള്‍ മദ്രാസികള്‍ ഇത് വാങ്ങി കഴിക്കും.
എല്ലാ സമയത്തും
കിട്ടുന്ന പച്ചക്കറി ഉരുളക്കിഴങ്ങും സവാളയും മാത്രമായിരുന്നു. വടക്കന്മാര്‍ക്ക് അതില്ലാതെ ജീവിതം കഴിക്കാന്‍ പറ്റുകയുമില്ലല്ലോ.
ചൂടുകാലത്ത്
പുറത്തിറങ്ങുമ്പോള്‍ വയറ്റില്‍ നിറച്ചു വെള്ളം നിറച്ചത്തിനു ശേഷമേ ആകാവൂ എന്ന്
പറയും. വഴിയില്‍
ഉന്തുവണ്ടിയില്‍ ഠണ്ടാ പാനി (തണുത്ത വെള്ളം ) പത്തു പൈസയ്ക്ക് കിട്ടുകയും ചെയ്യും.
നാരങ്ങ (നിമ്പൂ ) വെള്ളവും കിട്ടും. എന്നാലും പത്തു മണി കഴിഞ്ഞു നാലുമണി വരെ ആള്‍ക്കാര്‍ നിരത്തില്‍ ഇറങ്ങാന്‍ മടിക്കും.
ഐ ഐ റ്റി ക്യാമ്പസ്സില്‍
നല്ല രീതിയില്‍ പുല്ത്തകിടി ഉണ്ടാക്കി നിലനിര്‍ത്തിയിരുന്നു. അതിനു വേണ്ടി തന്നെ നൂറു കണക്കിന് ജോലിക്കാര്‍
ഉണ്ടായിരുന്നു. വൈകുന്നേരം ആയാല്‍ വീട്ടുകാരികളെയും കുട്ടികളെയും അവിടെ കൊണ്ടു പോയി
ഇരുത്തിയിട്ട് ഞാനും കോലപ്പന്‍ പിള്ള സാറും ഞങ്ങളുടെ പണി ചെയ്യും.
രാത്രി ഒമ്പതു മണി
കഴിയുമ്പോള്‍ കുഞ്ഞുങ്ങള്‍ പുല്ത്തകിടിയില്‍ കിടന്നു ഉറങ്ങിയിട്ടുണ്ടാവും.
അവരില്‍ ചെറിയവരെയും
തോളില്‍ ഇട്ടു വലിയവരെ ഉണര്‍ത്തി പകുതി ഉറക്കത്തില്‍ ഉന്തിക്കൊണ്ടാണ് തിരിച്ചു
വീട്ടില്‍ എത്തുന്നത്. തുറന്ന സ്ഥലത്താണ് ഉറങ്ങാന്‍ സുഖം, നാട്ടുകാര്‍ മിക്കവാറും ടെറസ്സില്‍ ആണ് ഉറങ്ങുന്നത്.
നമുക്ക് ആ ശീലം
ഇല്ലാത്തത് കൊണ്ടു ഫാനുണ്ടാവുമെങ്കിലും വിയര്‍ത്ത് ഒലിച്ചാണ് കിടന്നുറങ്ങുന്നത് പൊതുവേ അസുഖങ്ങളും
വേനല്‍ കാലത്താണ് കൂടുതല്‍ വരുക , ചിക്കന്‍ പോക്സും വയറിളക്കവും വളരെ സാധാരണം ആയിരുന്നു. തണുപ്പു കാലത്ത് പൊതുവേ രോഗങ്ങളും
കുറവായിരുന്നു.
ശനിയാഴ്ച ദിവസം തുറന്ന
തിയേറ്ററില്‍ സിനിമ ഉണ്ടാവും കൂടുതലും ഹിന്ദി ഇന്ഗ്ലീഷു സിനിമകളായിരിക്കും.
വല്ലപ്പോഴും
കുട്ടികളുമായി പോയി കാണും, പോയാലും മുഴുവന്‍ സമയം കാണാറില്ല. തിയേറ്ററില്‍ പോയി വല്ലപ്പോഴും ഒരു മലയാളം സിനിമ കണ്ടാലായി.
ആര്‍ കെ പുരത്തു ഒരു
സിനിമാ കൊട്ടകയില്‍ ഇടയ്ക്ക് മലയാളം ചിത്രം വരുമ്പോള്‍ ഒന്നോ രണ്ടോ പ്രാവശ്യം
മാത്രം പോയതോര്‍മ്മയുണ്ട്. ഓണത്തിനോ വിഷുവിനോ ഒക്കെ മാത്രം.
വല്ലപ്പോഴും വിശേഷ
ദിവസങ്ങളില്‍ ആര്‍ കെ പുരം സെക്ടര്‍ ഏഴില്‍ ഉള്ള മലായ് മന്ദിര്‍ എന്ന ക്ഷേത്രത്തില്‍
പോകും. തമിഴ് നാട്ടുകാര്‍ വളരെ
നന്നായി സൂക്ഷിക്കുന്ന ആ ക്ഷേത്രം ആയിരുന്നു ഞങ്ങളുടെ ഏറ്റവും അടുത്തുള്ളത്.
ഒരു പ്രാവശ്യം മാത്രം
ബിര്‍ളാ ക്ഷേത്രത്തില്‍ പോയിരുന്നു. ഉത്തരഡല്‍ഹിയിലെ ബൃഹത്തായ അക്ഷര്‍ത്ഥാം ക്ഷേത്രം ഒക്കെ പിന്നീടുണ്ടായതാണ്.
Comments
Post a Comment