36. ഗവേഷണ യജ്ഞത്തിന്റെ അവസാനം
കുട്ടികളെയും വീട്ടുകാരിയേയും ചാത്തമംഗലത്ത് ക്യാമ്പസിലാക്കി ജയന്തി ജനതയില്‍ തന്നെ തിരിച്ചു വന്നു. യാത്രക്കിടയില്‍ പ്രത്യേകിച്ചൊന്നും. പറയാനില്ല. എങ്കിലും പതിവു പോലെ ഞങ്ങളുടെ ജയന്തി ജനതാവണ്ടി പുലര്‍ച്ചെ 630 - 7 മണിക്ക് വിജയ വാഡാ സ്റ്റേഷനിലെക്കെത്തുമ്പോള്‍ ഉള്ള കാഴ്ച ഇത്തവണയും വ്യത്യസ്തമല്ല, ഇത് ഒരിക്കലും മറക്കാനാകുന്നില്ല. സ്റ്റേഷനിലെക്കുള്ള വഴിയില്‍ റെയില്‍ പാളത്തിന്റെ രണ്ടു വശത്തും നൂറു കണക്കിന് ആള്‍ക്കാര്‍ ഒരു ചെമ്പുമൊന്തയില്‍ വെള്ളവുമായി എഴുനേറ്റു നില്ക്കുന്നത് കാണാം, പ്രത്യേകിച്ചും വിവിധ പ്രായക്കാരായ സ്ത്രീകള്‍. പുരുഷന്മാര്‍ വണ്ടി കടന്നു പോകുന്നത് സാരമാക്കാതെ അവരുടെ പ്രക്രിയ അനുസ്യൂതം തുടര്‍ന്നുകൊണ്ടിരുന്നു. പുലരുമ്പോള്‍ ഉറക്കച്ചടവോടെ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്ന ഈ കാഴ്ച എത്രമാത്രം വെറുപ്പും അറപ്പും ഉണ്ടാക്കുന്നു എന്നു പറയാതിരിക്കാന്‍ വയ്യ. നമ്മുടെ വൃത്തിഹീനമായ രീതികളെപ്പറ്റി വിദേശപത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും ഇത്തരം പ്രകടനങ്ങളാണ് നമ്മുടെ നാടിന്റെ വിലയിടിച്ചു കാണിക്കുന്നത് എന്ന് പറയാതെ വയ്യ. പൊതുവേ മലയാളികളില്‍ ശരീര വൃത്തിയില്‍ മറ്റു സംസ്ഥാനക്കാരെക്കാള്‍ മുമ്പിലാണെങ്കിലും മാലിന്യം എവിടെയും വലിച്ചെറിയാന്‍ യാതൊരു കൂസലും ഇല്ലാത്തവരാണ് അന്നും ഇന്നും നമ്മള്‍ എന്ന് ഖേദപൂര്‍വം രേഖപ്പെടുത്തട്ടെ. അടുത്തകാലത്ത് പ്രധാന മന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിയില്‍ എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ അറിയില്ല.
തിരിച്ചെത്തിയതിനു ശേഷം
തീസിസിലെ ബാക്കി തെറ്റ് തിരുത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി ടൈപ്പിങ്ങ്
തുടങ്ങാറായി. ഞാന്‍
ആദ്യം മുതലേ പ്രബന്ധങ്ങളും മറ്റും ടൈപ്പ് ചെയ്യിക്കുന്ന ഒരു മലയാളി നമ്പ്യാര്‍
ഉണ്ടായിരുന്നു. ഐഐടിയില്‍
തന്നെ അന്ന് ആഫീസ് ഉണ്ടായിരുന്ന ഐ.എസ്.റ്റി.ഇ (Indian Society for
Technical Education – ISTE ) യിലെ
സ്റ്റെനോ ആയിരുന്നു അദ്ദേഹം. തമിഴ്നാടു
സര്‍വീസില്‍ നിന്ന് ISTE പ്രോഗ്രാം
കോര്‍ഡിനേറ്റര്‍ പ്രൊഫ. ഹെഗ്ഡെയുടെ
വിശ്വസ്തന്‍, തമിഴ്
നാട് സര്‍വീസില്‍ നിന്ന് കൂടെ വന്നതാണ്. താന്‍
ചെയ്യുന്ന ജോലിയില്‍ ഇത്രമാത്രം ആത്മാര്‍ത്ഥതയുള്ള ഒരാളെ കാണാന്‍ വിഷമമായിരുന്നു.
കാലം 1981 ആണെന്നോര്‍ക്കണം. തീസിസിന്റെ അഞ്ചു കോപ്പിയാണ് സബ്മിറ്റ് ചെയ്യേണ്ടത്. എനിക്ക് രണ്ടു കോപ്പിയും ഞാന്‍ ചെയ്ത ഗവേഷണ
പ്രോജെക്റ്റിനു മാര്‍ഗ നിര്‍ദ്ദേശം ചെയ്ത ONGC ക്കു
ഒന്നും കൂട്ടി എട്ടു കോപ്പി എങ്കിലും എടുക്കണം. ഇന്നത്തെപ്പോലെ കമ്പ്യൂട്ടര്‍ ടൈപ്പിങ്ങും
ഫോട്ടോകോപ്പിയെടുക്കലും ഇല്ല എന്നോര്ക്കണം. അതുകൊണ്ടു
വൃത്തിയായി തെറ്റ് കൂടാതെ സ്റ്റെന്സില്‍ എന്ന പ്രതേക തരം പേപ്പറില്‍ ടൈപ്പ് ചെയ്തു
സൈക്ലോസ്റ്റയില്‍ ചെയ്താല്‍ മാത്രമേ എട്ടു കോപ്പി ഒരുമിച്ചു ഒരുപോലെ എടുക്കാനാവൂ. സ്റ്റെന്സില്‍ പേപ്പറില്‍ ടൈപ്പിംഗ് മെഷീന്റെ
അക്ഷരങ്ങള്‍ പതിക്കുമ്പോള്‍ അക്ഷരത്തിന്റെ ആകൃതിയില്‍ ഒരു സുഷിരം ഉണ്ടാവുന്നു. സൈക്ലോസ്റ്റയില്‍ ചെയ്യുമ്പോള്‍ കറുത്ത മഷി ഈ
സുഷിരത്തില്‍ കൂടി ഇറങ്ങി വെള്ള കടലാസില്‍ പതിയുകയാണ് ചെയ്യുന്നത്. സ്റ്റെന്സില്‍ കട്ട് ചെയ്തു കഴിഞ്ഞാല്‍ അതില്‍
തെറ്റുകള്‍ ഉണ്ടെങ്കില്‍ അതു ശരിയാക്കാന്‍ എളുപ്പമല്ല. അതുകൊണ്ടു നല്ല ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണിത്. പണം കിട്ടുന്നത് പേജിനു ഇത്ര പൈസ എന്നായത് കൊണ്ടു
തിരക്ക് കൂട്ടി ടൈപ്പ് ചെയ്താല്‍ സ്റ്റെന്സില്‍ കുറെ വെറുതെ കളയേണ്ടി വരും. നമ്പ്യാര്‍ കാണിക്കുന്ന ശ്രദ്ധകൊണ്ടു തെറ്റുകള്‍ തീരെ
ഉണ്ടാവില്ല എന്നുറപ്പായിരുന്നു. പോരാഞ്ഞു
സാധാരണ ടൈപ്പ് റൈറ്ററില്‍ കാണാത്ത ചില ചിഹ്നങ്ങള്‍ നമ്പ്യാര്‍ മറ്റു
സുഹൃത്തുക്കളുടെ മെഷീനില്‍ കൊണ്ടു പോയി ടൈപ്പുചെയ്തു ചേര്‍ക്കുകയും ചെയ്യും, ഇല്കട്രോണിക്
ടൈപ് റൈറ്ററില്‍ മാത്രം അന്ന് കാണുന്ന ഗ്രീക്ക് അക്ഷരങ്ങള്‍ µ, α , β, φ ,θ ,Σ , ξ മുതലായ
ചിഹ്നങ്ങള്‍ നമ്പ്യാരുടെ സുഹൃത്തായ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിലെ സ്റ്റെനോ
ഭാട്ടിയയുടെ ടൈപ്പ് റൈറ്ററില്‍ ഉണ്ടായിരുന്നു. നമ്പ്യാര്‍ ഉച്ച ഭക്ഷണ സമയത്ത് അവിടെ ചെന്ന് ഈ
ചിഹ്നങ്ങള്‍ ടൈപ്പ് ചെയ്തു ചേര്‍ത്തുവരും. എന്തിനു
എന്റെ തീസിസില്‍ ചില ചിഹ്നങ്ങളുടെ മുകളില്‍ ^ എന്ന
ചിഹ്നം കൂടി ചേര്‍ക്കണമായിരുന്നു . അതിനു
നമ്പ്യാര്‍ സ്റ്റെന്സില്‍ല്‍ തല തിരിച്ചു വച്ച് വേണ്ട സ്ഥലത്ത് v ടൈപ്പ് ചെയ്തു ചേര്‍ത്തുതരുമായിരുന്നു. അതുപോലെ ℓ എന്ന
ചിഹ്നം ഉണ്ടാക്കാന്‍ ആദ്യം ( ടൈപ്പ്
ചെയ്തു ഒരു സ്പെയ്സ് പുറകോട്ടാക്കി / ടൈപ്പ്
ചെയ്യും. ഇവ
രണ്ടും കൂടി ചേരുമ്പോള്‍ മുകളില്‍ വരുന്ന ചെറിയ വിടവ് ശ്രദ്ധയോടെ കൂട്ടി ചേര്‍ക്കണം
എന്നു വരെ അയാള്‍ പറയുമായിരുന്നു. സാധാരണ
ഇത്തരം ചിഹ്നങ്ങള്‍ കൈ കൊണ്ടു എഴുതി ചേര്‍ക്കുകയായിരുന്നു പതിവ്. അത് വൃത്തിയാകുകയില്ല ,ഇങ്ങനെ ചെയ്‌താല്‍ പലപ്പോഴും ഒരേ രീതിയില്‍ ആകാനും
വിഷമായിരുന്നു. നമ്പ്യാര്‍
ടൈപ്പ് ചെയ്‌താല്‍ ഇങ്ങനെ പല ഗുണങ്ങളും ഉണ്ടാവുമായിരുന്നു. നമ്മുടെ മൂന്നു വര്‍ഷം കൊണ്ടു ചെയ്തു തീര്ത്ത
ഗവേഷണത്തിന്റെ ശാശ്വതമായ സംഭാവനയായ തീസിസില്‍ തെറ്റുകള്‍ കടന്നു കൂടാതിരിക്കുക
എന്നത് ഏവരുടെയും ലക്ഷ്യമായിരിക്കുമല്ലോ. ചെയ്യുന്ന
ജോലി എന്തുമായി കൊള്ളട്ടെ അത് തികച്ചും പെര്ഫക്റ്റ് ആയി ചെയ്യാന്‍ എത്ര സമയം
വേണമെങ്കിലും ചിലവാക്കുന്ന നമ്പ്യാരെപ്പോലെയുള്ളവര്‍ക്ക് പ്രണാമം ഒരു കാര്യം
മാത്രം നമ്പ്യാര്‍ക്കു നിര്‍ബന്ധമാണ്, നമ്മള്‍ ടൈപ്പ്
ചെയ്യുമ്പോള്‍ കൂടെ ഇരിക്കണം, വായിച്ചു കൊടുത്താല്‍ തെറ്റുകൂടാതെ വേഗത്തില്‍ ടൈപ്പ്
ചെയ്തു കൊള്ളും. ചിലപ്പോള്‍
മേശക്കടിയില്‍ നിന്ന് ഉന്മേഷം വരുത്താന്‍ ചില പാനീയങ്ങള്‍ എടുത്തു കുടിച്ചു ക്ഷീണം
മാറ്റുകയും ചെയ്യുമായിരുന്നു.
അങ്ങനെ
സുമാര്‍ 350 ലധികം
പേജുള്ള തീസിസ് ജൂണ്‍ അവസാനം ആയപ്പോള്‍ ടൈപ് ചെയ്തു തീര്‍ത്തു. ചിത്രങ്ങളും വരച്ചു ചേര്‍ത്ത്, തീസിസിന്റെ
എട്ടു കോപ്പികള്‍ തയാറാക്കി. അന്ന്
ഐഐടി ഡല്‍ഹിയില്‍ ആഫീസില്‍ മൂന്നു കോപ്പിയും ഗൈഡന്മാര്ക്കു
ള്ള രണ്ടു കോപ്പിയും സബിമിറ്റ് ചെയ്യുന്നത് സോഫ്റ്റ് ബൈണ്ടിംഗ് ആയാണ്, തീസിസ്
പരീക്ഷകരുടെ സ്വീകാര്യമായ റിപ്പോര്‍ട്ടുവന്നതിനു ശേഷം വാചാപ്പരീക്ഷയും കഴിഞ്ഞു
ആരെങ്കിലും എന്തെങ്കിലും തെറ്റുകള്‍ ചൂണ്ടി കാണിച്ചിട്ടുണ്ട് എങ്കില്‍ അതും കൂടി
തിരുത്തിയ ശേഷമാണ് ഹാര്ഡ് ബൈന്റിംഗ് ചെയ്തു ( ക്ലോത് അഥവാ കാലിക്കോ ബൈന്റിംഗ് ) കൊടുക്കുന്നത്. അത്
കഴിഞ്ഞു മാത്രമേ തീസിസ് ലൈബ്രറിയില്‍ പോലും വെക്കുകയുള്ളൂ.
അങ്ങനെ 1981 ജൂലായ് മാസം അവസാനം
എന്റെ പി.എച്.ഡി തീസിസ് സമര്‍പ്പിക്കപെട്ടു. അതിനു ശേഷം നളന്ദ ഹോസ്റ്റലിലെയും മറ്റും ബാദ്ധ്യത
തീര്ത്തു പരീക്ഷാ ഫീസും അടച്ചു തിരിച്ചു പോന്നു. രണ്ടു പരീക്ഷകര്‍ ഇന്ത്യയില്‍ നിന്ന് ഒരാളും
വിദേശത്തു നിന്ന് മറ്റൊരാളും ഉണ്ടാവും. ഇവര്‍
രണ്ടു പേരും തീസിസ് വായിച്ചു നോക്കി തൃപ്തികരമാണ് എന്ന് റിപ്പോര്‍ട്ടയച്ചാല്‍
മാത്രമേ തീസിസ് ഡിഫന്സ് എന്ന വാചാപരീക്ഷ നടക്കുകയുള്ളൂ. വാചാപരീക്ഷയ്ക്ക് ഗൈഡന്മാരും ഡിപ്പാര്‍ട്ടുമെന്റിലെ
ഗവേഷണ മേല്നോട്ട കമ്മറ്റിയുടെ ( DPGC) അദ്ധ്യക്ഷനും
രണ്ടു പരീക്ഷകരില്‍ ഒരാളും കൂടിയാണ് വാചാപരീക്ഷ നടത്തുക. ഡിപ്പാര്‍ട്ടുമെന്റില്‍ ഉള്ള എല്ലാവര്‍ക്കും
പങ്കെടുക്കാവുന്ന രീതിയിലാണ് ഡിഫന്സ് നടത്തുന്നത്. ബാഹ്യ പരീക്ഷകരില്‍ നിന്ന് റിപ്പോര്‍ട്ടു
കിട്ടുവാനെടുക്കുന്ന സമയം എത്രയാണോ അത്രയും താമസം വരും ബിരുദം കിട്ടാന്‍. ഏതായാലും ഒരു ഗവേഷണ വിദ്യാര്‍ത്ഥി എന്ന നിലയില്‍
എന്റെ ജോലി ഞാന്‍ തീര്‍ത്തു. ഗുരുക്കന്മാരോടും
സഹപ്രവര്‍ത്തകരോടും നന്ദി പറഞ്ഞു ഞാന് 1981 ജൂലായ്
അവസാനം തിരിച്ചു ആറീസി യില്‍ എത്തി ചേര്‍ന്നു പഴയ അദ്ധ്യാപക വൃത്തി തുടര്ന്നു.
Comments
Post a Comment