42. പൂര്‍വ വിദ്യാര്‍ത്ഥിയുടെ സഹായത്തില്‍ സിംഗപൂരിലൊരു ജോലി
ആദ്യമായി ഒരു ഇന്‍റെര്‍നാഷണല്‍ കോണ്ഫെറന്സിനു പൊകാന്‍ അവസരം കിട്ടിയത് ഹവായിയിലെ ഹോണോലുലുവില്‍ ആയിരുന്നു. അവിടേക്കു പോകുന്നതിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂറില്‍ ജോലി ചെയ്തിരുന്ന എന്‍റെ ഒരു പൂര്‍വ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഒരു ഈമെയില്‍ കിട്ടി. “സാറിനു താല്‍പര്യം ഉണ്ടെങ്കില്‍ ഞാന്‍ ജോലി ചെയ്യുന്ന ഡാറ്റാ സ്റ്റൊറേജ് സ്ഥാപനത്തില്‍ ഒരു വിസിറ്റിങ് പ്രൊഫസറായി ജോലി ചെയ്യാന്‍ കണ്ട്റോള്‍ സിസ്റ്റത്തില്‍ അവഗാഹമുള്ള ഒരാളെ നോക്കുന്നുണ്ട്. സാറിനു താല്‍പര്യം ഉണ്ടെങ്കില്‍ ബയൊഡാറ്റ അയക്കുക” എന്നാവശ്യപ്പെട്ടു. വലിയ പ്രതീക്ഷ ഇല്ലായിരുന്നു എങ്കിലും ബയോഡാറ്റാ തട്ടിക്കൂട്ടി അയച്ചു. അവര്‍ ഒരു ഇന്‍റര്‍വ്യൂവിനു വരാമോ എന്നു ചോദിച്ചു. അപ്പോഴാണ് ഹവായി ദ്വീപസമൂഹത്തിലെ ഹോണോലുലുവിലേക്കുള്ള ആദ്യത്തെ വിദേശയാത്ര. അവിടെ പോയി മടക്കയാത്രയില്‍ സിംഗപൂരില്‍ ഇന്റെര്‍വ്യൂവിനു ഹാജരായി. ഔപചാരികമായ ഇന്‍റെര്‍വ്യൂ ഒന്നും ഉണ്ടായിരുന്നില്ല, അവര്‍ സ്ഥാപനം ചുറ്റി നടന്നു കാണിച്ചു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞു ജോലിയുടെ വാഗ്ദാനം കിട്ടി. എത്രയും വേഗം ജോലിക്കു ചേരുക എന്നതായിരുന്നു നിര്‍ദ്ദേശം. പോകുമ്പോള്‍ തന്നെ ഞങ്ങളുടെ കോളേജില്‍ വെച്ച് അഖിലേന്ത്യാ സിസ്ടംസ് കോണ്ഫെറന്‍സിന്റെ പരിപാടികള്‍ തുടങ്ങി കഴിഞ്ഞിരുന്നു. കോണ്ഫെറന്സ് ഡിസംബറില്‍ കഴിഞ്ഞു എങ്കിലും അതിന്റെ വരവുചെലവ് കണക്കുകള്‍ പൂര്‍ത്തിയാക്കി കൊണ്ഫെറന്സ് നടത്താന്‍ സഹായിച്ച എല്ലാ സ്പോണ്സര്‍മാരെയും കണക്ക് ആഡിറ്റു ചെയ്തു കാണിക്കേണ്ട ഉത്തരവാദിത്തം ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ എന്റേതായിരുന്നു. പോരാഞ്ഞു സംഭവം കഴിഞ്ഞു മറ്റുള്ളവരുടെ സഹകരണവും സ്വാഭാവികമായി കുറഞ്ഞു. വകുപ്പ് തലവന്‍ എന്നുള്ള ഉത്തരവാദിത്വവും ജൂണ്‍ മാസം വരെ ഉണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍ സിംഗപൂരിലേക്കുള്ള യാത്ര അല്‍പ്പം വൈകിക്കേണ്ടി വന്നു. ചുരുക്കത്തില്‍ ഏപ്രില്‍ മാസം ആദ്യമേ യാത്ര പുറപ്പെടാന്‍ കഴിഞ്ഞുള്ളൂ.
ഏതായാലും ഒരു വര്‍ഷത്തെ അവധിയെടുത്താണ് പോയത്. അന്ന് ആര്‍ ഈ സി യില്‍ സബാത്തിക്കല്‍ അവധി ഭരണസമിതി
അംഗീകരിച്ചിരുന്നു. നീണ്ട
കാലം ജോലിയില്‍ ഇരുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷം ശമ്പളത്തോടുകൂടിയുള്ള
അവധിയെടുത്തു വിദേശയാത്രയോ വ്യവസായ ഗവേഷണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയോ
പുസ്തകം എഴുതുകയോ എന്തും ആവാം ഈ അവധിക്കാലത്ത്. എന്റെ നിയമനം ഒരു ഗവേഷണ സ്ഥാപനത്തില്‍ വിസിറ്റിംഗ്
പ്രൊഫസര്‍ എന്ന നിലയില്‍ ആയിരുന്നതുകൊണ്ടു ഈ അവധിയുടെ നിബന്ധനകളില്‍
പെട്ടതായിരുന്നു. അങ്ങനെ
ബോര്‍ഡില്‍ വച്ച് ഈ അവധി പാസാക്കി എടുത്തു. അങ്ങനെയാണ് പുറപ്പെട്ടത്. മകളും മരുമകനും അമേരിക്കയില്‍ ജോലിക്കായി
പോയിക്കഴിഞ്ഞു. മകന്‍
എം.ഡി
ക്ക് മൂന്നാം വര്‍ഷം ആകുകയും ചെയ്തു. അയാള്‍ക്ക് അമ്മയെയും അച്ഛനെയും പിരിഞ്ഞിരിക്കാന്‍ അല്‍പ്പം വിഷമം
ഉള്ളതായി തോന്നി, എങ്കിലും
ആറ്റു നോറ്റു കിട്ടിയ ഈ അവസരം കളയാതെ നോക്കണമല്ലോ എന്ന് തീരുമാനിച്ചു.
ഡാറ്റാ സ്റ്റോറേജ് ഇന്സ്റ്റിറ്റ്യൂട്ടില്‍ എനിക്ക് ഈ അവസരം
കിട്ടാന്‍ കാരണമായ എന്റെ പൂര്‍വ വിദ്യാര്‍ത്ഥി ശ്രീ ശിവദാസ് പറഞ്ഞതില്‍ നിന്നും അവര്‍
വാഗ്ദാനം നല്കിയ പ്രതിഫലം മാന്യമായതാണെന്നും രണ്ടു പേര്‍ക്ക് സുഖമായി ജീവിക്കാനും
അല്‍പ്പം വല്ലതും മിച്ചം വെക്കാനും കഴിയുമെന്നും ഉറപ്പു പറഞ്ഞു. നിയമനം ആദ്യം പറഞ്ഞത് ഒരു വര്‍ഷത്തേക്കായിരുന്നു
എങ്കിലും ആറു മാസമായിട്ടാണ് മെമ്മോയില്‍ കണ്ടത്. ആവശ്യമെങ്കില്‍ പരസ്പര ധാരണയോടെ ആറു മാസം കൂടി
നീട്ടാം എന്ന വ്യവസ്ഥയില്‍. എനിക്ക് താല്പര്യം ഉണ്ടെങ്കില്‍ ശിവദാസ് അയാളുടെ
ഫ്ലാറ്റില്‍ ഉള്ള ഒരു മുറിയില്‍ പേയിംഗ് ഗസ്റ്റായി താമസിക്കാമെന്നും അറിയിച്ചു. അന്നത്തെ നിരക്കില്‍ ഭക്ഷണത്തിനും വാടകയിനത്തിലും ഒരു
നിശ്ചിത തുക തന്നാല്‍ മതി, സാറിനു
ഇഷ്ടമാകുന്നില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വേറെ ഫ്ലാറ്റ് എടുത്തു പോകുകയും
ആവാം എന്നു അയാള്‍ പറഞ്ഞപ്പോള്‍ വളരെ സ്വീകാര്യമായി തോന്നി. ഈ കുറഞ്ഞ കാലത്തേക്ക് ഫ്ലാറ്റും ഫര്‍ണിച്ചറും ഒക്കെ
അന്വേഷിച്ചു നടക്കേണ്ട ബുദ്ധിമുട്ടും ഒഴിവായല്ലോ എന്ന് സമാധാനിച്ചു. അങ്ങനെ ഞങ്ങള്‍ ചെന്നൈ വഴി സിംഗപൂര്‍ എയര്‍ ലൈന്സില്‍
യാത്ര ചെയ്തു ചാംഗി വിമാനത്താവളത്തില്‍ ഇറങ്ങി ശിവദാസിന്റെ വീട്ടിലെത്തി.
ശിവദാസിന്റെ വീട്ടില്‍
ഭാര്യ പ്രിയയും മകള്‍ അഞ്ചു വയസ്സുള്ള ഗായത്രിയും (അമ്മു) യും ആയിരുന്നു താമസം. രണ്ടു ബെഡ് റൂം ഉള്ള ഏഴാം നിലയിലെ ഫ്ലാറ്റ് . നല്ല സൌകര്യമുള്ള ഫ്ലാറ്റ്. ഞങ്ങള്‍ക്ക്, ഭാര്യക്കും എനിക്കും, താമസിക്കാന്‍ ധാരാളം സൗകര്യം. അമ്മുവിന്റെ കൂട്ടും. ഞങ്ങള്‍ അവളുടെ അപ്പുപ്പനും അമ്മുമ്മയുമായി ( മകള്‍ക്ക് അന്ന് കുട്ടികള്‍ ആയിട്ടില്ല). എല്ലാകാര്യത്തിലും ഭക്ഷണകാര്യത്തില്‍ ഉള്‍പ്പെടെ ഏകദേശം ഒരേ ചിന്താഗതിയുള്ള കുടുംബം. രാവിലെ ഒരുമിച്ചു ജോലിക്കുപോകാം ഒരുമിച്ചു തിരിച്ചു
വരാം അങ്ങനെ. വീട്ടു
ജോലിക്കായി ഒരു ശ്രീലങ്കന്‍ തമിഴ് സംസാരിക്കുന്ന പെണ്കു്ട്ടിയും ഉണ്ട്. പ്രിയ ഒരു എംബസിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു, ആ സമയത്ത് ശ്രീമതിക്ക് കൂട്ടായി ഈ പെണ്കുട്ടിയുമായി. എല്ലാം നല്ലതിന്. അങ്ങനെ ആറുമാസം അവരുടെ കൂടെ കഴിഞ്ഞു. അവിടത്തെ അനുഭവങ്ങളെ കുറിച്ച് ശ്രീമതി തന്നെ എഴുതിയിട്ടുണ്ടു. അത് കൊണ്ടു വീണ്ടും എഴുതുന്നില്ല. താല്പര്യം ഉള്ളവര്‍ അയാളുടെ ബ്ലോഗ് വായിക്കാം. (https://singaporememoriesmalathy.blogspot.in/) അല്ലെങ്കില്‍
ആമസോണില്‍ ഈബുക്കായി പ്രസിദ്ധീകരിച്ച പുസ്തകം
വായിക്കാം .
പക്ഷെ
ഞങ്ങള്‍ സിംഗപൂരില്‍ ഡാറ്റ സ്റ്റോറേജ് ഇന്സ്റ്റിറ്റ്യൂട്ടില്‍ എത്തിയപ്പോള്‍
അപ്രതീക്ഷിതമായ ഒരു കാര്യം സംഭവിച്ചിരുന്നു. എന്നെ അവിടേക്ക് ക്ഷണിക്കാന്‍ പ്രധാന കാരണമായിരുന്ന
ഞാന്‍ ജോലി ചെയ്യാനുദ്ദേശിച്ച ഗ്രൂപ്പിന്റെ തലവന്‍ ഡോ ടോണി അവിടെ നിന്നുപോയിരുന്നു. അദ്ദേഹം ന്യുയോര്‍ക്ക് സ്റ്റെയിറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് പി.എച്.ഡി കഴിഞ്ഞയാളായിരുന്നു. ഫോര്‍മോസ ആയി അറിയപ്പെട്ടിരുന്ന ഇന്നത്തെ തായ്‌വാന്‍
നിന്നും വന്നയാള്. വളരെ
നല്ല മനുഷ്യന്‍ , താന്‍
ചെയ്യുന്നത് എന്തു എന്തിനു എന്ന് വ്യക്തമായ അറിവുള്ളയാള്‍. അദ്ദേഹം വിവാഹം കഴിച്ചത് ഒരു കനേഡിയന്‍ സ്ത്രീയെ
ആയിരുന്നു. അവര്‍ക്ക്
സിംഗപൂരില്‍ വച്ച് ഒരു കുട്ടിയും ഉണ്ടായി. പക്ഷെ തണുപ്പ് രാജ്യങ്ങളില്‍ നിന്ന് വന്ന അവരുടെ
കുട്ടിക്ക് സിംഗപൂരിലെ ഭൂമദ്ധ്യരേഖയിലെ ചൂട് കാലാവസ്ഥ തീരെ പിടിച്ചില്ല. കുട്ടിയുടെ അസുഖം മാറാതെയായപ്പോള്‍ അവര്‍ തിരിച്ചു
അമേരിക്കയിലേക്ക് പോയി. അങ്ങനെ
എന്റെ ബോസ്സ് ആകുമായിരുന്നയാള് പോയി. പകരം വന്നയാള്‍ വലിയ ചൈനയില്‍ നിന്ന് വന്നയാള്‍. ടോണിയെപ്പോലെയല്ല. ഒന്നും അറിയാന്‍ വയ്യാത്ത ഒരുസാധു. പരസ്പരം സംസാരിക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ളയാള്. എന്നെ അവിടേക്ക് എന്തിനാണ് വരുത്തിയത് എന്നുതന്നെ അയാള്‍ക്കറിയില്ലായിരുന്നു. ഞാന്‍
ആറുമാസം അവിടെ മറ്റു ഗവേഷകരുമായി ചിലതൊക്കെ ചര്‍ച്ചചെയ്തു, അവര്‍ക്ക് കുറെ ക്ലാസ് എടുത്തു, അത്ര തന്നെ. പുതിയ ബോസോ ഡയറക്ടരോ എന്നോടു ആറുമാസം ഒരു വര്‍ഷമാക്കുന്നതിനെപ്പറ്റി
ഒന്നും പറഞ്ഞില്ല, ഞാന്‍
ആവശ്യപ്പെട്ടുമില്ല. അങ്ങനെ
ആറു മാസം
കഴിഞ്ഞു ഒത്തിരി അനുഭവങ്ങളും അതുപോലെ കുറെ സുഹൃത്തുകളുമായി ഞങ്ങള്‍ തിരിച്ചു
പോന്നു.
51. തിരിച്ചു
Comments
Post a Comment