43. തിരിച്ചു വരുമ്പോള്‍ വിമാനത്താവളത്തിലെ അനുഭവം
സിംഗപൂരിലെ ഹ്രസ്വകാല ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ തിരുവനന്തപുരത്തേ ക്കായിരുന്നു വിമാനയാത്ര. സില്ക്കെയര്‍ എന്ന വിമാനക്കമ്പനി ആഴ്ചയില്‍ മൂന്നു ദിവസം തിരുവനന്തപുരത്തേക്ക് പറക്കുന്നുണ്ടായിരുന്നു. വിമാനത്തില്‍ കുറെ യാത്ര ചെയ്തിട്ടുണ്ട് എങ്കിലും ഇപ്പോഴും ഇന്ത്യയിലേക്ക് വരുമ്പോള്‍ അല്പം മാനസികസമ്മര്‍ദ്ദം ഉണ്ടാകാറുണ്ട്. കാരണം പ്രധാനമായും കസ്റ്റംസ് എന്ന കടമ്പയാണ്. പലരുടെയും അനുഭവങ്ങള്‍ കേട്ടിരുന്നു എങ്കിലും അവനവന്‍ തന്നെ അനുഭവിക്കുമ്പോഴേ അതിന്റെ ഗൌരവം മനസിലാകൂ.
പുറത്തു ജോലി ചെയ്തു
തിരിച്ചു വരുമ്പോള്‍ നമ്മുടെ കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും എന്തെങ്കിലും ചെറിയ ഉപഹാരങ്ങള്‍ കൊണ്ടു വരുന്നത്
സ്വാഭാവികമാണല്ലോ. നിസ്സാര
വിലയുള്ളതാണെങ്കിലും സ്നേഹമുള്ളവര്‍ അത് സന്തോഷത്തോടെ സ്വീകരിക്കുന്നു. അങ്ങനെ നമ്മുടെ ശ്രീമതിയും ചിലതൊക്കെ ലിസ്റ്റിട്ടു
വാങ്ങി സൂക്ഷിച്ചു. പോരാഞ്ഞു
നാട്ടില്‍ കാണാത്ത ചില ചെറിയ കൌതുകവസ്തുക്കളും അയാള്‍ വാങ്ങി വച്ചിരുന്നു
പലപ്പോഴായി. വെറും
ആറു മാസമേ താമസിച്ചിരുന്നുള്ളൂ എങ്കിലും സാധനങ്ങള്‍ പാക്ക് ചെയ്തപ്പോള്‍ 120 കിലോയില്‍ അധികം ആയി. ആകെ രണ്ടു പേര്‍ക്കു കൊണ്ടു പോകാവുന്നത് 70 കിലോ. ബാക്കി
50 കിലോയ്ക്ക് വലിയ തുക ലഗേജു ചാര്‍ജ്ജായി നല്കണം. നൂറു രൂപ വിലയുള്ള സാധനത്തിനു കൊടുക്കേണ്ട ചാര്‍ജ് ചിലപ്പോള്‍
300 രൂപ വരെ ആകുന്നതു പതിവാണ്. ഭാഗ്യത്തിന് ശിവദാസ് കൂടെ ഉണ്ടായിരുന്നതുകൊണ്ടു ഒരു
ബാഗ് ഉപരിതല ഗതാഗതം വഴി അയക്കാമെന്നു പറഞ്ഞു തിരിച്ചു കൊണ്ടു പോയി. അല്‍പ്പം താമസിച്ചായാലും താരതമ്യേന ചെറിയ തുക
കൊടുത്താല്‍ കപ്പല്‍ മാര്‍ഗ്ഗം അത് വീട്ടില്‍ എത്തിച്ചു തരും എന്ന് അയാള്‍ പറഞ്ഞു. അതുകൊണ്ടു ആറുമാസം ജോലി ചെയ്തു സമ്പാദിച്ച തുക
സിംഗപൂര്‍ എയര്‍പോര്‍ട്ട് ലഗേജില്‍ അടയ്ക്കാതെ രക്ഷപെട്ടു.
മറ്റൊരു കാര്യം
കസ്റ്റംസ് എന്ന കടമ്പ. നമ്മുടെ
കസ്റ്റംസ് വകുപ്പിന്റെ ഇന്‍റെര്‍നെറ്റ് വെബ്സൈറ്റ് നോക്കിയാല്‍ പല കാര്യങ്ങള്‍ക്കും വ്യക്തതയില്ല, പണ്ടു ആരോ പറഞ്ഞത് പോലെ “ അങ്ങനെയും ആവാം കുട്ടി പറഞ്ഞത് പോലെയും ആവാം“ എന്ന സ്ഥിതിയാണ്. ഉദാഹരണത്തിന് ഒരാളിന്റെ പണിയായുധങ്ങള്‍ കൊണ്ടു പോവാന്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ല എന്ന് ഒരിടത്ത് പറയുന്നു. ഏതാണ്ടു ഇരുപതു വര്‍ഷം മുമ്പത്തെ കഥയാണ്. ആശാരിക്കു ഉളിയും കൊട്ടുവടിയും പോലെ ഒരു എഞ്ചിനീയര്‍ക്ക്
ഒരു കംപ്യുട്ടര്‍ പണി ആയുധമായി ഉപയോഗിക്കാന്‍ കഴിയേണ്ടതല്ലേ. പക്ഷെ അന്ന് കമ്പ്യുട്ടറോ ലാപ്ടോപ്പോ കണ്ടാല്‍ കഥ
വേറെ ആയിരുന്നു ആണ്. ഞാന്‍
മകന് വേണ്ടി ഒരു വില കുറ ഞ്ഞ പ്രിന്റര്‍, കുറെ
ബ്ലാങ്ക് സി.ഡി എന്നിവ വാങ്ങിയിരുന്നു. ശ്രീമതിയുടെ സാധനങ്ങളും എല്ലാം കൂടി അന്നത്തെ വിലക്ക്
കഷ്ടിച്ച് 20,000 രൂപയില്‍ കൂടുതല്‍ വരുകയില്ല, മിക്കവാറും സാധനങ്ങളുടെ ബില്ലും എന്റെ കയ്യില്‍
ഉണ്ടായിരുന്നു. എന്നാല്‍
തിരുവനന്തപുരം വിമാന താവളത്തിലെ എന്റെ അനുഭവം വിഷമിപ്പിക്കുന്നതായിരുന്നു. അവിടെ ഇറങ്ങിയപ്പോള്‍ ഞാന്‍ ഗ്രീന്‍ ചാനലില്‍ കൂടി
പുറത്തേക്ക് കടന്നപ്പോള്‍ ഒരു കസ്റ്റംസ് ആഫീസര്‍ എന്നെ പിടിക്കൂടി. സാധനങ്ങള്‍ കയറ്റിയ ട്രോളിയും ആയി എന്നെ ഒരു
വശത്തേക്ക് മാറ്റി നിര്‍ത്തി ചോദ്യം ചെയ്യാന്‍ തുടങ്ങി. ആരാണ്, എന്താണ്, എന്തൊക്കെയാണ് എന്നിതിനൊക്കെ ഞാനുത്തരം പറഞ്ഞു, കമ്പ്യുട്ടര്‍ സാധനങ്ങള്‍ എന്തൊക്കെ എല്ലാം വിശദമായി പറഞ്ഞു. അയാള്‍ക്ക് തൃപ്തിയായില്ല. അയാള്‍ അര മണിക്കൂര്‍ എന്നെ ചോദ്യം ചെയ്തു. അയാള്‍ക്ക് എന്തെങ്കിലും കിട്ടണം എന്ന് വ്യക്തമായിരുന്നു, സിംഗപൂര്‍ ഡോളര്‍ എത്രയുണ്ട് എന്നായി. ഞാന്‍ പറഞ്ഞു ഒന്നുമില്ല. ഞാന്‍ ആവശ്യത്തിനു ഇന്ത്യന്‍ കറന്സി മുസ്തഫാ സൂപ്പര്‍
മാര്‍ക്കറ്റില്‍ നിന്ന് മാറ്റിയാണ് യാത്ര
ചെയ്യുന്നത് എന്ന് പറഞ്ഞിട്ടയാള്‍ക്ക് വിശ്വാസം
ആയില്ല. ഇതൊക്കെ
കഴിഞ്ഞിട്ടും എന്റെ പക്കല്‍ നിന്ന് ഒന്നും കിട്ടുകയില്ല എന്നുറപ്പായപ്പോള്‍ അവസാനം
അയാള്‍ പറഞ്ഞു “ സര്‍ ആര്‍.ഈ.സി.യില്‍ അദ്ധ്യാപകനല്ലേ , എന്റെ മകന്‍ പ്രിഡിഗ്രിക്ക് പഠിക്കുന്നുണ്ട്, അടുത്ത വര്‍ഷം ഒരു പക്ഷെ ആര്‍.ഇ.സി.യില്‍ അവനു പ്രവേശനം കിട്ടി പഠിക്കാന്‍ വന്നെങ്കിലോ, അത് കൊണ്ടു സാര്‍ പൊക്കൊള്ളൂ” എന്ന് പറഞ്ഞു വിട്ടു. : “സന്തോഷം, തന്റെ മകന് ആര്‍.ഈ.സി.യിലേക്ക് വരുമ്പോള്‍ സ്വാഗതം “ എന്ന് പറഞ്ഞു ഞാന്‍ പുറത്തിറങ്ങി.
എന്റെ ഒരു സുഹൃത്ത് പറഞ്ഞ കഥ. അയാള്‍ സിംഗപൂരില്‍ ജോലി ചെയ്യുന്നു, കുടുംബമായി. അയാളുടെ
സഹോദരി ഡിഗ്രി കഴിഞ്ഞു വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ ഒരു പ്രാവശ്യം അയാള്‍
വന്നപ്പോള്‍ പെങ്ങളെയും കൂട്ടി , സിംഗപൂരില്‍
എന്തെങ്കിലും ജോലിക്ക് ശ്രമിക്കാം എന്ന് പറഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കുട്ടിക്ക് വിസിറ്റിങ് വിസയുടെ
കാലാവധി തീരാറായിട്ടും പണി ഒന്നും തരമായില്ല. അവള്‍ തിരിച്ചു പോരാന്‍ തുടങ്ങി. സഹോദരന്‍ അയാളുടെ പഴയ ലാപ് ടോപ് അനുജത്തിക്ക് നല്കി, നീ വീട്ടില്‍ പോയി എന്തെങ്കിലും പഠിച്ചു നമുക്ക്
കുറച്ചുനാള്‍ കഴിഞ്ഞു വീണ്ടും ശ്രമിക്കാം എന്ന് പറഞ്ഞു. കുട്ടി ലാപ്ടോപ്പുമായി തിരുവനന്തപുരത്തിറങ്ങി. നമ്മുടെ കസ്റ്റംസുകാര്‍ പിടി വീണു. പാവം പെണ്കുട്ടിയെ വിരട്ടി 30,000 രൂപാ കെട്ടിയിട്ടു ലാപ്ടോപ്പ് കൊണ്ടു പോയാല്‍
മതിയെന്ന് പറഞ്ഞു. പാവം
അവളുടെ കയ്യില്‍ നാട്ടിലെക്കു ബസ്സില്‍ പോകാനുള്ളതുള്‍പ്പെടെ 500 രൂപാ
മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാപ്പ്
ടോപ് അവിടെ ഏല്പിച്ചു പെണ്കുട്ടി വീട്ടിലെത്തി, ജ്യേഷ്ടന്‍
രാത്രി വിളിച്ചപ്പോള്‍ കാര്യം പറഞ്ഞു. “ സാരമില്ല, മോളെ, അതവന്മാര്‍
എടുത്തു കൊള്ളട്ടെ , അത്
കമ്പനിയില്‍ നിന്ന് ഞാന്‍ വെറും പത്തു ഡോളറിനു വാങ്ങിയതാണ് നീ പൈസയും കൊണ്ടു
പോകേണ്ട “ എന്ന് പറഞ്ഞു (ചില കമ്പനികള്‍ അഞ്ചു വര്‍ഷം
കൂടുമ്പോള്‍ പഴയ ലാപ്ടോപ്പ് മാറ്റി പുതിയത് കൊടുക്കുന്നു. പഴയത് തിരിച്ചു
വാങ്ങി നശിപ്പിക്കാനുള്ള(e-waste) ബുദ്ധിമുട്ട്
കൊണ്ടു അത് ജീവനക്കാര്‍ക്ക് നിസ്സാരവിലയ്ക്ക് കൊടുക്കുന്നു. ഇങ്ങനെ കിട്ടിയ തായിരുന്നു ഈ സാധനം, സാധാരണ ഒന്നോ രണ്ടോ വര്‍ഷം കൂടി ഉപയോഗിക്കാന്‍
ബുദ്ധിമുട്ടുണ്ടാവുകയില്ല എന്ന് മാത്രം). പാവം
ആ കുട്ടി അത് വീട്ടില്‍ കൊണ്ടു പോയി എന്തെങ്കിലും പഠിച്ചു ഒരു ജോലി നേടിയേനെ. പക്ഷെ കണ്ണില്‍ ചോരയില്ലാത്ത കസ്റ്റംസുകാര്‍
അതിനനുവദിച്ചില്ല. പഴയ
സാധനം ആയാലും പുതിയതായാലും അവര്‍ക്ക് ഒന്നുതന്നെ, പ്രത്യേകിച്ചും പാവങ്ങളുടെ. അവര്‍ക്ക് കിട്ടേണ്ടതു
കിട്ടിയാല്‍ എല്ലാം ശുഭം!!
Comments
Post a Comment