45.മകന്റെ വിവാഹവും ഡോക്ടര്‍ കുടുംബവുമായുള്ള ബന്ധവും
ഞങ്ങള്‍ സിംഗപൂരില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ മകന്‍ എം ഡിയും അതോടൊപ്പം DNB യും പൂര്‍ത്തിയാക്കിയിരുന്നു. കോഴിക്കോട്ടു ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കി തുടങ്ങിയിരുന്നു. കേരള സര്‍ക്കാറിന്റെ ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്‍റ് സര്‍ജന്‍ ആയി നിയമനം കിട്ടിയെങ്കിലും അയാള്‍ സ്പെഷ്യലൈസ് ചെയ്ത ജോലി (റേഡിയോ ഡയഗ്നോസിസ്) പ്രാക്ടീസ് ചെയ്യാന്‍ അവസരം കിട്ടാത്തത് കൊണ്ടു നീണ്ട അവധിക്കു എഴുതി കൊടുത്തു. സ്വാഭാവികമായും അയാളുടെ അടുത്ത പടി വിവാഹം ആയിരുന്നുവല്ലോ. വിവാഹം ആലോചന നടത്തുന്നതില്‍ അയാള്‍ക്ക് പ്രതികൂല മനോഭാവം ഒന്നും ഇല്ല എന്നും മനസിലായി. സ്വന്തം ജോലിയില്‍ നിന്നുള്ള ആളാണെങ്കില്‍ നല്ലത് എന്ന് ഞങ്ങള്‍ക്കും അയാള്‍ക്കും സ്വീകാര്യമായിരുന്നു. വീട്ടിൽ മൂന്ന് എഞ്ചിനീയർമാർ ഉള്ളപ്പോൾ രണ്ടു ഡോക്ടർമാർ ഉള്ളതു നല്ലതല്ലേ?
അന്നത്തെ സാഹചര്യത്തില്‍
പത്രത്തില്‍ ഒരു ചെറിയ പരസ്യം കൊടുക്കുകയാണ് ഏറ്റവും നല്ലതെന്ന് തോന്നി . അതിനു മാതൃഭൂമിയില്‍ എഞ്ചിനീയറായ സഹോദരീ ഭര്‍ത്താവിനെ
ചുമതലപ്പെടുത്തി. മോശമല്ലാത്ത
അന്വേഷണങ്ങള്‍ കിട്ടി. അതില്‍
നിന്ന് ആദ്യമേ തന്നെ കണ്ടെത്തിയ ഒന്നില്‍ എം.ബി.ബി.എസ് കഴിഞ്ഞ കുട്ടി, അച്ഛന്, സഹോദരന്‍ അമ്മാവന്‍ എല്ലാവരും ഡോക്ടര്‍മാര്‍ ആയുള്ള
ഒരു കുടുംബം സ്വീകാര്യമായി തോന്നി. തിരുവനന്തപുരം
മെഡിക്കല്‍ കോളെജിനു അടുത്താണ് വീട്, കുട്ടിയുടെ
അച്ഛന്‍ ഗവ. മെഡിക്കല്‍
കോളേജില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍, അമ്മാവന്‍
ജനറല്‍ സര്‍ജന്‍ ,മെഡിക്കല്‍ കോളേജില്‍ നിന്ന് പിരിഞ്ഞു സ്വന്തമായ ഒരു
സര്‍ജിക്കല്‍ ക്ലിനിക് നടത്തുന്നു. അങ്ങനെ
പലതു കൊണ്ടും നമുക്കുചേരുന്ന കുടുംബം. ഡോക്ടര്‍ക്ക്
ഡോക്ടര്‍മാരുടെ കുടുംബവുമായി തന്നെയാവട്ടെ ബന്ധം എന്ന് കരുതി.
പ്രാഥമികമായ അന്വേഷണം
നേരിട്ട് നടത്തുന്നതിനു തിരുവനന്തപുരത്തുള്ള മകളുടെ ഭര്‍ത്താവിന്റെ അച്ഛനെയും
അമ്മയെയും ( എന്റെ
കസിന്‍, ചേച്ചി എന്ന് വിളിക്കും ) ഏര്‍പ്പെടുത്തി. അവര്‍ കുമാരപുരത്തു പോയി കുട്ടിയെ കണ്ടു
മാതാപിതാക്കളുമായി സംസാരിച്ചു. ചേച്ചി
അന്ന് രാത്രി പറഞ്ഞത് നമ്മുടെ മകളെപ്പോലെ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന
കുട്ടി, നാത്തൂന്മാര്‍ നല്ല ചേര്‍ച്ച ആയിരിക്കുമെന്നും പറഞ്ഞു. പതിവു പോലെ കാര്യങ്ങള്‍ മുന്നോട്ടു പോയി. കുട്ടിയുടെ അച്ഛനും അമ്മാവനും മറ്റു ചില ബന്ധുക്കളും ഞങ്ങളുടെ കോഴിക്കോട്ടെ
വീട്ടില്‍ വന്നു കാര്യങ്ങള്‍ അന്വേഷിച്ചു. 2001
ജനുവരി 29 നു ഞങ്ങളുടെ മകന്റെ വിവാഹം ഗുരുവായൂര്‍
ക്ഷേത്രത്തില്‍ വച്ചു മംഗളമായി നടന്നു.ചേച്ചി
പറഞ്ഞത് പോലെ ഒരു കിലുക്കാംപെട്ടി, എല്ലാ
സമയത്തും നല്ല പ്രസാദാത്മകമായ മുഖഭാവം ഉള്ള കുട്ടി. ഗുരുവായൂര്‍ വിവാഹം കഴിഞ്ഞു ഞങ്ങള്‍ കോഴിക്കോട്ടേക്ക്
പോന്നു , അടുത്ത ദിവസം വൈകുന്നേരം ഞങ്ങളുടെ വീട്ടിനടുത്തുള്ള
അഴകൊടി ഭഗവതീ ക്ഷേത്രം വക കല്യാണമണ്ഡപത്തില്‍ ആര്‍.ഈ.സി.യിലെ സഹപ്രവര്‍ത്തകര്‍ക്കും മകന്റെ സുഹൃത്തുക്കള്‍ക്കും
സത്കാരവും നടത്തി. ക്ഷേത്രത്തിന്‍റെ കല്യാണ
മണ്ഡപം ആയതുകൊണ്ട് കോഴിക്കോട്ടെ
പതിവു കോഴി ബിരിയാണി
കൊടുക്കാന്‍ കഴിഞ്ഞില്ല എന്നു
മാത്രം. അങ്ങനെ
ഞങ്ങളുടെ വീട്ടില്‍ രണ്ടു ഡോക്ടര്‍മാര്‍ ആയി, മകനും
മകന്റെ ഭാര്യയും.ഞങ്ങളുടെ
ഇളയ മകളായി അവള്‍ പെട്ടെന്ന് ഞങ്ങളുടെവീട്ടിലെ അംഗമായി മാറി. മാലതി
പറയുമായിരുന്നു ദൈവാനുഗ്രഹം കൊണ്ട് ഞങ്ങള്‍ക്ക് അങ്ങനെ രണ്ട്
മക്കളും രണ്ട് മരുമക്കളും ഉള്‍പ്പെടെ നാലു
മക്കള്‍ ആയി എന്നു. അവര്‍ രണ്ട്
ദമ്പതികളും കുട്ടികളുമായി
മറ്റു രണ്ടു ഭൂഖണ്ഡത്തിലാണെങ്കിലും ദൈവകൃപയാലും
ഞങ്ങളുടെ മാതാപിതാക്കളുടെയും
അവരുടെ സ്നേഹമയിയായ അമ്മയുടെയും
അനുഗ്രഹത്തോടെ സന്തോഷമായി കഴിയുന്നു.
മരുമകള്‍ക്ക്
പി ജി ചെയ്യണമെന്നുണ്ട്. അതിനുള്ള തയാറെടുപ്പും നടന്നു കൊണ്ടിരുന്നു. ഈ സമയത്താണ് എനിക്ക് മറ്റൊരു വിദേശജോലിക്ക് ക്ഷണം
കിട്ടിയത്. മദ്ധ്യ
ധരണ്യാഴിയുടെ തീരത്ത് തുര്‍ക്കിയിലെ അഡന എന്ന ചെറിയ പട്ടണ ത്തില്‍ .അതിനെപ്പറ്റി
പിന്നീട്.

Comments
Post a Comment