47. മദ്ധ്യ ധരണ്യാഴിയുടെ തീരത്തേക്ക് ഒരു യാത്രയ്ക്കവസരം
സിംഗപ്പൂരില്‍ പോയപ്പോള്‍ കിട്ടിയ അവധി മുഴുവന്‍ എടുക്കാതെ തിരിച്ചു വന്നു ആര്‍.ഈ.സി യില്‍ ചേര്‍ന്ന വിവരം മുമ്പെഴുതിയിരുന്നു. പതിവുപോലെ കൂടുതല്‍ അദ്ധ്യാപനവും കുറച്ചു ഗവേഷണവും മറ്റുമായി സമയം കഴിച്ചു. പുസ്തകം എഴുതാനെന്നോ മറ്റോ പറഞ്ഞു വേണമെങ്കില്‍ ശമ്പളം വാങ്ങി അനുവദിച്ച അവധിയില്‍ ബാക്കി സമയം വീട്ടില്‍ ഇരിക്കാമായിരുന്നു. പക്ഷെ വെറുതെ ഇരുന്നു ശമ്പളം വാങ്ങുന്നു എന്ന് ആള്‍ക്കാരെ ക്കൊണ്ടു പറയിപ്പിക്കെണ്ട എന്ന് കരുതിയാണ് തിരിച്ചു ജോലിയില്‍ പ്രവേശിച്ചത്.
ഒരു വര്‍ഷം കഷ്ടിച്ചു
തികയാറായപ്പോളാണ് കുറെ നാള്‍ മുമ്പ് പാലക്കാട്ട് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച്
പണ്ടു പരിചയപ്പെട്ടിരുന്ന ഒരു അദ്ധ്യാപകന്‍ ടര്‍ക്കിയില്‍ ജോലി ചെയ്യാന്‍
താല്പര്യം ഉണ്ടോ എന്നന്വേഷിച്ചു കൊണ്ട് ഒരു ഈമെയില്‍ അയച്ചത്. അദ്ദേഹം വര്‍ഷങ്ങളായി ടര്‍ക്കിയിലും സൈപ്രസ്സിലും
ജോലി ചെയ്തു കൊണ്ടിരിക്കുന്നു, ഇപ്പോള്‍
ടര്‍ക്കിഷ് സൈപ്രസിലായിരുന്നു. എന്നാല്‍
അദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്ന മദ്ധ്യധരണ്യാഴിയുടെ തീരത്തുള്ള അഡന എന്ന സ്ഥലത്തെ
ചുക്കുറോവ യൂണിവേര്‍സിറ്റിയിലാണു നിയമനം. വിദ്യാര്‍ത്ഥിസുഹൃത്ത്
സിംഗപൂരിലേക്ക് പോകാന്‍ സഹായിച്ചതുപോലെ. ഇവിടെയും
സുഹൃദ് ബന്ധം ആണ് പുതിയ ഒരവസരം ഉണ്ടാക്കി തന്നത്.
എന്നാല്‍ കോളേജില്‍
നിന്ന് അവധി കിട്ടാന്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടായി. ഞാന്‍ സബാട്ടിക്കലവധി എടുത്ത സമയത്ത് ബോണ്ട്
ഒപ്പിട്ടത് ഒരു വര്‍ഷം എടുത്ത അവധിക്കു മൂന്നു വര്‍ഷത്തെ സേവനം ചെയ്യാം എന്ന
വ്യവസ്ഥയിലായിരുന്നു. ആറുമാസം
മാത്രം അവധിയെടുത്തതുകൊണ്ടു ആനുപാതികമായി ഒന്നര വര്‍ഷം ജോലിയില്‍ തുടര്‍ന്നാലെ
ബോണ്ടില്‍ നിന്ന് വിമുക്തനാവൂ. ഒരു വര്‍ഷം
പൂര്‍ത്തിയാക്കി കഴിഞ്ഞു. ടര്‍ക്കിയില്‍
പോകാന്‍ ശമ്പളം ഇല്ലാത്ത അവധിയാണാവശ്യപ്പെട്ടത് എന്നതു കൊണ്ടു ബാക്കിയുള്ള
ആറുമാസം കൂടി കണക്കാക്കി പുതിയ ബോണ്ട് ഒപ്പിട്ടാല്‍ പോരേ എന്നായിരുന്നു എന്റെ
പക്ഷം. എന്നാല്‍ പ്രിന്സിപ്പാളിനു അനുകൂല മനോഭാവം
ഇല്ലായിരുന്നു. അന്ന്
ബോര്‍ഡു ചെയര്‍മാനായ വിദ്യാഭ്യാസ മന്ത്രിക്ക് പകരം തീരുമാനങ്ങള്‍ എടുത്തിരുന്നത്
ഞങ്ങളുടെ കുട്ടനാടു എം.എല്‍.എ ആയിരുന്നു എന്ന് കേട്ടു. ആര്‍.ഈ.സി ചെയര്‍മാനായും
ഫലത്തില്‍ ഇദ്ദേഹം ആണ് പ്രവര്‍ത്തിച്ചത്. എന്റെ സുഹൃത്തും മെക്കാനിക്കല്‍ വകുപ്പിലെ ഒരു
ലെക്ച്ചററുടെ ബന്ധുവുമായ അദ്ദേഹത്തിനോട് ഈ
കാര്യം സൂചിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞു സാറിന്റെ നാട്ടുകാരന്‍ എം.എല്‍.എ
അല്ലെ, ഒന്ന് കണ്ടു സംസാരിച്ചാല്‍ കാര്യം നടക്കും , അയാള്‍ ഫോണില്‍ വിളിച്ചു പറയാമെന്നും ഏറ്റു. അങ്ങനെ നാട്ടില്‍ പോയി അദ്ദേഹത്തെ കണ്ടു, കാര്യം പറഞ്ഞു. പൂര്‍ണമനസ്സോടെ
അല്ലെന്നു തോന്നിയെ ങ്കിലും വേണ്ടത് ചെയ്യാം എന്നേറ്റു. മുകളില്‍ നിന്ന് അങ്ങനെ അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തിയാണ് രണ്ടു വര്‍ഷത്തെ ശമ്പളം ഇല്ലാത്ത
അവധി അനുവദിച്ചത്.
ഞാന്‍ ടര്‍ക്കിയിലേക്ക്
പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ അവിടെ നാണയപ്പെരുപ്പത്തിന്റെ ബുദ്ധിമുട്ട്
കലശലായിരുന്നു. വാഗ്ദാനം
ചെയ്യപ്പെട്ട പ്രതിഫലം ചിലവിനു മതിയാവും എന്ന് തോന്നി. പ്രത്യേകിച്ചും വിദേശ കറന്സിയില്‍ ആണെങ്കില്‍. എങ്കിലും സ്ഥലങ്ങള്‍ കാണാനും പുതിയ ആള്‍ക്കാരെ
പരിചയപ്പെടാനും ഉള്ള ആഗ്രഹം ടര്‍ക്കിയിലേക്ക് നയിച്ചു. മകനെയും ഭാര്യയെയും കോഴിക്കോട്ടു തനിച്ചാക്കി
പോകേണ്ടി വരുന്നതില്‍ അല്പം വിഷമം ഉണ്ടായിരുന്നു എങ്കിലും അവര്‍ നവദമ്പതികള്‍
സ്വതന്ത്രരായി നടക്കട്ടെ എന്ന് കരുതി. അവരെപ്പോലെ
സുഹൃത്തുക്കളായ ഒന്നു രണ്ടു ഡോക്ടര്‍ ദമ്പതികളും ഉണ്ടായിരുന്നു കൂട്ടിനു. കൂടുതലും ഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നു എന്നാണ്
കേട്ടതു . പാരഗനും
സൈനൂസും എല്ലാം അവരുടെ സ്ഥിരം താവളങ്ങളായിരുന്നു. മകള്‍ക്ക് ഉള്ള സമയം മെഡിക്കല്‍ പി.ജി പ്രവേശന പരീക്ഷക്ക് പഠിക്കുവാനും അവസരം കിട്ടി.
അന്നു ഇന്ത്യയില്‍ നിന്ന് ടര്‍ക്കിയിലെ ഒരു
വിമാനത്താവളത്തിലേക്കും നേരിട്ട് വിമാന സര്‍വീസ് ഇല്ല. എമിറേറ്റ്സും ഗള്‍ഫെയറും ആയിരുന്നു ടര്‍ക്കിയിലേക്ക് രണ്ടു
വിമാനം പറത്തുന്ന രണ്ടു കമ്പനികള്‍. അതും
ഇസ്റ്റാംബുളിലേക്ക്. എമിറേറ്റ്സ് ഡ്യുബായ് വഴിയും, ഗള്‍ഫെയര്‍
ബഹ്രീന് വഴിയും. ഗള്‍ഫെയര്‍
വിമാനം മദിരാശിയില്‍ നിന്നോ ബോംബെയില്‍ ചെന്നോ കയറണം . എമിറേറ്റ്സ് അന്ന് ബോംബെയില്‍ നിന്ന് മാത്രം ആയിരുന്നു
പുറപ്പെട്ടിരുന്നത്.ഞങ്ങള്‍
ഗള്‍ഫെയറിലാണ് ആദ്യം യാത്ര ചെയ്തത്. അവിടേക്കുള്ള
യാത്രയുടെയും ശ്രീമതിയുടെ അകാരണഭയങ്ങളും അടുത്ത ലക്കത്തില്‍ .
Comments
Post a Comment