48.ടര്‍ക്കിയിലേക്കുള്ള യാത്ര
ഞങ്ങളുടെ വിമാനം ചെന്നയില്‍ നിന്നാണ് ബുക്ക് ചെയ്തിരുന്നത്. ചെന്നയിലേക്ക് ട്രെയിനില്‍ പുറപ്പെട്ടു. കോഴിക്കോട്ടു റെയിൽവേ സ്റ്റേഷനില്‍ ട്രെയിനില്‍ കേറാന്‍ നല്ല തിരക്ക്. നമ്മുടെ നാട്ടുകാരുടെ സ്വഭാവം അറിയാമല്ലോ ഒരാളെ യാത്രയാക്കാന്‍ ഒരമ്പതു പേരെങ്കിലും വരും, അതില്‍ പത്തു പേരെങ്കിലും യാത്ര ചെയ്യുന്ന ആളിനെ സഹായിക്കാന്‍ കമ്പാര്‍ട്ടുമെന്റില്‍ കയറും. ഇതുകൊണ്ട് യഥാര്‍ത്ഥയാത്രക്കാര്‍ക്കാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. ഇപ്പോള്‍ ട്രെയിനില്‍ യാത്രാടിക്കറ്റില്ലാത്തവര്‍ ട്രെയിനില്‍ കയറാന്‍ പാടില്ല എന്ന് നിയമം ഉണ്ടാക്കിയത് കൊണ്ടു കുറച്ചു സമാധാനം ഉണ്ട്. എങ്കിലും നമ്മുടെ നാട്ടിന്‍ പുറത്തു നിന്നു വരുന്ന നിഷ്കളങ്കരായ മനുഷ്യര്‍ക്ക് ഇതൊന്നും ബാധകമല്ല അന്നും ഇന്നും.
വിദേശത്തേക്കുള്ള വിമാനങ്ങള്‍ മിക്കതും നന്നേ പുലര്‍ച്ചെ പുറപ്പെടുന്നത്
കൊണ്ടു തലേ ദിവസം തന്നെ മദിരാശിയില്‍ എത്തി. രാവിലെ ഒന്‍പതുമണിക്കാണ് വിമാനം. ഏഴു മണിക്കു തന്നെ അവിടെ എത്തി. പക്ഷെ ഞങ്ങളുടെ സാധനങ്ങളുമായി
വിമാനത്താവളത്തിലേക്കു കയറാന്‍ നന്നേ വിഷമിച്ചു. മറ്റുള്ളവരെ യാത്രയാക്കാന്‍ വന്നവരുടെ എണ്ണം കൊണ്ടു. ഒരു വിധം അകത്തു കടന്നു. അപ്പോഴാണു വിവരം മനസ്സിലാകുന്നതു. വളരെ പ്രായമായ ആള്‍ക്കാര്‍, അറുപതു അറുപത്തഞ്ചു വയസ്സില്‍ അധികം ഉള്ളവര്‍. ഒറ്റ വെള്ള വസ്ത്രം മാത്രം ഉടുത്തു നിരനിരയായി
തിരിച്ചറിയല്‍ രേഖ കഴുത്തില്‍ തൂക്കി അവരുടെ മുറ നോക്കി ഇരിക്കുന്നു. പലര്‍ക്കും കാലില്‍ നീരും വേറെ അസുഖങ്ങളും
ഉണ്ടെന്നു വ്യക്തമായിരുന്നു. പക്ഷെ ഹജ്ജിനു പോകുന്നതിലുള്ള സന്തോഷത്തില്‍ എല്ലാം
മറന്നവര്‍. ഞങ്ങളുടെ ഫ്ലൈറ്റിനു തൊട്ടു
മുന്‍പു ഒരു സൌദി ഫ്ലൈറ്റ് ഉണ്ടു. അതായിരുന്നു ഇത്ര തിരക്കുണ്ടാവാന്‍
കാരണം.
യുറോപ്പിലെ രോഗി
എന്നറിയപ്പെട്ടിരുന്ന തുര്‍ക്കിയെ കെമാല്‍ പാഷ എന്ന സേനാനായകനാണ്
ആധുനികവല്ക്കരിച്ചത്. ഒന്നാം
ലോകമഹായുദ്ധ കാലത്ത് ഓട്ടോമന്‍ രാഷ്ട്രത്തിന് വേണ്ടി സഖ്യ കക്ഷികള്‍ക്കെതിരെ
ഗള്ളിപോളി യുദ്ധത്തിലെ വിജയത്തിനു ശേഷമാണ് അദ്ദേഹം നേതൃത്വത്തിലേക്ക് വന്നതു. പക്ഷെ ലോക മഹായുദ്ധത്തിനു ശേഷം പരാജിതരായ ഓട്ടോമന്‍ രാജ്യത്തെ
സഖ്യകക്ഷികള്‍ വീതിച്ചെടുക്കുന്നത് തടയാനും കെമാല്‍ പാഷ നേതൃത്വം കൊടുത്ത ടര്‍ക്കിഷ്
സ്വാന്ത്ര്യ പ്രസ്ഥാനത്തിനു കഴിഞ്ഞു. ഈ
യുദ്ധത്തിനു ശേഷം അങ്കാറ തലസ്ഥാനമായി ഓട്ടോമന്‍ രാജവാഴ്ച അവസാനിപ്പിച്ചു ഒരു ടര്‍ക്കിഷ്
റിപ്പബ്ലിക് അദ്ദേഹമാണ് സ്ഥാപിച്ചത്. ആ
രാഷ്ട്രത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയായി. 1924ല്‍ ടര്‍ക്കിഷ്
പാര്‍ലമെന്റാണ് അദ്ദേഹത്തിന് അത്തത്തുര്‍ക്ക്
( തുര്‍ക്കിയുടെ പിതാവ് ) എന്ന സ്ഥാനപ്പേരു നല്കിയത്. പ്രാഥമിക വിദ്യാഭ്യാസം സൌജന്യമാക്കി, എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നിര്‍ബന്ധിതമാക്കി. മതവും രാഷ്ട്രീയവുമായി യാതൊരു ബന്ധവും പാടില്ല എന്നും
നിയമം ഉണ്ടാക്കി. മുസ്ലിം
രാജ്യമായിരുന്നു എങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ എല്ലാ സ്വാതന്ത്ര്യവും
തുല്യമായി അനുവദിക്കപ്പെട്ട രാജ്യങ്ങളില്‍ ഒന്നായിരുന്നു ടര്ക്കി. ( ചില പാശ്ചാത്യ രാജ്യങ്ങള്‍ക്കു മുമ്പേ തന്നെ ) രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും കൂട്ടി ചേര്‍ത്ത് വിശദമായ ഒരു ടര്‍ക്കീകരണം തന്നെ അദ്ദേഹം തുടങ്ങി. ന്യുനപക്ഷത്തില്‍ പെട്ടവര്‍ പോലും ടര്‍ക്കിഷ് ഭാഷ പഠിച്ചിരിക്കണം എന്നത് നിര്‍ബന്ധമാക്കി.
ഞങ്ങളുടെ വിമാനം ചെന്നയില്‍ നിന്ന്
ബഹ്റീനില്‍ ഇറങ്ങി. ബഹ്റീനില്‍ നിന്ന്
ഇസ്റ്റാംബുളിലിലേക്ക് ഫ്ലൈറ്റ് പിടിക്കണം. പകുതി ഭാഗം യുറോപ്പിലും ബാക്കി ഏഷ്യയിലും ഉള്ള
പട്ടണമാണ് ഇസ്താംബുള്‍. ടര്‍ക്കിയുടെ
ഉത്തരഭാഗത്തുള്ള ഇസ്റ്റാംബുളില്‍ നിന്ന് ഞങ്ങള്‍ക്ക് ദക്ഷിണഭാഗത്ത് മദ്ധ്യധരണ്യാഴിയുടെ തീരത്ത്
നിന്ന് അധികം ദൂരത്തല്ലാത്ത അഡനയിലേക്ക് വേറെ ഫ്ലൈറ്റ് പിടിക്കണം.
ഇനിയുള്ള യാത്ര ശ്റീമതിയുടെ
വാക്കുകളില്‍ ആവട്ടെ.
“ബഹ്റീനില്‍ നിന്നു ഇസ്റ്റാന്‍ബുളിലേക്ക് വിമാനം
കയറുമ്പൊള്‍ എന്റെ ഉള്ളില്‍ നിറഞ്ഞുനിന്നതു വിഷാദം മാത്രം. ശ്രീമാന്റെ കൂടെ ജോലിസ്ഥലത്തേക്കു പോരാന്‍ മടിയോടെ
ആണെങ്കിലും സമ്മതിച്ചതോര്‍ത്തു ഞാന്‍ നിരാശയിലാണ്ടു. കാഴ്ചകള്‍ കാണാനുള്ള ആഗ്രഹങ്ങള്‍ക്ക് പോലും വിട പറഞ്ഞു. ഇസ്റ്റാംബുളില്‍ വിമാനം ഇറങ്ങുമ്പൊള്‍ നൈരാശ്യം
പാരമ്യതയിലെത്തി. കൂനിന്മെല്‍ കുരു എന്ന പോലെ ഞങ്ങള്‍ക്ക് പൊകേണ്ട സ്ഥലമായ അഡനയിലെക്കുള്ള
ഫ്ലൈറ്റ് മിസ്സ് ആകുകയും ചെയ്തു. ഭാഗ്യത്തിനു രണ്ടു മണിക്കൂര്‍ കഴിഞ്ഞു വേറെ ഒരു ഫ്ലൈറ്റ് ഉണ്ട് എന്നറിഞ്ഞു ആശ്വസിച്ചു.
കൊച്ചിയില്‍ നിന്നു പുറപ്പെട്ട നാലു യുവാക്കള്‍ ഞങ്ങളുടെ കൂടെ ബെഹ്റീനില്‍
നിന്നും ഉണ്ടായിരുന്നു. മര്‍ചന്റ് നേവിയില്‍ ജോലിക്കു വന്നവര്‍. സുമാറ് അറുപതു വയസ്സു തോന്നിക്കുന്ന തടിച്ചു
കൊഴുത്ത ഒരു മനുഷ്യന്‍ നാട്ടുകാരായ കുട്ടികളെ കൂട്ടി കൊണ്ടു പോയി. എന്റെ പ്രത്യേക മാനസികാവസ്ഥയില്‍ ആ കുട്ടികളുടെ
പേരുപോലും ചോദിക്കാന്‍ കഴിഞ്ഞില്ല. രാത്രി സമയം ഒന്‍പതു മണി കഴിഞ്ഞു, തണുപ്പും. ഏതായാലും അഡനയിലേക്കുള്ള വിമാനത്തില്‍ കയറുമ്പൊള്‍
ഞാന്‍ തികച്ചും ഭയചകിതയായിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് അഡനയില്‍ എത്തി. ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാന്‍ ആരും വരില്ല എന്നു
തോന്നി. തുര്‍ക്കിയിലെ എതെങ്കിലും
തെരുവില്‍ ഒരു അജ്ഞാതനായ ഇന്ത്യാക്കാരനും ഭാര്യയും കൊല്ലപ്പെട്ടു കിടക്കുന്നു എന്ന
വാര്‍ത്ത അടുത്ത ദിവസത്തെ പത്രത്തില്‍ വരുന്ന കാര്യം വരെ ഞാന്‍ പല പ്രാവശ്യം ഓര്‍ത്തിരുന്നു
രാത്രി പതിനൊന്നു മണി കഴിഞ്ഞു. എന്തു ചെയ്യണമെന്നു വിചാരിച്ചു വിഷമിച്ചു നില്‍ക്കുമ്പോള്‍ "മോഹന്‍" എന്ന വിളി. കേട്ടു. യൂണിവേര്‍സിറ്റിയില്‍ നിന്ന് കൂട്ടാന്‍ വന്ന ശ്രീമാന്റെ സഹപ്രവര്‍ത്തകന്‍ കാറുമായി വെളിയില്‍
കാത്തു നിന്നിരുന്നു. സ്വയം ശപിച്ചു വിമാനത്തിലിരുന്ന നിമിഷങ്ങളോര്‍ത്ത് എനിക്കു ലജ്ജ തോന്നി. ഏതായാലും രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഞങ്ങള്‍
തണുത്തു വിറച്ചു യൂണിവേര്‍സിറ്റി ഗസ്റ്റ് ഹൌസില്‍ എത്തി. നീണ്ട യാത്രക്കു ശേഷം തണുപ്പും
ക്ഷീണവും കൊണ്ട് കിടക്കയിലേക്ക്
വീണു എന്നു പറയുകയാവും
നല്ലത്.”
Comments
Post a Comment