49. പട്ടുസാരിയും പൊട്ടും ചുക്കുറോവ സര്‍വകലാശാലയും (ആഖ്യാനം : മാലതി )

ഞങ്ങളെ വിമാനത്താവളത്തില്‍ വന്നു കൂട്ടിക്കൊണ്ടു പോകാന്‍ വന്ന സുഹൃത്തിനെ ഞാന്‍ അബ്ദു എന്ന് വിളിക്കട്ടെ. ശ്രീമാനും അദ്ദേഹവുമായി കാറില്‍ വാ തോരാതെ വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നു. ഇംഗ്ലീഷിലാണ് സംഭാഷണം എങ്കിലും, ഉച്ചാരണ വ്യത്യാസം കൊണ്ടു എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. അബ്ദുവിന് ഒരു മുപ്പതു വയസ്സെങ്കിലും പ്രായമുണ്ടാവും. കൂടെ താമസിക്കുന്നത് രണ്ടാം ഭാര്യയാണെന്നും അവര്‍ ഒന്‍പതു മാസം ഗര്‍ഭിണി ആണെന്നും അവരെ അമ്മയെയും അച്ഛനെയും ഏല്പിച്ചാണ് പോന്നതെന്നും അവര്‍ പറഞ്ഞതില്‍ നിന്നു മനസ്സിലായി. രാത്രി വളരെ വൈകി ഗസ്റ്റ് ഹൌസില്‍ എത്തി ഞങ്ങളുടെ സാധനങ്ങളെല്ലാം സ്വയം മുറിയിലെത്തിച്ചിട്ടു മാത്രമേ അയാള്‍ വീട്ടിലേക്ക് പോയുള്ളൂ. രാവിലെ കാണാം എന്ന് പറഞ്ഞിട്ട്. പിറ്റേന്നു അബ്ദു വരുമെന്ന് ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചില്ല. യാത്രാക്ഷീണം കൊണ്ടു ഞങ്ങള്‍ ഉറങ്ങിപ്പോയി. രാവിലെ വാതില്കല്‍ മുട്ടും 'സാര്‍' എന്ന വിളിയും കേട്ടാണ്‌ ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ അബ്ദു. സമയം എട്ടു മണിയേ ആയിട്ടുള്ളൂ. ഞങ്ങളുടെ ഉറക്കച്ചടവും ക്ഷീണവും കണ്ടാവാം അയാള്‍ പത്തു മണിക്ക് വരാമെന്ന് പറഞ്ഞു പോയി‌. പുതിയ സ്ഥലവുമായി ഞങ്ങള്‍ പരിചയപ്പെട്ടു വരുകയാണ്. ഒരു മാസം ഗസ്റ്റ് ഹൌസില്‍ താമസിക്കാം. അത് കഴിഞ്ഞാല്‍ സ്വന്തമായ താമസ സ്ഥലം കണ്ടെത്തി മാറി കൊടുക്കണം.

ഗസ്റ്റ് ഹൌസില്‍ മൂന്നു നേരവും ആഹാരമുണ്ട്. വൈകുന്നേരങ്ങളില്‍ കുടുംബമായി ആള്‍ക്കാര്‍  വരുന്നു. എന്‍റെ സാരിയും പൊട്ടും എല്ലാവരെയും ആകര്‍ഷിച്ചു. ആദ്യദിവസം തന്നെ ഒരു തുര്‍ക്കിഷ് സുന്ദരി എന്റെ അടുത്ത് വന്നു കുശലപ്രശ്നം ആരംഭിച്ചു. തുടക്കത്തില്‍ തന്നെ അവര്‍ ചോദിച്ചത് "നിങ്ങള്‍ ഹിന്ദുസ്ഥാനി അല്ലെ ? " എന്നാണ്. ഇന്ത്യ അവര്‍ക്ക് എന്നും ഒരു സ്നേഹിത ആണെന്നും അവരുടെ മകള്‍ക്ക് 'ശിവ' എന്നാണു പേരിട്ടിരിക്കുന്നത് എന്നും അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു 'ശിവ' എന്നത് ഒരു ഹിന്ദു ദൈവത്തിന്റെ പേരാണെന്ന്. അത് അവര്‍ക്കറിയാം. എന്‍റെ പട്ടു സാരിയുടെ ഭംഗി അവര്‍ക്ക് എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല. അങ്ങനെ സാരി വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടി. പൊട്ടിനും വലിയ ആവശ്യക്കാരായി. എനിക്ക് അധികം താമസിയാതെ നാട്ടില്‍ നിന്നും പൊട്ടു വരുത്തേണ്ടി വന്നു.

 

തുര്‍ക്കിയിലെ സര്‍ക്കാര്‍  നടത്തുന്ന ഒരു യൂണിവേര്‍സിറ്റിയാണ് ചുക്കുരോവ.  പ്രകൃതി സുന്ദരമായ സ്ഥലത്താണ് ഈ സ്ഥാപനം. എഞ്ചിനീയറിംഗ് മെഡിക്കല്‍ ഉള്‍പ്പെടെ  എല്ലാ വിഭാഗങ്ങളും ഉള്ള വലിയ സര്‍വകലാശാല തന്നെ. ഇതിനു ചുറ്റും ഒരു തടാകമുണ്ട്  വിദ്യാപീഠത്തിനു. നീലച്ചേല ചുറ്റിയതുപൊലെ. അപ്പുറം മലനിരകളാണു. കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നാല്‍ എല്ലാം മറന്നു പോകും. ശനിയും ഞായറും അവധി ആയതുകൊണ്ടു സ്ഥലങ്ങള് കാണാന്‍‌ സമയം കിട്ടിയിരുന്നു. ശ്രീമാന്റെ കൂടെ ജോലിക്കു ചേര്‍ന്ന ഒരു ഇങ്ലീഷുകാരന്‍ പ്രൊഫസ്സറും ഭാര്യയും ഞങ്ങളുടെ കൂടെ ഗസ്റ്റ് ഹൌസില്‍ ഉണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും സ്വന്തം കാറിലാണു അവര്‍ തുര്‍ക്കിയിലെത്തിയതു. അവര്‍ രണ്ടുപേരും തുര്‍ക്കിയില്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി ചെയ്തിരുന്നതു കൊണ്ടു തുര്‍ക്കിഷ്  ഭാഷ നല്ലവണ്ണം അറിയാമായിരുന്നു. ഞങ്ങള്‍ക്ക് അതു വലിയ സഹായമായി. ശ്രീമാന്റെ ജോലി സംബന്ധമായ വര്‍ക്ക് പെര്‍മിറ്റും മറ്റും ശരിയാക്കാന്‍ അദ്ദേഹത്തൊടൊപ്പം കാറില്‍ ഇമിഗ്രേഷനിലും പോലീസിലും പോകാനും വളരെ സഹായമായി. പമീല ഒരു സ്കൂളില്‍  അദ്ധ്യാപിക ആയിരുന്നു. മാ‍ഡം പമീലയും ഞാനും ചെറിയ ഷോപ്പിങ്ങിനു പോയിതുടങ്ങി. ബിസ്കറ്റുകളും ജൂസും, മറ്റും. സായിപ്പിന്റെ കാറില്‍ യൂണിവേര്‍സിറ്റിയില്‍ പോകാനും കഴിഞ്ഞു. പുതിയ അദ്ധ്യാപകര്‍ ജോലിക്ക് ചേര്‍ന്നാല്‍ ഒരു മാസം ഗസ്റ്റ് ഹൌസില്‍ താമസിക്കാം, അതിനു ശേഷം സ്വന്തമായി വീടന്വേഷിച്ച്‌ താമസം മാറ്റണം. അതുകൊണ്ടു പല ദിവസം അഡന നഗരത്തില്‍ പോയി വീടന്വേഷിച്ച്‌ ഗസ്റ്റ് ഹൌസ് ഒഴിഞ്ഞു കൊടുക്കേണ്ട സമയതിനു മുമ്പു തന്നെ അബ്ദുവിന്റെ സഹായത്തോടെ അഡന പട്ടണത്തില്‍ ഒരു വീടു അഥവാ കൂടു കണ്ടെത്തി. രണ്ടു വലിയ മുറികളും അടുക്കളയും കുളിമുറിയും. അബ്ദുവിന്റെ സഹായം കൊണ്ടു പിറ്റെന്നു തന്നെ അത്യാവശ്യം   ഫര്‍ണിച്ചറും ഒപ്പിച്ചെടുത്തു. തുര്‍ക്കിയിലെ വീടുകള്‍ക്ക് സാധാരണ ഗ്ലാ‍സ്സുകൊണ്ടുള്ള് ജനാലകളാണു. അതുകൊണ്ടു കര്‍ട്ടന്‍  ഇല്ലാതെ പറ്റില്ല. തുര്‍ക്കിയിലെ വെള്ള കര്‍ട്ടന്‍  പ്രസിദ്ധമാണു.  തുര്‍ക്കിഷ് കാര്‍പെറ്റു പോലെ . സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ കയറിയാല്‍ കടക്കാര്‍ സ്വീകരിക്കുന്നതു ചെറിയ കപ്പുകളില്‍ കാപ്പിയുമായാണു. നല്ല കൊഴുത്ത കട്ടന്‍ കാപ്പി. പാലൊഴിച്ച കാപ്പി കുടിച്ചു ശീലിച്ച നമുക്കു അതത്ര രുചികരമായി തോന്നുകയില്ല. സാധനങ്ങള്‍ എടുത്തു കാണിക്കാന്‍ അവര്‍ക്ക് വലിയ ഉത്സാഹമാണു. അവരുടെകടയില്‍ നിന്നു വാങ്ങിയില്ലെങ്കില്‍  ഒരു പരാതിയുമില്ല. നമ്മുടെ നാട്ടിലെ ചില കടക്കാരുടെ സ്വഭാവം ഓര്‍മ്മ വന്നു. മൂന്നോ നാലോ സാധനം തിരിച്ചും മറിച്ചും നോക്കികഴിഞ്ഞു നാം സാധനം വാങ്ങാതെപോയാല്‍  കടക്കാരുടെ മുഖഭാവം  കാണാമല്ലോ.  സന്ധ്യയാകുമ്പോള്‍ നിരത്തുകള്‍ സജീവമാവുന്നു. കുട്ടികളും സ്ത്രീകളും എല്ലാം പുറത്തുണ്ടു. കുട്ടികള്‍ക്ക് കളിക്കാന്‍ വലിയ ഗ്രൌണ്ടുകള്‍ ധാരാളം. മിക്ക ഫ്ലാറ്റുകളുടെയും താഴത്തെ നിലയില്‍ കടകളാണു. അത്യാവശ്യം സാധനങ്ങള്‍ അവിടെ കിട്ടും. മിതമായ വിലക്കു. തുര്‍ക്കി ഒരു സമ്പന്ന രാജ്യമൊന്നുമല്ല. നമ്മെക്കാള്‍ പാവപ്പെട്ടവര്‍. മിതമായ ചിലവില്‍ ജീവിക്കാം. സഞ്ചാരികളുടെ പറുദീസയാവാന്‍ ഇതും ഒരു കാരണമാണു. കീശ കാലിയാവാതെ പ്രകൃതിഭംഗിയും മറ്റും കണ്ടു മനസ്സിനു കുളിര്‍മ്മയുമായി തിരിച്ചുപോകാം. യുറോപ്പില്‍ നിന്നു ധാരാളം സഞ്ചാരികള്‍ തുര്‍ക്കിയില്‍ വരുന്നു. തുര്‍ക്കിയിലെ ജനങ്ങളുടെ  സ്നേഹപൂര്‍വം  ആയ പെരുമാറ്റവും ഇതിനു കാരണമാവും. 'അതിഥി ദേവോ ഭവഃ ' എന്നത് നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും വിദേശികളോട് ആരൊക്കെ  പാലിക്കുന്നു എന്ന് നമുക്കറിയാം. വിദേശിക ളില്‍ നിന്ന്  എങ്ങനെയെങ്കിലും  പൌണ്ടോ ഡോളറോ  തട്ടാന്‍ എളുപ്പവഴി  എന്തെന്ന്  ചിന്തിച്ചിരിക്കുന്ന ആള്‍ക്കാരുടെ ഇടയില്‍ എത്രമാത്രം പ്രാവര്‍ത്തികമാണെന്നു സുഖകരമല്ലാത്ത പത്രവാര്‍ത്തകള്‍  കാണിക്കുന്നു, സഞ്ചാരികളെ അപമാനിക്കാനും ആക്രമിക്കാനും ചിലര്‍ ശ്രമിക്കുന്നു എന്നത് സത്യമല്ലേ? നമ്മില്‍ ചിലരുടെ നോട്ടം അവരില്‍ നിന്ന് നമുക്ക് എന്ത് ഗുണം ഉണ്ടാക്കാം എന്ന് മാത്രമാണ്.


അഡന  തടാകം


കലാശാലയിലെ  ശീതള  ഛായയില്‍

 

 


 

 

 

 

Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?