51. അഡനയിലെ ജീവിതം ശാന്തം സുന്ദരം

 ( മാലതിയുടെ  ആഖ്യാനം  തുടരുന്നു )

അഡന ടര്‍ക്കിയുടെ മദ്ധ്യധരണ്യാഴി തീരത്തിനടുത്തുള്ള ഒരു ചെറിയ പട്ടണമാണ്. ചെറുതെങ്കിലും വൃത്തി ഉള്ള നഗരം. ഞങ്ങള്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു തൊട്ടു ഒരു വലിയ മരം ഉണ്ടായിരുന്നു. അതില്‍ കുറെയേറെ ചെറിയ കിളികള്‍ പാര്‍ത്തിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്കെങ്കിലും അവ എല്ലാം ഉണര്‍ന്നു  സംസാരം തുടങ്ങും. ഇന്നലത്തെ സമ്പാദ്യത്തെപ്പറ്റിയോ ഇന്നു പോകേണ്ട വഴികളെപ്പറ്റിയോ, അറിയില്ല. കല പില കല പില എന്നു മാത്രമേ ഞങ്ങള്‍ക്കു മനസ്സിലായുള്ളൂ പലപ്പോഴും ശീലമായപ്പോള്‍ അതു ഞങ്ങള്‍ക്ക്  സുപ്രഭാതം ആശംസിക്കുന്നതു പോലെ തോന്നിത്തുടങ്ങി. എനിക്കു ഇവയോടു വലിയ അടുപ്പം തോന്നി. ഞങ്ങള്‍ ഉറക്കമുണര്‍ന്നെഴുനേല്കുമ്പോഴേക്കും അവ എല്ലാം അന്നത്തെ ആഹാരത്തിനു വേണ്ടി പോയിരിക്കും. വൈകിട്ടു എപ്പൊഴോ കൂടണയും. ‘“ആകാശത്തിലെ പറവകള്‍ വിതയ്കുന്നില്ല, കൊയ്യുന്നില്ല  എന്നൊക്കെ പാടാന് മാത്രമേ കൊള്ളുകയുള്ളല്ലോ.


ചെറിയ നഗരമാണെങ്കിലും ചപ്പു ചവറുകള് നീക്കം ചെയ്യുന്നതിനുള്ള സംവിധാനം മികച്ചതായിരുന്നു. ഒരു ലോഹനിര്‍മ്മിതമായ വലിയ ടാങ്കില് ആള്‍ക്കാര്‍  മാലിന്യം കൊണ്ടുവന്നിടുന്നു. അപൂര്‍വം മാത്രമേ അതു നിറഞ്ഞു കവിഞ്ഞിരുന്നുള്ളൂ. മാലിന്യം വലിച്ചു താഴെയിടാന്‍ നായ്ക്കളോ പെറുക്കികളോ ഇല്ലേ ഇല്ല. അവധി ദിവസം കൂടി രാവിലെയും വൈകുന്നേരവും കൃത്യമായി ലോറിയില് അതു നിറച്ചു മാറ്റിയിരുന്നു .സംഭരണപാത്രം ലോറിയുമായി രണ്ടു കൊളുത്തുകള്‍  വഴി ബന്ധിപ്പിച്ചാല് ടിപ്പറ് ലോറിയിലെപ്പോലെ സാധനം അകത്തു വീഴിക്കാം. മനുഷ്യസഹായമില്ലാതെ. നമ്മുടെ കുടുംബശ്രീയിലെ സഹോദരിമാര്‍ കയ്യുറ പോലും ഇല്ലാതെ പലപ്പോഴും അഴുക്കു വാരിയിടുന്നതു കാണുമ്പോള്‍ സങ്കടം തോന്നാറുണ്ടു. മഴക്കാലത്തിനു മുമ്പു നമ്മുടെ ഓടകള്‍ വൃത്തിയാക്കുന്ന തമിഴരെയും സമ്മതിക്കണം.

 

എനിക്കു ഇവിടെ ചുറ്റിക്കറങ്ങാന്‍ രണ്ടു കൂട്ടുകാരികളെ കിട്ടി. ഒന്നു നമ്മുടെ മദാമ്മ തന്നെ. പ്രൊഫ.റിചാര്‍ഡ്സണിന്‍റെ ഭാര്യ  പമീല. മറ്റൊരാള്‍ ശ്രീമാന്റെ ഡിപ്പാറ്ട്ടുമെന്റു തലവന്‍ പ്രൊഫ. സുലൈമാന്റെ ഭാര്യ ഖതീജ. അവര്‍ക്ക് ഇംഗ്ലീഷില് സംസാരിക്കാന്‍ വയ്യ എങ്കിലും മദാമ്മ ഞങ്ങളുടെ ഇടയില്‍ ദ്വിഭാഷി ആയി പ്രവര്‍ത്തിച്ചു. അവര്‍ക്ക് രണ്ടു പെണ്‍മക്കളായിരുന്നു. രണ്ടു പേരും അങ്കാറായില്‍ പഠിക്കുന്നു. എല്ലാ വീട്ടമ്മമാരെയും പോലെ ഖതീജയുടെയും വിഷമം ആ കുട്ടികളുടെ വിവാഹത്തെപ്പറ്റി ആയിരുന്നു. നമ്മുടെ താജ് മഹാളിനെപ്പറ്റി ഖതീജക്കു എത്ര കേട്ടാലും മതിയാവുകയില്ല. അവര്‍ക്ക് താജ് കാണാന് അതിയായ ആഗ്രഹമുണ്ടു തുര്‍ക്കിയിലെ അന്താലിയ എന്ന ഗ്രാമപ്രദേശത്തു നിന്നാണു അവര്‍ (ഈയിടെ  ഉണ്ടായ ഭൂകമ്പത്തില്‍  അന്താലിയായും ഉള്‍പ്പെപ്പെട്ടിരുന്നു എന്നു  പത്രത്തില്‍  വായിച്ചു : മോഹന്‍ ദാസ് ) അഡനയില്‍ വന്നതു. താജിനെപ്പറ്റി എനിക്കറിയാവുന്ന വിവരങ്ങള്‍ ഞാനവരോടു പറഞ്ഞു. ഇന്ത്യ കാണാന്‍ എന്നെങ്കിലും അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടവര്‍ക്ക്. ഇപ്പൊഴും ഇടക്കൊക്കെ ഞാന് താജിന്റെ ഫൊട്ടോകള്‍  അവര്‍ക്ക് അയച്ചു കൊടുത്തിരുന്നു. അവരുടെ ഒരു മുതു മുത്തഛന് പണ്ടു ഹൈദരാബാദില്‍ ( ഇപ്പോള്‍ പാകിസ്ഥാനിലാണോ അറിയില്ല) വന്നു പഞ്ചസാര കച്ചവടം ചെയ്തിരുന്നു എന്നും അന്നത്തെ കാലത്തുപയോഗിച്ചിരുന്ന ഒട്ടകത്തിന് മേലിടുന്ന തുകല് സഞ്ചി ഇപ്പൊഴും അവര്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നുംപറഞ്ഞു. ശാന്തമായ നദി പോലെ ഒഴുകുന്ന ഒരു ജീവിതം ആയിരുന്നു അഡനയിലെ ജനങ്ങളുടേത്. ഭാവിയെപ്പറ്റി അധികം ഭയാശങ്കകളില്ലാതെ. മിക്കവാറും എല്ലാ ഫ്ലാറ്റു സമുചയങ്ങള്‍ക്കടുത്തും വലിയ മൈതാനങ്ങളുണ്ടു. സ്ത്രീകളും കുട്ടികളും വൈകുന്നേരം ആ പാര്ക്കില്‍  വര്‍ത്തമാനം പറയാനും കളിക്കാനും കൂടുന്നു.

എല്ലാ ബുധനാഴ്ചകളിലും അവിടെ പകല്‍ സമയം സ്ത്രീകള് അവര്‍ തന്നെ ഉണ്ടാക്കിയ സാധനങ്ങള് വില്പനക്കു കൊണ്ടുവരുമായിരുന്നു. ഉച്ചക്കു അവര്‍ കൂട്ടം കൂടിയിരുന്നു ഭക്ഷണം കഴിച്ചു.വില്പന മോശമല്ലാതെ നടക്കുന്നുണ്ടായിരുന്നു. വിലപേശലും ഉണ്ടു. ഞങ്ങള്‍ മൂവര്‍ സംഘം ഇവിടത്തെ സ്ഥിരം സന്ദര്‍ശകരായിരുന്നു. ചിത്രപ്പണികള്‍ ചെയ്ത കിടക്കവിരികള്‍ തലയിണ ഉറകള് ഇവ വാങ്ങി. എല്ലാം കൈകൊണ്ടു തുന്നിയവ. എന്റെ സാരി അവിടെയും ആകര്‍ഷണകേന്ദ്രമായി. എല്ലാവര്‍ക്കും  ഈ ആറുമീറ്ററ് സാധനം ശരീരത്തില്‍ ചുറ്റുന്നതു എങ്ങനെ എന്നു കാണണം. പൊതുസ്ഥലത്തായതുകൊണ്ടു സാരി ഉടുക്കുന്നതു കാണിച്ചുകൊടുക്കാന് കഴിയില്ലല്ലോ. വാക്കാലുളള വിശദീകരണം അവര്‍ക്ക്  തൃപ്തികരമായോ എന്തോ? വഴി വാണിഭക്കാരെല്ലാം അഞ്ചു മണിയാകുമ്പോള് സ്ഥലം കാലിയാക്കി അവരുടെ ഗ്രാമങ്ങളിലേക്കു മടങ്ങും. അടുത്ത ആഴ്ചക്കുള്ള തയ്യാറെടുപ്പിനായി. ചന്ത നടന്ന സ്ഥലത്തു ഒരു കടലാസു കഷണം പോലും കാണുകയില്ല. അവരുതന്നെ എല്ലാം വൃത്തിയാക്കി വെക്കുന്നു. മുനിസിപ്പാലിറ്റിയും വേണ്ട കോര്‍പ്പൊറ്രേഷനും വേണ്ട.

നമ്മുടെ നാട്ടിലെ രീതി അറിയാമല്ലൊ. അവനവന്റെ വീടുകളെത്ര ശ്രദ്ധാപൂര്‍വം അലങ്കരിച്ചു വെക്കുമ്പൊഴും വീട്ടുമതിലിനു പുറത്തേക്കു എന്തും വലിച്ചെറിയാന്‍ നമുക്കു മടിയില്ല. മതിലിനു പുറത്തു മുനിസിപ്പാലിറ്റിയുടെ ജോലി ആണു നമ്മുടെ കണ്ണില്‍. ചിക്കന്‍ ഗുനിയയും ഡെന്‍ങ്കു പനിയും വന്നിട്ടും ഇപ്പോഴും നാം ഈ പരിപാടി തുടര്‍ന്നു കൊണ്ടു തന്നെ ഇരിക്കുന്നു.

എല്ലാവരും   കോടീശ്വരന്മാര്    ബോണസ്   വേണ്ടാത്ത   ജീവനക്കാരും !!!

തുര്‍ക്കിയിലെ നാണയം ലിറ എന്നറിയപ്പെടുന്നു. ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ നാണയപ്പെരുപ്പം മൂര്‍ദ്ധന്യത്തിലായിരുന്നു. ശമ്പളം വാഗ്ദാനം ചെയ്തതു അമേരിക്കന്‍ ഡോളറിന്റെ തുല്യമായ തുകയിലായിരുന്നു എങ്കിലും കയ്യില്‍ കിട്ടിയതു അവരുടെ നാണയത്തിലായിരുന്നു. ഒന്നാം തീയതി ശമ്പളം വാങ്ങിയാല് അപ്പോള്‍ തന്നെ ഡോളറിലേക്കോ പൌണ്ടിലേക്കോ മാറ്റിയില്ലെങ്കില് വൈകുന്നേരം ആകുമ്പോള് അന്പതോ നൂറോ ഡോളറ് നഷ്ടമാകുമെന്ന നില വരെ വന്നു. അന്നു ഒരു ഡോളറിനു 1000000 ( പത്തു ലക്ഷം ) ലീറ വരെ കിട്ടുമായിരുന്നു. എന്നാല് 2005 ല്‍  തുര്‍ക്കിഷ്  ലീറായുടെ മൂല്യത്തില്‍ നിന്നു ആറു പൂജ്യം ഒഴിവാക്കി പുതിയ ലീറ നിലവില്‍  വന്നു. അങ്ങനെ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും ഒരു സുപ്രഭാതത്തില്‍ അങ്ങനെ അല്ലാതായി. ഞങ്ങള്‍  ഒരു കിലൊ ആപ്പിളിനു മൂന്നു മില്യന്‍ (3000000) ലീറ കൊടുത്തു വാങ്ങിയിട്ടുണ്ടു. ഇന്നു അതേ സ്ഥാനത്തു പുതിയ ലീറ മൂന്നു കൊടുത്താല് മതി.

പണപ്പെരുപ്പം വളരെ വര്‍ദ്ധിച്ചപ്പോള്‍ ലോകബാങ്കിന്റെ സഹായത്തോടെ അതു പിടിച്ചു നിര്‍ത്താന്‍  ശ്രമം തുടങ്ങി. ലോകബാങ്കിന്റെ ഒരു പ്രതിനിധി അങ്കാറായില് സ്ഥിരതാമസ വുമായി. പേര് മുസ്തഫാ കമാല്‍ തന്നെ. ഓരോ മാസവും അവസാനം എത്ര തുക കടമായി കിട്ടുന്നു എന്നതിനെ ആശ്രയിച്ചായിരുന്നു ലീറായുടെ മൂല്യം. ഏതെങ്കിലും കാരണം കൊണ്ടു ലോണ് താമസിച്ചാല് ലീറ പെട്ടെന്നു മൂല്യം നഷ്ടപ്പെടുമായിരുന്നു. എല്ലാവര്‍ക്കും ഏതു നാണയത്തിലും ബാങ്കില്‍ പണം സൂക്ഷിക്കാം എന്നത് കൊണ്ടു വളരെയധികം ധനികരായ ചിലര്‍ വിചാരിച്ചാല്‍ പെട്ടെന്ന് ലിറയുടെ മൂല്യം ശോഷിപ്പിക്കാന്‍ സാധിക്കുമായിരുന്നു. എണ്ണത്തില്‍ വളരെ കുറവായിരുന്നു ഇവരെങ്കിലും രാഷ്ട്രീയത്തിലും മറ്റും വളരെ സ്വാധീനമുണ്ടായിരുന്ന ഇവര്‍ ടര്‍ക്കിയിലെ സാമ്പത്തികനില നിയന്ത്രിക്കാന്‍ തക്ക കഴിവുള്ളവര്‍  ആയിരുന്നു.

അദ്ധ്യാപകര്‍ക്ക് എല്ലാ വര്‍ഷവും 10% ബോണസ് കൊടുത്തിരുന്നു. ഞങ്ങളിവിടെ ഉണ്ടായിരുന്ന ഒരു വര്‍ഷം സാമ്പത്തിക പ്രതിസന്ധി മനസ്സിലാക്കി അദ്ധ്യാപകരെല്ലാവരും അവര്‍ക്ക്  ആ വര്‍ഷം ബോണസ് വേണ്ട എന്നു എഴുതിക്കൊടുത്തു!. നമുക്കു തോന്നാം, ഇതെന്തു വെള്ളരിക്കാപട്ടണമോ? ബോണസ് വേണ്ടെന്നു വയ്ക്കുകയോ? ഓരോ വര്‍ഷവും ബോണസ് കൂട്ടാന് വേണ്ടി ഓണത്തിന്റെ തലേന്നു ബസ്സ് പണിമുടക്കു നടക്കുന്ന കേരളത്തിലെ കാര്യങ്ങളോര്‍ത്തു. ഒരു രാഷ്ട്രത്തിന്റെ പുരോഗതിയിലും തകര്‍ച്ചയിലും പൌരന്മാര് എത്ര മാത്രം ബോധവാന്മാരാണു എന്നതു നല്ലൊരു ഉദാഹരണമായിരുന്നു ഇതു. പൊതുസ്ഥലങ്ങളില്‍ ചപ്പുചവറുകള്‍ വലിച്ചെറിയാതിരിക്കാന് സിങ്കപ്പൂറിലെപ്പോലെ ഫൈന്‍ വാങ്ങേണ്ട. ആള്‍ക്കാര്‍  സ്വയം മനസ്സിലാക്കി ചെയ്യുന്നു. വൃദ്ധന്മാര്‍ പോലും കടലാസ് കഷണങ്ങള്‍ കുപ്പത്തൊട്ടിയില്‍ മാത്രമേ നിക്ഷേപിക്കാറുള്ളൂ. അവരവരുടെ പരിസരം വൃത്തിയായി സൂക്ഷിക്കുന്ന തുര്‍ക്കിയിലെ ജനതയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കൂടുതല്‍ ഗഹനമായ ലോകകാര്യങ്ങളില്‍  അവരിടപെടാറില്ല, പക്ഷെ ഒരു പൌരന്റെ കടമകളെപ്പറ്റി അവരില്‍ മിക്കവരും പൂര്‍ണബോധവാന്മായിരുന്നു                                

 

 

 


 

Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?