14.പോസ്റ്റ്മാസ്റ്റരുടെ മനോവിഷമവും സ്നേഹവും
ഇവിടെ ആര്‍.ഈ.സി.യിലെ അന്നത്തെ പോസ്റ്റ്മാസ്റ്ററെ കുറിച്ചാണ് എഴുതുന്നത്. ശ്രീമതിയും കുഞ്ഞുമായി ആര്‍.ഈ.സി.യില്‍ തിരിച്ചുവന്നു അധികം നാളായില്ല. എനിക്ക് പോസ്റ്റാഫീസില്‍ ഒരു കമ്പി എത്തി. വെറും രണ്ടു വാക്കുകള്‍ മാത്രം. വിഷയം "MOTHER EXPIRED". അന്ന് അവിടത്തെ പോസ്റ്റ് മാസ്റ്റര്‍ ആയിരുന്ന ശ്രീ. നോര്‍മ്മന്‍ മൂളിയില്‍ എന്നയാള്‍ക്ക് എന്നെ തീരെ പരിചയം പോരാ. ഇന്നത്തെപ്പോലെ മൊബൈല്‍ ഫോണോ, സാധാരണ ഫോണ്‍ പോലുമോ അന്നില്ല. ഞങ്ങളുടെ ക്യാമ്പസിലാകെ രണ്ടു ഫോണേ ഉള്ളു. ഒന്നു പ്രിന്സിപ്പാളിന്റെ മുറിയിലും മറ്റൊന്ന് പോസ്റ്റ് ഓഫീസിലും. സന്ദേശം വേദനാജനകമായതുകൊണ്ടു അദ്ദേഹം രാവിലത്തെ മെയില്‍ ബാഗുകള്‍ വാങ്ങി തിരഞ്ഞു പോസ്റ്റുമാന്മാരെ യാത്രയാക്കി കഴിഞ്ഞു തിരക്കൊഴിഞ്ഞപ്പോള്‍ മെല്ലെ കമ്പിയുമായി നടന്നു ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റില്‍ എത്തി. എന്റെ ഒരു സീനിയര്‍ സഹപ്രവര്‍ത്തകനായ ഭരതന്‍ സാറിനെ കണ്ടു അന്വേഷിച്ചു. എന്റെ കുടുംബത്തിനെപ്പറ്റി, അമ്മയുടെ ആരോഗ്യനിലയെപ്പറ്റി. അദ്ദേഹത്തിനും നന്നായി അറിയില്ല. ലബോറട്ടറിയില്‍ കുട്ടികളെ സഹായിച്ചു കൊണ്ടിരുന്ന എന്നെ ഭരതന്‍ സാര്‍ പുറത്തേക്ക് വിളിച്ചു. നമുക്കൊരു ചായ കുടിക്കാം എന്ന് പറഞ്ഞു മെല്ലെ അടുത്തുള്ള പാപ്പച്ചന്റെ ചായക്കടയിലേക്ക് നീങ്ങി. ഞങ്ങളെപ്പോലെയുള്ള ചെറുപ്പക്കാരെ പോലെ സാധാരണ ചായകുടിക്കാനൊന്നും പോകാത്ത സാര്‍ എന്നെ വിളിച്ചു ചായകുടിക്കാന്‍ വിളിച്ചതില്‍ എനിക്ക് അല്പം അത്ഭുതം തോന്നി. സര്‍ എന്നോട് മെല്ലെ ചോദിച്ചു ." നിന്റെ അമ്മയ്ക്ക് സുഖമില്ലേ?”. ഞാന്‍ പറഞ്ഞു "അയ്യോ സാറേ എന്റെ അമ്മ ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴേ മരിച്ചുപോയല്ലോ." അപ്പോഴാണ് അദ്ദേഹത്തിന് സമാധാനമായത്. കമ്പി എന്നെ കാണിച്ചു. ഞാന്‍ വായിച്ചു. എന്റെ ഒരു അമ്മൂമ്മ മരിച്ചു എന്നതാണ് സന്ദേശം. സന്ദേശത്തിന്റെ അവസാനം അത് അയച്ച ആളിന്റെ പേര് ബാലകൃഷ്ണ കൈമള്‍ എന്ന പേരു കണ്ടാണ് എനിക്ക് മനസ്സിലായത്. ശ്രീമതിയുടെ അച്ഛന്റെ ജ്യേഷ്ടന്‍ ആരെക്കൊണ്ടോ അയപ്പിച്ച കമ്പി ആയിരുന്നു അത്. കുറെ നാളായി അസുഖമായി കിടന്നിരുന്ന അമ്മാവന്റെ അമ്മ. മാമ്പഴം എടുക്കാന്‍ വേലി ചാടി ചെന്ന എന്നെ വഴക്കു പറഞ്ഞ അമ്മുമ്മ. പക്ഷെ ആര്‍ക്കും ഞെട്ടലുണ്ടാക്കുന്ന “അമ്മ മരിച്ചു” ആ വിവരം പെട്ടെന്ന് ഒരാള്‍ക്ക് ഉണ്ടാക്കാവുന്ന മനോവേദന മനസ്സിലാക്കാന്‍ സ്നേഹസമ്പന്നനും ദയാലുവുമായ ആ പോസ്റ്റ് മാസ്റ്റര്‍ക്കു കഴിഞ്ഞു. ടെലഗ്രാം അയക്കുമ്പോള്‍ പണം ലാഭിക്കാന്‍ വാക്കുകള്‍ ചുരുക്കുമ്പോള്‍ ഉണ്ടാകുന്ന അബദ്ധങ്ങളും മനസ്സിലായി .
Comments
Post a Comment