3. രണ്ടാളും ജോലിയില്‍ കയറി, എനിക്ക് ചില വിവാഹ ആലോചനകളും

  ഞാന്‍  1968  ല്‍   കൊല്ലം ടി.കെ.എം.എഞ്ചിനീയറിങ്ങ്  കോളെജില്‍  നിന്ന് എഞ്ചിനീയറിങ്ങ്  ബിരുദം   നേടി  അവിടെ തന്നെ  അദ്ധ്യാപകനായി ചേര്‍ന്നു. ഇതേ  സമയത്ത്  നമ്മുടെ  കഥാനായിക  എസ്.എസ്.എല്‍.സി  ഉയര്‍ന്ന  മാര്‍ക്കോടെ  ജയിച്ചു ആലപ്പുഴ  സനാതന ധര്‍മ്മ കോളേജില്‍ 3. പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നു. എന്നാല്‍ ദൌര്‍ഭാഗ്യവശാല്‍ അയാള്‍  രണ്ടാം  വര്‍ഷ  പരീക്ഷയില്‍   ഒരു   വിഷയത്തിനു കടമ്പ കടക്കാന്‍ കഴിഞ്ഞില്ല എന്നാണറിഞ്ഞത്. ആ വിഷയം  എഴുതി എടുക്കാന്‍ തിരുവനന്തപുരത്ത്   അമ്മാവന്‍റെ ഒരു ജ്യേഷ്ടന്‍റെ  വീട്ടില്‍  താമസിച്ചു   ട്യൂഷന്‍ എടുത്ത് പരീക്ഷ  എഴുതാന്‍ ശ്റമിച്ചു  എന്നും കേട്ടു. എന്നാല്‍ ഇതിനിടക്ക് എസ്.എസ്.എല്‍.സി.ക്കു കിട്ടിയ   ഉയര്‍ന്ന മാര്‍ക്കിന്‍റെ  അടിസ്ഥാനത്തില്‍  അയാള്‍ക്ക് കോട്ടയം  റബ്ബര്‍  ബോര്‍ഡില്‍ ഒരു  ക്ലാര്‍ക്കായി   ജോലി  കിട്ടി. മങ്കൊമ്പില്‍  നിന്നു കോട്ടയം വരെ  എന്നും   ബസ്സില്‍ യാത്ര  ചെയ്യുന്നത്   ബുദ്ധിമുട്ടായിരുന്നതു കൊണ്ട് കോട്ടയത്തു  തന്നെ  അയാളുടെ  ഒരു കസിനെ വിവാഹം കഴിച്ചു   കൊണ്ടു വന്ന   വീട്ടില്‍    താമസിക്കാനുള്ള സൌകര്യം  ഉണ്ടാക്കി കൊടുത്തു.  
ഞാനാകട്ടെ  കൊല്ലം  ടി കെ  എം.  കോളെജിലെ അദ്ധ്യാപന ജോലി  ഏതാണ്ട് ഒരു വര്‍ഷം  പൂര്‍ത്തിയായപ്പൊള്‍   കോഴിക്കൊട്   റീജിയണല്‍എഞ്ചിനീയറിങ്ങ്  കോളേജില്‍ അദ്ധ്യാപകനായി  ചേരുകയും ചെയ്തു. 1969  ആഗസ്ത്  മാസം അവസാനം ടി.കെ.എമ്മില്‍  നിന്നു  വിട്ടു സെപ്റ്റംബര്‍  മാസം ഒന്നാം തീയതി ആയിരുന്നു  ആര്‍.ഈ.സി.യില്‍  ചേര്‍ന്നത്.

               എനിക്ക്  ചില വിവാഹാലോചനകള്‍

നമ്മുടെ നാട്ടില്‍ എല്ലാ ചെറുപ്പക്കാര്‍ക്കും  പഠനം കഴിഞ്ഞു ജോലി കിട്ടി കഴിഞ്ഞാല്‍ അടുത്ത പടി വിവാഹം ആണല്ലോ. പതിവ് പോലെ എനിക്കും വീട്ടില്‍ വിവാഹാലോചന തുടങ്ങിയെങ്കിലും എനിക്ക് ഉടനെ വിവാഹം കഴിക്കാന്‍ തീരെ താല്പര്യമില്ല എന്ന് ജ്യേഷ്ടനോടും അച്ഛനോടും ഉറപ്പായി പറഞ്ഞിരുന്നു. കാള കളിച്ചു’ നടക്കാനുള്ള താല്പര്യത്തെക്കാള്‍ വിവാഹം ഉപരിപഠനം കഴിഞ്ഞു മതി, പെണ്ണും പ്രാരബ്ധവും ഒക്കെ അതിനു പ്രതിബന്ധമാവും എന്നുള്ള ഭയം ആയിരുന്നു പ്രധാന കാരണം.

എന്റെ ജ്യേഷ്ടന്‍ പ്രൊഫ.ശശിധരന്‍   എഴുതിയ ഒരു ചെറുകഥ സാന്ദര്‍ഭിക വശാല്‍    ഓര്‍മ്മയില്‍ വരുന്നു: ഒരു ട്രെയിന്‍ യാത്രയില്‍ ഒരു അരഭ്രാന്തനെ കണ്ടുമുട്ടി. അയാള്‍ ഘോരഘോരം പ്രസംഗിക്കുകയാണ് . “ ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറിയത്രേ! ഫൂ അയാളൊന്നും കയറിയില്ല.” സഹയാത്രികര്‍ കക്ഷി നിരുപദ്രവിയാണെന്ന് ഉറപ്പായപ്പൊള്‍ പ്രോത്സാഹിപ്പിച്ചു : “ എന്തേ ചേട്ടാ അങ്ങനെ പറയാന്‍ , കാരണം പറയാമോ ? .

അയാള്‍; നിങ്ങള്‍ കേട്ടിട്ടില്ലേ ? സര്‍വജ്ഞപീഠം കയറാന്‍ പല വിദ്വാന്മാരോടും വാദപ്രതിവാദത്തില്‍ ജയിച്ചു അവസാനം ശങ്കരന്‍ ഒരു വിദുഷിയുടെ അടുത്തെത്തി. അവര്‍ ചോദിച്ചു “ നിങ്ങള്‍ എല്ലാം അറിഞ്ഞു എന്നല്ലേ പറയുന്നത് , നിങ്ങള്‍ സ്ത്രീസുഖം അറിഞ്ഞിട്ടുണ്ടോ ?. നിത്യ ബ്രഹ്മചാരിയായ ശങ്കരന്‍ സ്ത്രീ വിഷയത്തില്‍ തികഞ്ഞ അജ്ഞനാണെന്ന് പറയേണ്ടല്ലോ. ശങ്കരന്‍ പറഞ്ഞു : ഇല്ല, അതുമാത്രം എനിക്കറിയില്ല, വിദുഷി : എന്നാല്‍ നിങ്ങള്‍ അതു കൂടി അറിഞ്ഞു വരൂ. പാവം ശങ്കരന്‍ സ്ത്രീ സുഖം എന്തെന്നറിയാന്‍ ഒരു വേശ്യയുടെ അടുത്ത് കൂടി. പിന്നെ നാലഞ്ചു വര്‍ഷം കഥയില്‍ വിരാമം, അഞ്ചാം വര്‍ഷം ശങ്കരന്‍ തന്റെ താളിയോല ഗ്രന്ഥങ്ങളില്‍ അവസാനത്തെതില്‍ ചിലത് കിട്ടിയ വിലയ്ക്ക് ചന്തയില്‍ വിറ്റു തന്റെ മൂന്നാമത്തെ കുട്ടിക്ക് കരപ്പനു മരുന്ന് വാങ്ങാന്‍ പോകുന്നതാണ് കണ്ടത്, അതാണ്‌ ഞാന്‍ പറഞ്ഞത് ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറിയിട്ടില്ല എന്ന്. സംസാരസാഗരത്തില്‍ ആടാനിറങ്ങിയവരെല്ലാം അവിടെ മുങ്ങി മരിച്ചിട്ടേ ഉള്ളൂ, ആരും അവിടെ നിന്ന് രക്ഷപെട്ടിട്ടില്ല" എന്ന്.  ഇതു  ഭ്രാന്തന്‍റെ  ജല്‍പ്പനം എന്നു കരുതിയാല്‍   മതി.  ശങ്കരന്‍ വിദുഷിയുടെ  അടുത്തു  നിന്നു  ജനപഥത്തില്‍  എത്തിയപ്പോള്‍  അവിടത്തെ  യുവാവായ  രാജാവ് പെട്ടെന്ന് തീപ്പെട്ടു  എന്നു കണ്ടു,  പരകായ പ്രവേശം  എന്ന വിദ്യ വശമായിരുന്ന  ശങ്കരന്‍  തന്‍റെ  ശരീരം സുരക്ഷിതമായി   ഒരിടത്ത്  നിക്ഷേപിച്ച ശേഷം യുവരാജാവിന്‍റെ  ശരീരത്തില്‍  പ്രവേശിച്ചു  എന്നും യുവതിയായ  രാജകുമാരിയുമായി രതിസുഖംഅനുഭവിച്ച്  ഏതാനും  ദിവസങ്ങള്‍   കഴിഞ്ഞു  തന്‍റെ  ശരീരത്തില്‍  തിരിച്ചു  പ്രവേശിച്ച് വിദുഷിയുടെ  ചോദ്യങ്ങള്‍ക്ക്തൃപ്തികരമായ  ഉത്തരം  പറഞ്ഞു   സര്‍വജ്പീഠം   കയറി  എന്നത് ചരിത്രം. ചുരുക്കത്തില്‍ വിവാഹം   ഉപരിപഠനത്തിനും മറ്റും  ഒരു   തടസ്സമാകും എന്നായിരുന്നു  എന്‍റെ വിശ്വാസം.

Comments

Popular posts from this blog

1. ആരംഭം

9.താമസിക്കാന്‍ തല്‍ക്കാലം ഒരു ക്വാര്‍ട്ടേറ്സ്

34. നഷ്ടപ്പെട്ടത് കെട്ടുതാലിയോ ജീവിച്ചിരിക്കുന്ന ഞാനോ ?